നിറകണ്ണോടെ സിനിമാലോകം... ചെയ്ത സിനിമകളെല്ലാം വമ്പന്‍ ഹിറ്റാക്കി മാറ്റിയ സിദ്ധിഖിന് വിട; മലയാളത്തില്‍ ഒതുങ്ങാത്ത ഹിറ്റുകളുടെ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ചിരിപ്പിച്ച്, ചിരിപ്പിച്ച്, കണ്ണീരോര്‍മ്മയായി സിദ്ദിഖ്

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ് തുടങ്ങി മലയാളികള്‍ ഇന്നും കണ്ട് ചിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മലയാളത്തിന്റെ കോമഡി സിനിമകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിദ്ദിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്‌മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ലാല്‍, റഹ്‌മാന്‍ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്.
തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാല്‍ കോമ്പോ മോഹന്‍ലാല്‍ ചിത്രമായ 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹന്‍ലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍ നഗറും' ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായ 'ഗോഡ് ഫാദറും' പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 'വിയറ്റ്‌നാം കോളനി', 'കാബൂളിവാല' എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.
സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ 'ഹിറ്റ്‌ലര്‍' ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ 'ഫ്രണ്ട്‌സ്' സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. 'ഫുക്രി', 'ബിഗ് ബ്രദര്‍' എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.
സിദ്ദിഖ് നിരവധിടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. 'മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി'ന്റെ ജഡ്ജ് ആയിരുന്നു. 'കോമഡി സ്റ്റാര്‍ സീസണ്‍ 2' ഷോയിലും ജഡ്ജായെത്തി. 'സിനിമാ ചിരിമ' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായിരുന്നു. മലയാളത്തിന്റെ പുതു മിമിക്രി സിനിമാ താരങ്ങള്‍ക്ക് സിദ്ദിഖ് എന്നും പ്രോത്സാഹനവുമായി എത്താറുണ്ട്.
തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തില്‍ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്‌കരിച്ചു. മറുനാട്ടിലെ താരങ്ങള്‍ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. സല്‍മാന്‍ഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി.
ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്‌സ്. സിനിമ തമിഴിലെത്തിയപ്പോള്‍ താരങ്ങള്‍ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയില്‍ ഹിറ്റ് തീര്‍ത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലര്‍ പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തമിഴിലെത്തിയപ്പോള്‍ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി.
ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പര്‍ ഹിറ്റായ ബോര്‍ഡി ഗാര്‍ഡ് തമിഴില്‍ കാവലനായി, വിജയും അസിനും തമിഴില്‍ തകര്‍ത്താടി. തമിഴില്‍ ഒതുങ്ങിയില്ല സിദ്ദിഖിന്റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്റെ സംവിധാനത്തില്‍ ബോഡിഗാര്‍ഡ് ബോളീവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങള്‍ക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്തുമായിരുന്ന സിദ്ദിഖിന്റെ പരീക്ഷണങ്ങള്‍.
"
https://www.facebook.com/Malayalivartha
























