എഐ ക്യാമറ സംവിധാനം വിനിയോഗിച്ച സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് എഐ ക്യാമറ സംവിധാനം വിനിയോഗിച്ച സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് ഹൈക്കോടതി. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള നൂതന സംവിധാനമാണ് എ ഐ ക്യാമറയെന്നും പദ്ധതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂവാറ്റുപുഴ സ്വദേശിയും ഭാര്യയും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ ഇളവ് നല്‍കണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണങ്ങള്‍.
പദ്ധതിയ്‌ക്കെതിരെ നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ പ്രത്യേകമായാണ് പരിഗണിക്കപ്പെടേണ്ടതെന്നും കോടതി പരാമര്‍ശിച്ചു. അഴിമതി ആരോപണത്തിന്റെ പേരില്‍ പദ്ധതിയെ നിരുത്സാഹപ്പെടുത്താനാകില്ല. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിമര്‍ശനമുന്നയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം വിവാദമായ എഐ ക്യാമറയുടെ കരാര്‍ത്തുക സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ണായക തീരുമാനമെടുത്തിരുന്നു. എഐ ക്യാമറ പദ്ധതിയില്‍ കരാറുകാര്‍ക്ക് പണം കൈമാറുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. കോടതി ഉത്തരവില്ലാതെയോ കോടതിയെ അറിയിക്കാതെയോ കരാറുകാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാന്‍ പാടില്ല.
പദ്ധതിക്ക് ചെലവായ 232.25 കോടി അഞ്ചു വര്‍ഷംകൊണ്ട് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കണമെന്നാണ് കരാര്‍. പ്രവര്‍ത്തന ചെലവിനത്തില്‍ മൂന്നരക്കോടിയോളവും ക്യാമറകള്‍ സ്ഥാപിച്ച വകയില്‍ എട്ടരക്കോടിയോളവും (മൊത്തം 11.79 കോടി) മൂന്നുമാസത്തിലൊരിക്കല്‍ നല്‍കാമെന്നാണ് വ്യവസ്ഥ. ഇതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























