സമാനതകളേറെ ടൈറ്റാനിക് പോലെ ടൈറ്റന്‍ ദുരന്തവും...

ടൈറ്റാനിക് ദുരന്തംപോലെ നൂറ്റിപ്പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ടൈറ്റന്‍ ദുരന്തവും. ടൈറ്റന്‍ ദുരന്തം സംഭവിച്ചിരിക്കുന്നതാവട്ടെ ടൈറ്റാക് ദുരന്തത്തിന്റെ വാര്‍ഷികവേളയിലും. 2012 ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ രണ്ടാം ദിവസം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോയ ടൈറ്റാനിക് ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലാഴങ്ങളിലേക്ക് പോയ അഞ്ചു പേരും ഇനി മടങ്ങിവരില്ല. ടൈറ്റന്‍ പേടകവും തകര്‍ന്നതായി സാങ്കേതി വിദഗ്ധരെല്ലാം ശരവച്ചിരിക്കുന്നു. കാനഡാ തീരത്തുനിന്ന് 200 കിലോമീറ്റര്‍ മാറി കടലാഴങ്ങളില്‍ അഞ്ചു കിലോമീറ്റര്‍ അടിത്തട്ടിലായാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ദ്രവിച്ചുകൊണ്ടിരിക്കുന്നത്. ഈ കാഴ്ച കാണാനുള്ള അത്യാവേശമാണ് അഞ്ചുപേരെയും എന്നേക്കുമായി ഇല്ലാതാക്കാന്‍ കാരണമായത്.
മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ ടൈറ്റന്‍ പേടകം പൊട്ടിത്തെറിച്ചിരുന്നെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് നാവികസേനയുടെ ശബ്ദ നിരീക്ഷണ സംവിധാനം വഴി ഈ ശബ്ദം പിടിച്ചെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും ഫ്രാന്‍സും ബ്രിട്ടണും കാനഡയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നടത്തിയ തെരച്ചിലില്‍ ടൈറ്റന്റെ പൊട്ടിത്തെറിച്ച അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.
യാത്ര ആരംഭിച്ച് ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ ടൈറ്റനും മാതൃബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ആഴക്കടലിനടിത്തട്ടില്‍ പരിശോധന നടത്താന്‍ കഴിയുന്ന റോബോട്ടും വിദൂര നിയന്ത്രിത വാഹനങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് അര കിലോമീറ്റര്‍ അകലെയാണ് ടൈറ്റാന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.
അമിതമായ ആന്തരിക സമ്മര്‍ദ്ദം മൂലമാണ് ഇത്തരം സ്‌ഫോടനങ്ങള്‍ നടന്നതെന്നാണ് അമേരിക്കന്‍ നാവികസേനാ വിദഗ്ധര്‍ പറയുന്നത്. മുങ്ങിക്കപ്പലിന്റെ കാര്‍ബണ്‍ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടല്‍ വന്നാല്‍ പോലും ഇംപ്ലോഷന്‍ സംഭവിക്കാം. പരിമിതമായ സ്ഥലത്തിനുള്ളിലെ മര്‍ദ്ദം താങ്ങാന്‍ കഴിയാത്തവിധം അധികമാകുമ്പോഴാണ് സ്‌ഫോടനങ്ങളുണ്ടാകുന്നത്.
കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ടാണ് ഏഴു മീറ്റര്‍ നീളമുള്ള ടൈറ്റന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരമാവധി നാലായിരം മീറ്റര്‍ ആഴത്തില്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പര്യടനം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം പൊട്ടിത്തെറിച്ച് അഞ്ചു പേരും ചിതറിപ്പോയതായി സ്ഥിരീകരണം വന്നുകഴിഞ്ഞു.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ടൈറ്റന്റെ ഉടകളായ സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ സ്റ്റോക്ടന്‍ റണ്ട്, ക്യാപ്റ്റന്‍ പോള്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികള്‍ പോയത്.
ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ടൈറ്റാനിക് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിച്ചിരുന്ന ആര്‍എംഎസ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റനേയും ഒടുവില്‍ കാത്തിരുന്നത് ടൈറ്റാനികിന്റെ അതേ ദുരന്ത വിധിതന്നെ.
ജൂണ്‍ 18ന് ടൈറ്റാനിക്കിനെ കാണാന്‍ പുറപ്പെട്ട ടൈറ്റാനെ കാണാതായതോടെ തുടങ്ങിയ അന്വേഷണം ഇതോടെ ഫലപ്രാപ്തി കാണില്ലെന്ന് തീര്‍ച്ചയായി.
അന്തര്‍വാഹിനികളെ കണ്ടെത്താന്‍ അമേരിക്കന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനത്തിലാണ് ആഴക്കടലില്‍ ഉഗ്രശബ്ദം രേഖപ്പെടുത്തിയത്. ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കോ, ഉള്‍വലിഞ്ഞുള്ള സ്‌ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി വ്യക്തമായി. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ പ്രവര്‍ത്തിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും വിശകലത്തില്‍ വ്യക്തമായെന്നും വ്യക്തമായിരുന്നു.
ടൈറ്റനു വേണ്ടി ശബ്ദതരംഗാധിഷ്ഠിതമായ സോണര്‍ ബോയ് സംവിധാനമുപയോഗിച്ച കനേഡിയന്‍ വിമാനം നടത്തിയ തിരച്ചലിലും കടലില്‍ നിന്നുള്ള മുഴക്കം ലഭിച്ചിരുന്നു. വിക്ടര്‍ 6000 റോബട്ട് സമുദ്രോപരിതലത്തില്‍നിന്ന് 4 കിലോമീറ്റര്‍ താഴെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് പേടകം തകര്‍ന്നെന്നും യാത്രക്കാര്‍ മരിച്ചെന്നും സ്ഥിരീകരിച്ചത്.
കനേഡിയന്‍ കപ്പലില്‍ നിന്നിറക്കിയ റോബട്ടും രണ്ടു ദിവസം മുന്‍പ് അടിത്തട്ടിലെത്തിയിരുന്നു. ഇതിനു പുറമേ, ജൂലിയറ്റ് എന്ന സമുദ്രപേടകം കൂടി കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിക്കില്‍ ഇറക്കി. 17000 ചതുരശ്രകിലോമീറ്റര്‍ സമുദ്ര വിസ്തൃതിലായിരുന്നു തിരച്ചില്‍ നടത്തിവന്നിരുന്നത്.
യാത്ര ആരംഭിച്ച് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കടുത്തേക്ക് എത്തുന്നതിനുമുമ്പ് തന്നെ ടൈറ്റാന്‍ പൂര്‍ണമായും തകര്‍ന്നിരിക്കാം എന്നാണ് വിദഗ്ധ വിലയിരുത്തല്‍. കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ പുറംപാളിയും ലാന്‍ഡിങ് ഫ്രെയിമുമെല്ലാം അത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 96 മണിക്കൂര്‍ മാത്രം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന, 22 അടി നീളമുള്ള ടൈറ്റനെ കണ്ടെത്താന്‍ കപ്പലുകളും വിമാനങ്ങളും നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ വലിയൊരു ഭാഗം അരിച്ച് പെറുക്കിയിട്ടും കടലില്‍ നിന്ന് പുറത്ത് വരുന്ന ശബ്ദതരംഗങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നടത്തിയിട്ടും നിരാശയായിരുന്നു ഫലം. ഒടുവില്‍ കൂടുതല്‍ അതിനൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലാണ് ദുരന്തം പുറത്ത് കൊണ്ടുവന്നത്.
അതിനിടെ യാത്രികരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. ടൈറ്റാനിക്കിന് ചുറ്റുമുള്ള ടൈറ്റന്റെ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് കടലിന്റെ അടിത്തട്ടില്‍ റിമോട്ട് ഓപ്പറേറ്റിംഗ് വെഹിക്കിളുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് യു എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. ടൈറ്റാനിക്ക് കപ്പല്‍ അവശിഷ്ടങ്ങള്‍ കിടക്കുന്ന ഭാഗത്തു നിന്ന് ഏകദേശം 1600 അടി അകലെയായിരിക്കും ടൈറ്റന്‍ തകര്‍ന്നത് എന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ കണ്ടെത്തല്‍. സമുദ്രോപരിതലത്തില്‍നിന്ന് 12,500 അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ ഒട്ടേറെ ഭാഗങ്ങള്‍ ബാക്കിയുള്ളത്.
ടൈറ്റാനിക് രണ്ടായി വേര്‍പെട്ടുകിടക്കുന്ന ത്രിഡി ചിത്രങ്ങള്‍ അടുത്തയിടെ പുറത്തുവന്നിരുന്നു. റോബോട്ടുകള്‍ നടത്തിയ തെരച്ചിലില്‍ ടൈറ്റാനിക്കിനുള്ളിലെ കാബിനില്‍ നിന്ന് പാദരക്ഷകളും സ്വര്‍ണമാലയും വരെ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ത്രി ഡി ചിത്രങ്ങള്‍ പുറത്തുവന്നതിന്റെ ആവേശത്തിലാണ് പ്രത്യേക പേടകത്തില്‍ വന്‍തുക മുടക്കി അഞ്ചംഗ് സംഘം ആഴക്കടലിലേക്ക് പുറപ്പെട്ടത്.
ടൈറ്റന്റെ ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും ഇതോടകം കണ്ടെത്തിയിട്ടുണ്ട്. ലോകത്തില്‍ സ്വകാര്യമേഖലയിലുള്ള ഏക സമുദ്രാന്തര്‍ഗവേഷണ പേടകമാണ് ടൈറ്റന്‍. ടൈറ്റന്റെ രൂപകല്പനയുമായി ബന്ധപ്പെട്ട നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഓഷ്യന്‍ഗേറ്റ് വീഴ്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























