അരുണിനെ വീണ്ടും ചോദ്യം ചെയ്യും..അനുഷയുമായി സുഹൃത്ത് ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് അരുൺ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ചില സംശയങ്ങൾ ദൂരീകരിക്കാനാണ് അരുണിനെ വീണ്ടും ചോദ്യം ചെയ്തത്... അനുഷയുമായുള്ള ബന്ധം, കൊലപാതകത്തിന് മുമ്പ് അനുഷ അരുണിനയച്ച മെസേജുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു...

തിരുവല്ല പരുമലയിൽ നഴ്‌സിന്റെ വേഷത്തിൽ എത്തി യുവതിയെ സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആക്രണത്തിനിരയായ യുവതിയുടെ ഭർത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷയാണ് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രസവശേഷം കുഞ്ഞിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ കരിയിലക്കുളങ്ങര അയിരുവിളയിൽ സ്നേഹയെ വെള്ളിയാഴ്ച കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനെയാണ് പുളിക്കീഴ് പൊലീസ് ഇന്ന് വീണ്ടും ചോദ്യംചെയ്തത്.
അരുണിനെ സ്വന്തമാക്കാനാണ് സ്നേഹയെ കൊല്ലാൻ ശ്രമിച്ചതെന്ന് അനുഷ പറഞ്ഞിരുന്നു. അനുഷയുമായി സുഹൃത്ത് ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് അരുൺ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ചില സംശയങ്ങൾ ദൂരീകരിക്കാനാണ് അരുണിനെ വീണ്ടും ചോദ്യം ചെയ്തത്. അനുഷയുമായുള്ള ബന്ധം, കൊലപാതകത്തിന് മുമ്പ് അനുഷ അരുണിനയച്ച മെസേജുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ആദ്യത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ ഇന്നും ആവർത്തിച്ചത്. കേസുമായി ബന്ധപ്പെടുത്തുന്ന യാതൊരു വിവരങ്ങളും ലഭിക്കാത്തതിനാൽ അരുണിനെ വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അനുഷ മാത്രമാണ് നിലവിലുള്ള പ്രതി. ഇവർ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. അനുഷയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. അനുഷയുടെയും അരുണിന്റെയും ഫോണുകൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കോടതിയുടെ അനുമതിയോടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോറൻസിക് ലാബിൽ അയയ്ക്കുമെന്ന് ഡിവൈ.എസ്.പി അഷാദ് പറഞ്ഞു.
https://www.facebook.com/Malayalivartha
























