വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി പരിശോധന ഊര്‍ജിതമാക്കണം ഒറ്റപ്പാലം താലൂക്ക് വികസന സമിതി

സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണത്തിന് മുമ്പ് മിന്നല്‍ പരിശോധന നടത്തണമെന്ന് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ എക്സൈസ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ശ്രീകൃഷ്ണപുരത്ത് സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന പരാതിയില്‍ പത്ത് ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരോട് സബ് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഒറ്റപ്പാലത്ത് അങ്കണവാടിയില്‍ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ചതായുള്ള പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരോട് സബ് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്നും മൈനര്‍ സര്‍ജറികള്‍ നടന്നു വരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി അഹമ്മദ് അഫ്സല്‍ അറിയിച്ചു.
ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിനെ കുറിച്ചുയര്‍ന്ന സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള ആക്ഷേപത്തില്‍ കഴമ്പുണ്ടോയെന്ന് സഹകരണ വകുപ്പ് അന്വേഷിക്കുമെന്നും ഇതിനായി രജിസ്ട്രാറുടെ അനുമതിയോടെ മൂന്ന് പേരടങ്ങുന്ന ടീം രൂപീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഫയലുകളില്‍ ഉടന്‍ പരിശോധന ആരംഭിക്കുമെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. മൃഗസംരക്ഷണം, പോലീസ്, സിവില്‍ സപ്ലൈസ്, വനം വന്യജീവി എന്നിങ്ങനെ ഉള്ള വകുപ്പുകളെ സംബന്ധിക്കുന്ന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഒറ്റപ്പാലം താലൂക്ക് സഭാഹാളില്‍ നടന്ന യോഗത്തില്‍ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി അധ്യക്ഷയായി. ഒറ്റപ്പലം താലൂക്ക് തഹസില്‍ദാര്‍ സി.എം അബ്ദുള്‍ മജീദ്, ലാന്‍ഡ് റിക്കാര്‍ഡ്സ് തഹസില്‍ദാര്‍ സുനു ജോസ്, സ്പെഷല്‍ തഹസില്‍ദാര്‍, ലാന്‍ഡ് ട്രിബ്യൂണല്‍ അബൂബക്കര്‍, ഒറ്റപ്പാലം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സുനീറ മുജീബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























