ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധപദവി പ്രഖ്യാപനം വൈകില്ല..!

വിശുദ്ധ പദവിയിലേക്ക് ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് ഉയര്‍ത്തുമോ ഓര്‍ത്തഡോക്‌സ് സഭ ഉയര്‍ത്തുമോ അതോ ഉമ്മന്‍ ചാണ്ടിയുടെ സഹായം ലഭിച്ചിട്ടുള്ള അഖിലകേരള അയ്യോപാവങ്ങള്‍ ഉയര്‍ത്തുമോ എന്നതാണ് അറിയാനുള്ളത്.
കത്തോലിക്കാ സഭയില്‍ ഒരാളെ വിശുദ്ധനാക്കാനുള്ള നാമകരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ നൂറ്റാണ്ടോ അതില്‍ കൂടുതലോ സമയമെടുക്കും. അത്ര കടമ്പകള്‍ കടക്കണം മാര്‍പ്പാപ്പ ആ പ്രഖ്യാപനം നടത്താന്‍.
ഉമ്മന്‍ ചാണ്ടി അംഗമായ ഓര്‍ത്തഡോക്‌സ് സഭയില്‍ ഇത്തരം കാലതാമസം ഇല്ലെങ്കില്‍ സംഗതി ഒരു പക്ഷെ സംഭവിച്ചേക്കാം. ഓര്‍ത്തഡോക്‌സ് സഭയില്‍ ഈ നടപടികള്‍ പൂര്‍ത്തായാക്കാന്‍ കോട്ടയം ദേവലോകത്തു കഴിഞ്ഞേക്കാം. കാരണം അവിടെയാണല്ലോ ഓര്‍ത്തഡോക്‌സ സഭയുടെ ആസ്ഥാനവും സഭാമേധാവിയും സ്ഥിതിചെയ്യുന്നത്.
എന്തായാലും ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു മെത്രാപ്പോലീത്ത കഴിഞ്ഞയാഴ്ച അങ്കമാലിയില്‍ ഉമ്മന്‍ ചാണ്ടിയെ വിശുദ്ധരുടെ പദവിയില്‍ ഉയര്‍ത്തേണ്ടതാണെന്ന് മുന്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കടുത്ത ശത്രുക്കളും പ്രതിയോഗികളുമായ യാക്കോബായ സഭയ്ക്കിട്ടുള്ള ഒരു കൊടുംപാരയാണോ മെത്രാപ്പോലീത്ത നടത്തിയ മുന്‍കൂര്‍ പ്രഖ്യാപനം എന്നതില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല.
ഞാന്‍ പാപം ചെയ്തിട്ടുണ്ട്, ഉമ്മന്‍ ചാണ്ടിക്ക് അതില്‍ പങ്കുണ്ടായിട്ടില്ല, ഉമ്മന്‍ ചാണ്ടി എനിക്ക് അച്ഛനെപ്പോലെയായിരുന്നു, എന്നെ സിപിഎംകാര്‍ പണം തന്നിട്ട് ആ വൃത്തികേടൊക്കെ പറയിച്ചതാണെന്ന് സോളാര്‍ സരിത മൊഴിയേണ്ട താമസം, ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി വിശ്വാസികള്‍ സ്വയം അംഗീകരിക്കും, പ്രഖ്യാപിക്കും. ഇനി കേരളം കാത്തിരിക്കുന്നത് സരിതയുടെ മാപ്പുപറച്ചില്‍ എന്ന മഹത്തായ ആ ചടങ്ങിനായാണ്.
കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പുകാരും മൂന്നാം ഗ്രൂപ്പുകാരും ഈ നിക്കങ്ങളെ അസൂയയയോടെയാണ് കാണുന്നതെങ്കിലും എ ഗ്രൂപ്പുകാര്‍ അവരുടെ ഗ്രൂപ്പ് ആചാര്യന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതില്‍ ഹൃദയം നിറഞ്ഞ് സന്തോഷിക്കുന്നവരാണ്.
ഉമ്മന്‍ ചാണ്ടി ജീവിതവും പ്രവൃത്തിയുംകൊണ്ട് വിശുദ്ധനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതോടെ ഐ ഗ്രൂപ്പുകാര്‍ക്ക് പിന്നീട് ഒന്നും പറയാനുണ്ടായിരുന്നില്ല. മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കാ ക്ലീമീസ് ബാവ പറഞ്ഞിരിക്കുന്നത് ഓര്‍ത്തഡോക്‌സ്‌കാരനായ ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കണമെങ്കില്‍ കത്തോലിക്കാ സഭയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, ആ നടപടികള്‍ ഓര്‍ത്തഡോക്‌സ് സഭ തന്നെ ചെയ്യേണ്ടതാണെന്നാണ്. നാനാ ജാതിമതസ്ഥരുടെ പ്രാര്‍ഥനാ വേദിയായിരിക്കുന്ന ഈയിടെയായി ഉമ്മന്‍ ചാണ്ടിയുടെ കബറിടം. തിരി തെളിയിക്കല്‍ മാത്രമല്ല വിളക്കുവയ്ക്കലും അവിടെ നടന്നുകഴിഞ്ഞു. പിജെ ജോസഫും പരിവാരങ്ങളും ഈയിടെ സ്ഥലത്തെത്തി ഹാനാന്‍വെള്ളം തളിച്ച് ധൂപക്കുറ്റി വീശി എന്നാണ് ശത്രപക്ഷമായ മാണിക്കാര്‍ ആരോപിക്കുന്നത്.
കോണ്‍ഗ്രസില്‍ എക്കാലത്തും എ ഗ്രൂപ്പിന്റെ ദേശീയ ആസ്ഥാനങ്ങളിലൊന്നായ കോട്ടയത്തെ എ ഗ്രൂപ്പ് ആചാര്യന്‍മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ് തുടങ്ങിയ മാന്യദേഹങ്ങളെല്ലാം സന്തോഷത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധ പരിവേഷം മുതലെടുത്ത് അടുത്ത തവണയും തിരുവഞ്ചൂരിന് കോട്ടയത്ത് മത്സരിക്കാം. ഇരിക്കൂറില്‍ നിന്ന് പുറത്താക്കപ്പെട്ട കെസി ജോസഫിന് കാഞ്ഞിരപ്പള്ളിയിലോ ചങ്ങനാശേരിയിലോ ഒരു സീറ്റ് തരപ്പെടുത്തിയെടുക്കാം എന്നാണ് പ്രതീക്ഷ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ ഈസിയായി അര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ ജയിപ്പിച്ച് മാണി കോണ്‍ഗ്രസുകാരെ ഞെട്ടിക്കാം. മഹാസഹതാപതരംഗത്തില്‍ കോട്ടയം ലോക് സഭാ സീറ്റ് കോണ്‍ഗ്രസിന് നേടിയെടുക്കാം.
മാത്രവുമല്ല കോട്ടയത്ത് സീറ്റിനായി വട്ടമിട്ടുനടക്കുന്ന ജോസി സെബാസ്റ്റിയന്‍, ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ് തുടങ്ങിയ എ വിരുദ്ധ ഗ്രൂപ്പുനേതാക്കളുടെ ഗ്രഹണം കോട്ടയത്തുനിന്ന് എന്നേക്കുമായി ഒഴിവാക്കുകയും ചെയ്യാം.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധ പരിവേഷം ചെറുതല്ലെന്ന് വ്യക്തം. പദയാത്ര പോലെ നാനാ ജാതി മതസ്തരും നാനാ ജാതി കോണ്‍ഗ്രസുകാരും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. പുതുപ്പള്ളി കവലയിലെ തിരിക്കച്ചവടക്കാരും പൂക്കച്ചവടക്കാരും എണ്ണക്കച്ചവടക്കാരുമാണ് ഈ മരണത്തോടെ സാമ്പത്തികമായി നേട്ടമുണ്ടാക്കി വരുന്നത്. എരുമേലിയില്‍ നിന്ന് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് ടൂറിസ്റ്റ് ബസുകള്‍ സ്‌പെഷല്‍ ഓട്ടം പ്രഖ്യാപിച്ചിരിക്കുന്നു.
ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടനകളിലും സ്ഥാപനങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധ പദവി എന്നു നടന്നാലും നടന്നില്ലെങ്കിലും പുതുപ്പള്ളിയില്‍ ഒരു ഉമ്മന്‍ ചാണ്ടി സ്മാരവും പ്രതിമയും പണിയുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക എന്താണ് ഇത്ര താമസം എന്ന ചോദ്യത്തിന് ഉത്തരമില്ല. കോണ്‍ഗ്രസിന് ബഹുനില ജില്ലാ ആസ്ഥാനം പണിയാന്‍ പല തവണ പിരിവെടുത്തതല്ലാതെ ആ പണം പല വായില്‍ പോയതല്ലാതെ ഒരു ആസ്ഥാനം നോട്ടീല്‍ ഒതുങ്ങിയതുമാത്രമാണ് മുന്നനുഭവം.
ആ നിലയില്‍ ഉമ്മന്‍ ചാണ്ടി സ്മാരകത്തിന് പിരിവെടുത്താല്‍ സ്മാരകം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. പുതുപ്പള്ളി കവലയെ ഉമ്മന്‍ ചാണ്ടിക്കവലയെന്നോ ഉമ്മന്‍ ചാണ്ടി നഗര്‍ എന്നോ ബോര്‍ഡ് വച്ച് പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമുള്ളതല്ലെങ്കിലും അങ്ങനെയൊരു പ്രഖ്യാപനം എന്തിനാണ് വൈകിക്കുന്നത്.
സഭയും കോണ്‍ഗ്രസും അനങ്ങിയില്ലെങ്കിലും ആരാധകരും വിശ്വാസികളും ഇതോടകം ഉമ്മന്‍ ചാണ്ടിയെ വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ദിവസം ആയിരം പേരെങ്കിലും ആ കബറിടത്തില്‍ സന്ദര്‍ശകരായി വന്നുകൊണ്ടിരിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഉദ്ദിഷ്ടകാര്യം സാധിച്ചെന്നോ ഉമ്മന്‍ ചാണ്ടിയുടെ മധ്യസ്ഥതയാല്‍ അ്ദഭുതം നടന്നുവെന്നോ ഇതേ വരെ ആരും അവകാശപ്പെട്ടില്ലെങ്കിലും അനേകര്‍ക്ക് ശാന്തിയും സമാധാനവും ഈ പ്രാര്‍ഥനകളിലൂടെ ലഭിക്കുന്നു എന്നതാണ് അനുഭവസാക്ഷ്യങ്ങള്‍. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിന്റെ കയ്യാങ്കളികള്‍ക്കും ശമനമുണ്ടായി എന്നതാണ് ജില്ലാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ടായ വലിയ അദ്ഭൂതം. ജനകീയ വിശുദ്ധന്‍ എന്ന സത്‌പേര് മരണശേഷം കാലവും ലോകവും ഉമ്മന്‍ ചാണ്ടിക്ക് കേരളം ചാര്‍ത്തിക്കൊടുത്തു എന്നതില്‍ സംശയം വേണ്ട.
ജീവിച്ചിരിക്കെ സിപിഎം ഉമ്മന്‍ ചാണ്ടിയോടു ചെയ്തതിനൊക്കെ അതിനു ആസൂത്രകരായിരുന്ന സഖാക്കള്‍ക്ക് ദൈവശിക്ഷയായി കിട്ടും എന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് യാതൊരു സംശയമില്ല. സോളാര്‍ കേസിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയുടെ കസേര മാത്രമല്ല മനവും മാനവും സിപിഎംകാര്‍ തരിപ്പണമാക്കി. അന്നു തിരുവനന്തപുരത്ത് രാത്രി സത്യഗ്രഹം നടത്തി സെക്രട്ടറിയറ്റ് വളപ്പ് വൃത്തികേടാക്കിയവര്‍ക്കും പഴത്തൊലി വാരിവലിച്ചിട്ടിട്ടുപോയവര്‍ക്കും മാത്രമല്ല ബജറ്റ് അവതരണ വേളയില്‍ നിയമസഭയിയ്ക്കുള്ളില്‍ ഉടുമുണ്ട് പൊക്കി മേശയിലൂടെ ഓടിനടന്ന് മൈക്കും സ്പീക്കറുടെ പീഢവും തകര്‍ത്തവര്‍ക്കും കിട്ടും ശിക്ഷ. പാവം പുരുഷ എംഎല്‍എയുടെ കൈ കടിച്ചുപറച്ച വനിത എംഎല്‍എയെയും ദൈവശിക്ഷയില്‍ നിന്ന് ഒഴിവാകില്ല.
പുതുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് മാര്‍ബിള്‍ ഫലകമിട്ട കല്ലറ ഇനിയും പണിതീര്‍ത്തിട്ടില്ല. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരിനൊപ്പം വിശുദ്ധന്‍ എന്നൊരു തിരുവെഴുത്ത് എന്നുണ്ടുമെന്നോ പേരിനൊപ്പം ബാക്കറ്റില്‍ കുഞ്ഞൂഞ്ഞ് എന്നുകൂടിയുണ്ടാകുമോ എന്നതൊന്നും ആര്‍ക്കും വ്യക്തമല്ല. കോണ്‍ഗ്രിലും ക്രൈസ്തവ സഭയിലുമുള്ള കുറെപ്പേര്‍ അദ്ദേഹം വിശുദ്ധനായിരുന്നു എന്ന് ആവര്‍ത്തിക്കുന്നു, ഒട്ടേറെപ്പേര്‍ ഏറ്റുപറയുന്നു, കുറെപ്പേര്‍ വിശ്വസിക്കുന്നു.
അടുത്ത മാസം പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിനുളള വിജഞാപനം വരുന്നതിലേക്ക് സീറ്റഅ മോഹിച്ചിരിക്കുന്ന കുറേപ്പേര്‍ കോട്ടയത്തുണ്ട്. അവരുടെ എല്ലാ മനക്കോട്ടകളെയും തകര്‍ത്തുകൊണ്ട് ചാണ്ടി ഉമ്മന്‍ ഏറെക്കുറെ പിന്‍ഗാമിത്വം ഉറപ്പിച്ചും കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസില്‍ കെ കരുണാകരനോ സിപിഎമ്മില്‍ ഇഎംഎസിനോ നായനാര്‍ക്കോ ലഭിക്കാത്ത താരപദവി ഉമ്മന്‍ ചാണ്ടിക്ക് മരണശേഷം ലഭിച്ചു എന്നതില്‍ ആര്‍ക്കും സംശയമില്ല.
സാക്ഷാല്‍ കെ കരുണാകരനുപോലും ലഭിക്കാത്ത അംഗീകാരത്തിനു നടുവിലാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സ്മരണകള്‍ ജ്വലിക്കുന്നത്. ആ ജ്വാല വിശുദ്ധര്‍ക്കുള്ള മെഴുകുതിരി ജ്വാലയായി എന്നു കത്തിത്തുടങ്ങും എന്നതേ അറിയാനുള്ളു.
https://www.facebook.com/Malayalivartha
























