കോടതി സംരക്ഷണ ഉത്തരവ് നല്‍കിയതിന്റെ അടുത്ത ദിവസം സ്വത്തിന് വേണ്ടി വര്‍ക്കലയില്‍ വീട്ടമ്മയെ വായില്‍ തുണി തിരുകി ഭര്‍തൃസഹോദരന്മാര്‍ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം .... സഹോദര ഭാര്യ രഹീനയുടെ ജാമ്യ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

കോടതി സംരക്ഷണ ഉത്തരവ് നല്‍കിയതിന്റെ അടുത്ത ദിവസം വര്‍ക്കല അയിരൂരില്‍ സ്വത്തിന് വേണ്ടിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ ഭര്‍തൃസഹോദരന്മാര്‍ വായില്‍ തുണി തിരുകിയ ശേഷം കമ്പിപ്പാര കൊണ്ട് തലക്കടിച്ചും കൈ കാലുകളില്‍ കുത്തിയും ഇരുമ്പുകമ്പി (പട്ട) കൊണ്ടു മര്‍ദ്ദിച്ചും ദാരുണമായി കൊലപ്പെടുത്തിയ അയിരൂര്‍ ലീനാമണി കൊലക്കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു.
നാലാം പ്രതിയായ ഭര്‍തൃ സഹോദരന്റെ ഭാര്യ രഹീനയുടെ ജാമ്യ ഹര്‍ജിയിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുത്തരവ്. പോലീസ് റിപ്പോര്‍ട്ട് ആഗസ്റ്റ് 9 ന് ഹാജരാക്കാന്‍ വര്‍ക്കല ഡിവൈഎസ്പിക്കാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജൂലൈ 17 മുതല്‍ കോടതി രഹീനയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്റില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഭര്‍തൃസഹോദരങ്ങളായ ഷാജി, അബ്ദുള്‍ അഹദ് , മുഹസിന്‍ , നാലാം പ്രതിയും മുഖ്യപ്രതി അഹദിന്റെ ഭാര്യയുമായ രഹീന എന്നിവരാണ് കേസിലെ പ്രതികള്‍.
2023 ജൂലൈ 16 നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. അയിരൂര്‍ കളത്തറ എം.എസ്. വില്ലയില്‍ ലീന മണി (56) ആണ് കൊല ചെയ്യപ്പെട്ടത്. തടയാന്‍ ശ്രമിച്ച ലീനാമണിയുടെ സഹായി സരസമ്മയ്ക്കും പരിക്കേറ്റു.
ബന്ധുക്കളില്‍നിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ജൂലൈ 15 ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവര്‍ വീട്ടിലെത്തി ലീനാമണിയെ ആക്രമിച്ചത്. അക്രമികള്‍ രക്ഷപ്പെട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ജീവന്റെ തുടിപ്പ് ശേഷിച്ചിരുന്നതായി ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ലീനയുടെ വായില്‍ തുണി തിരുകിയ ശേഷം കമ്പിപ്പാരകൊണ്ട് കുത്തിയും തലക്കടിച്ചും ഇരുമ്പ് പട്ട കൊണ്ട് മര്‍ദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ഭര്‍തൃസഹോദരങ്ങളായ ഷാജി, അഹദ്, മുഹസിന്‍ എന്നിവരാണു പ്രതികള്‍. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ലീലാ മണിയുടെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുന്‍പ് മരിച്ചു. അന്നു മുതല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഭര്‍തൃസഹോദരങ്ങള്‍ ശ്രമിക്കുന്നു എന്നു കാണിച്ച് ലീനാ മണി പൊലീസിലും കോടതിയിലും പരാതി നല്‍കി. കോടതി ഇവര്‍ക്കു ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണവും അനുവദിച്ചു. അതിനിടെ ആഹദും കുടുംബവും ലീനാ മണിയുടെ വീട്ടില്‍ താമസത്തിനെത്തി. സ്വത്തിനെ ചൊല്ലി കൊലക്ക് തലേന്ന് രാത്രിയും തര്‍ക്കമുണ്ടായി. ആക്രമണമുണ്ടായതും ലീനാ മണി കൊല്ലപ്പെട്ടതും16 ന് പുലര്‍ച്ചെയാണ്. തുടര്‍ന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്കു മാറ്റി.
2023 ജൂലൈ 23 ന് ഒളിവിലായിരുന്ന മൂന്നാം പ്രതി അബ്ദുള്‍ അഹദും കീഴടങ്ങി: തെളിവെടുപ്പിനിടെ കൂസലില്ലാതെയാണ് പ്രതികള്‍ പ്രതികരിച്ചത്. മര്‍ദ്ദിക്കാനുപയോഗിച്ച ഇരുമ്പ് കമ്പി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച ശേഷമാണ് പ്രതികള്‍ കൃത്യവീട്ടില്‍ നിന്നും ഒളിവില്‍ പോയത്. വെള്ളം വറ്റിച്ച ശേഷം, ടാങ്കിലിറങ്ങി ആയുധം പുറത്തെടുത്ത് പോലീസിന് മുന്നില്‍ ഹാജരാക്കിയത് പ്രതി അബ്ദുള്‍ അഹദ് ആയിരുന്നു.
നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയെ ആണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് രഹീനയെ കേസില്‍ പ്രതിചേര്‍ത്തത്. തുടര്‍ന്ന് 17 ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ലീനാമണിക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഭര്‍തൃസഹോദരന്മാര്‍ ഇരുമ്ബുകമ്ബി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് (ഷൈന്‍) ഒന്നര വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളില്‍ സഹോദരങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടുമാസം മുന്‍പ് സിയാദിന്റെ സഹോദരന്മാരില്‍ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ വീട്ടില്‍ താമസമാക്കിയെന്നാണ് പരാതി. ഇതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും കൊടുത്തിരുന്നു.
സരസമ്മയുടെ പരിക്കുകള്‍ സാരമുള്ളതല്ല. ലീനാമണിയുടെ ശരീരത്തില്‍ ഇരുമ്ബു പട്ട ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകള്‍ ഉള്ളതായും കാലിനാണ് കാര്യമായ പരിക്കേറ്റതെന്നും പോലിസും സ്ഥിരീകരിച്ചു. അതിനിടെ, കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ലീനാമണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വര്‍ക്കല വെട്ടൂര്‍ റാത്തിക്കലുള്ള കുടുംബവീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം താഴെവെട്ടൂര്‍ വലിയ പള്ളിയില്‍ കബറടക്കി.
"
https://www.facebook.com/Malayalivartha
























