എംവിഡി ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് പൂട്ടി വിജിലന്‍സ്;ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന,കൈക്കൂലിപ്പണം കണ്ടെടുത്തു,ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും,ഓണം പ്രമാണിച്ച് കൈക്കൂലി വാങ്ങല്‍ തകൃതി

പാലക്കാട് ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ എംവിഡി ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് പൂട്ടി വിജിലന്‍സ്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൂട്ടുവീണത്. ചെക്പോസ്റ്റില്‍ പുലര്‍ച്ചെ നടന്ന വിജിലന്‍സ് പരിശോധനയില്‍ അനധികൃത പണം പിടികൂടി. 16,450 രൂപ പായക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. രണ്ടര മണിക്കൂറിനിടെയാണ് ഈ പണം പിടികൂടിയത്. അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപ മാത്രമാണ്. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷം പുലര്‍ച്ചെ രണ്ടുമണിക്കാണ് പരിശോധന നടന്നത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയതും വിജിലന്‍സ് കണ്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപകമായ തോതില്‍ അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോവിന്ദാപുരം ചെക് പോസ്റ്റിലും പരിശോധന നടത്തിയത്. കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലുമെല്ലാം കണ്ടെത്തി. കഴിഞ്ഞദിവസം വാളയാറിലെ എം.വി.ഡി.യുടെ ചെക് പോസ്റ്റിലും പരിശോധന നടന്നിരുന്നു. കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച രീതിയില്‍ അവിടെനിന്ന് 13,000 രൂപയാണ് പിടിച്ചെടുത്തത്.
കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടിയുറപ്പിച്ചു ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇങ്ങനെ ഒളിപ്പിച്ച കൈക്കൂലി പണം പിടികൂടിയത്. കണ്ടെയ്നറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ നിമിഷനേരം കൊണ്ട് പണം എവിടെ വേണമെങ്കിലും എറിഞ്ഞു പിടിപ്പിക്കാനാണ് ഈ വിദ്യ. ട്രാഫിക് ബോധവല്‍ക്കരണ നോട്ടീസില്‍ അലക്ഷ്യമായി പൊതിഞ്ഞ് എറിഞ്ഞ നിലയിലും പണം കണ്ടെത്തി. പിരിച്ചെടുക്കുന്ന കൈക്കൂലി പണം സൂക്ഷിക്കാന്‍ പല സമയത്തും പല തന്ത്രങ്ങളാണ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പയറ്റുന്നതെന്ന് വിജിലന്‍സ് അറിയിച്ചു. ചെക്പോസ്റ്റില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ കൈമടക്ക് വാങ്ങി കീശവീര്‍പ്പിക്കുന്നവരാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നതിനേക്കാള്‍ കൂടുതല്‍ പണം ഇവരുടെ പോക്കറ്റിലേക്ക് എത്തുന്നുണ്ട്. പലവാഹനങ്ങളും പരിശോധിക്കാതെ പോലും കടത്തി വിടുകയാണ്. കൈക്കൂലി കിട്ടിയാല്‍ വാഹനത്തില്‍ എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയണ്ട. കൈക്കൂലിയായ് മീന്‍,പച്ചക്കറി പോലും വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ട്. ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡിന് വന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ കാട്ടിലൂടെ ഇറങ്ങി ഓടിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























