ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജി വെച്ചു...ഇനി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും; ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജി വെച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.
ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി.
പീഡനപരാതിയില്‍ കുറവിലങ്ങാട് പൊലീസ്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയര്‍ന്നു. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ സമരത്തിനിറങ്ങി. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. ഒടുവില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 ഏപ്രില്‍ 9ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
അതിനുശേഷവും വിചാരണ വൈകിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായി. ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകര്‍പ്പുകള്‍ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്റെ അപക്ഷകള്‍ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹര്‍ജികള്‍. ഇതിനിടെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നല്‍കിയ ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.
https://www.facebook.com/Malayalivartha