നഷ്ടങ്ങളുടെ വര്‍ഷം... സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും; അന്ത്യാപചാരം അര്‍പ്പിച്ച് പ്രിയപ്പെട്ടവര്‍; വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകളുടെ വേദന പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും; ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സാധാരണ മനുഷ്യനായി ജീവിച്ചു

സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും.
തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക. ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്‌മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‌മാന്‍ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ സന്ദര്‍ശിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും.
സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. 'വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍... അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 9.10നാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 69 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹം എക്‌മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍, ശ്വാസ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‌മാന്‍ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാല്‍ കോമ്പോ മോഹന്‍ലാല്‍ ചിത്രമായ 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹന്‍ലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍ നഗറും' ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായ 'ഗോഡ് ഫാദറും' പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 'വിയറ്റ്‌നാം കോളനി', 'കാബൂളിവാല' എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.
സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ 'ഹിറ്റ്‌ലെര്‍' ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ 'ഫ്രണ്ട്‌സ്' സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി.
വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകന്‍ സിദ്ദിഖ് എന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരുന്നു. സിദ്ദിഖ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാന ചിത്രമായ ബിഗ് ബ്രദറില്‍ വരെ അഭിനയിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാല്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























