ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച ഐ എസ് ആര്‍ ഒ ഭ്രമണം ചെയ്യുന്ന ദൂരം കുറച്ചു; ഓഗസ്റ്റ് 9നാണ് ഭ്രമണപഥം ഇനിയും കുറവ് വരുത്തുന്ന നടപടി സ്വീകരിക്കുന്നത്; ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇത് ചെയ്യുന്നത്

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3നെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച ഐ എസ് ആര്‍ ഒ ഭ്രമണം ചെയ്യുന്ന ദൂരം കുറച്ചിരിക്കുകയാണ്. ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി ഒരു ദിവസത്തിന് ശേഷമാണിങ്ങനെ സംഭവിച്ചിരിക്കുന്നത്. ബഹിരാകാശ പേടകം ഇപ്പോള്‍ 170 കി.മീ x 4313 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് അടുത്തിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓഗസ്റ്റ് 9നാണ് അതായത് നാളെയാണ് , ഭ്രമണപഥം ഇനിയും കുറവ് വരുത്തുന്ന നടപടി സ്വീകരിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും നാളെ ഇത് ചെയ്യുന്നത് എന്ന് ഐ എസ് ആര്‍ ഒ വ്യക്തമാക്കി. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. ഐഎസ്ആര്‍ഒ ഇക്കാര്യം അറിയിച്ചിരിക്കുന്നത്, ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ്. ചാന്ദ്രഭ്രമണപഥത്തിലേക്ക് കടക്കുന്നതിനിടയിൽ പേടകം പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്.
ഓഗസ്റ്റ് 17 വരെയുളള ദിവസങ്ങളിലായി മൂന്ന് തവണ കൂടി ഭ്രമണപഥം കുറച്ച് കൊണ്ട് വരുവാനാണ് ഇപ്പോഴത്തെ നീക്കം നടക്കുന്നത്. അത് കഴിഞ്ഞ് ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന പേടക ഭാഗം വേര്‍പെടുമെന്നും അറിയിച്ചിരിക്കുകയാണ്. ഈ മാസം 23 ന് ചന്ദ്രോപരിതലത്തില്‍ മെല്ലെ ഇറങ്ങാനാണ് ശ്രമിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. വേഗം കുറയ്ക്കുന്നത്, പേടകത്തിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ച് കൊണ്ടാണ്. ഓഗസ്റ്റ് 23-ന് വൈകീട്ട് 5.47-ന് ആണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ്.
അന്ന് പേടകത്തെ ഇറക്കാനാകുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ ഇപ്പോഴത്തെ നിഗമനം. സോഫ്റ്റ് ലാന്‍ഡിങ് വിജയിക്കുന്നതോടെ യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ തയ്യാറെടുക്കുകയാണ് .17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനു ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയിരുന്നു . അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍നിന്ന് പുറത്തു കടന്നത്.
https://www.facebook.com/Malayalivartha
























