മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്....നെഹ്‌റുവിന്റെ കാലം മുതലത് തുടങ്ങിയതാണ്; അതിപ്പോ രാഹുലിലും പ്രിയങ്കയിലും എത്തി നില്‍ക്കുന്നു....എന്നാല്‍ അപ്പന്റെ പൈതൃകത്തിനപ്പുറം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് ചാണ്ടി ഉമ്മന്‍....ഭാരത് ജോഡോ യാത്രയില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പില്ലാതെ നടന്ന യുവ നേതാവ്...

മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. നെഹ്‌റുവിന്റെ കാലം മുതലത് തുടങ്ങിയതാണ്. അതിപ്പോ രാഹുലിലും പ്രിയങ്കയിലും എത്തി നില്‍ക്കുന്നു. എന്നാല്‍ അപ്പന്റെ പൈതൃകത്തിനപ്പുറം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് ചാണ്ടി ഉമ്മന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറി, എന്‍.എസ്.യു ദേശീയ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരിക്കല്‍ പോലും മകനെ ഒരു താക്കോല്‍സ്ഥാനത്തും എത്തിച്ചില്ല. അത് അപ്പ തയ്യാറായില്ലെന്ന് ചാണ്ടി ഉമ്മന്‍ തന്നെ പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പില്ലാതെ നടന്ന യുവനേതാവാണ് ചാണ്ടി ഉമ്മന്‍. അങ്ങനെയുള്ള ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലി സി.പി.എം നേതാവ് അഡ്വ. കെ.അനില്‍കുമാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ അടിയല്ലാത്തതെല്ലാം നടത്തി.
മാതൃഭൂമി സൂപ്പര്‍പ്രൈംടൈമില്‍ അവതാരകനായ അഭിലാഷ് മോഹന്‍ ഇരുവരെയും നന്നായി പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്ക് ഇടപെടുകയും ചെയ്തു. മാര്‍ക്‌സിസവും ലെനിനിസവും താഴെ വെച്ച് ബൈബിള്‍ വചനങ്ങളുമായാണ് അഡ്വ കെ. അനില്‍കുമാര്‍ ചര്‍ച്ചിക്കാനെത്തിയത് എന്നതും ശ്രദ്ധേയമായി. ' അവരുടെ വചനങ്ങളല്ല, ഞങ്ങളുടെ പ്രവര്‍ത്തിയിലാണ് വിശ്വാസം' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഗതികേട് കൊണ്ട് സഹതാപതരംഗം സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 600 രൂപയായിരുന്ന ക്ഷേമപെന്‍ന്‍ പിണറായി വിജയന്റെ കാലത്ത് 1800 രൂപയായെന്നും വികസനം പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും പറഞ്ഞു. ഉമ്മന്‍ചാണ്ടി 53 കൊല്ലം എം.എല്‍.എയായിട്ടും പുതുപ്പള്ളിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. പാമ്പാടി താലൂക്കാശുപത്രി മെച്ചപ്പെടുത്തിയത് പിണറായി സര്‍ക്കാരാണ്. മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചത് എ.കെ ബാലന്‍ മന്ത്രിയായിരുന്നപ്പോഴാണ്.
ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വിത്തെടുത്ത് കുത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.അതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കട്ടക്കലിപ്പിലായി. ചാണ്ടി ഉമ്മന്‍ കുടുംബക്വാട്ടയാണെന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നെങ്കില്‍ മന്ത്രി മുഹമ്മദ് റിയാസ് ഡൗറി ക്വാട്ടയാണോ? ചവറ എം.എല്‍.എ വിജയന്‍ പിള്ള മരിച്ചപ്പോള്‍ മകന്‍ സുജിതിനെയും തോമസ് ചാണ്ടിക്ക് പകരം തോമസ് കെ. തോമസിനെയും മത്സരിപ്പിച്ചത് എന്ത് ക്വാട്ടയിലാണ്. സി.പി.എമ്മിന് കുത്താന്‍ വിത്തില്ലാത്തതിനാല്‍ ഇപ്പോള്‍ ബഡ്ഡിംഗ് ആണല്ലോ നടത്തുന്നതെന്നും രാഹുല്‍ തിരിച്ചടിച്ചു. അതോടെ അങ്ങനെ വല്യ വര്‍ത്തമാനമൊന്നും പറയണ്ടെന്ന് പറഞ്ഞ് അനില്‍കുമാര്‍ ചാടി വീണു. പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും സി.പി.എമ്മാണ് ഭരിക്കുന്നത്. കഴിഞ്ഞ തവണ ജെയ്ക് മത്സരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. കാരണം നല്ല റോഡ് പോലും മണ്ഡലത്തിലില്ലെന്നും ആരോപിച്ചു. റോഡുകള്‍ മോശമാണെങ്കില്‍ അത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ കഴിവുകേടാണ്.
ദേശീയ പാത ഉള്‍പ്പെടെ നല്ല റോഡുകളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന മന്ത്രിയാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം. റിയാസിന്റെ മുഖത്ത് നോക്കി ഇക്കാര്യം പറയാന്‍ അനില്‍കുമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ക്ക് കഴിയുമോ? നിങ്ങളെല്ലാം റിയാസിന്റെ മുന്നില്‍ തൊഴുകൈയ്യോടെ നില്‍ക്കുകയല്ലേ... എന്നും രാഹുല്‍ പരിഹസിച്ചു.അതേസമയം ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ ശക്തനാണ് മരിച്ച ഉമ്മന്‍ചാണ്ടിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എ. സജീവന്‍ മനോരമ ന്യൂസ് എന്‍കൗണ്ടറില്‍ വ്യക്തമാക്കി. സഹതാപതരംഗം പുതുപ്പള്ളിയില്‍ വലിയ ഘടകമാകും. അതുകൊണ്ട് ചാണ്ടി ഉമ്മന് പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസിനറിയാം. ജി. കാര്‍ത്തികേയന്‍ മരിച്ച ശേഷം അരുവിക്കരയിലത് കണ്ടതാണ്. എന്നാല്‍ പിന്നീട് ശബരീനാഥന്‍ അവിടെ പരാജയപ്പെട്ടു. പി.ടി ചാക്കോ മരിച്ച് കഴിഞ്ഞ് ഭാര്യ ഉമ തോമസും സഹതാപതരംഗത്തില്‍ തൃക്കാക്കരയില്‍ വലിയ വിജയം സമ്മാനിച്ചു.
അടുത്ത തവണ എന്താകുമെന്ന് പറയാനൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന കാലത്ത് സി.പി.എം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിക കഥകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാതൃഭൂമിയില്‍ ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി മരിച്ച ശേഷവും അദ്ദേഹത്തിന്റെ കല്ലറ കാണാനെത്തുന്നവരെ കുറിച്ചും പറഞ്ഞു. അതിനെയും അനില്‍കുമാര്‍ പരിഹസിച്ചു. സോളാര്‍ ആരോപണം ആദ്യം ഉന്നയിച്ച മല്ലേലില്‍ ശ്രീധരന്‍ നായര്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടം കാണാന്‍ വരട്ടെ, മെഴുകുതിരി കത്തിക്കട്ടെ, പ്രാര്‍ത്ഥിച്ചാല്‍ അദ്ദേഹത്തിന് കിട്ടാനുള്ള രണ്ട് കോടി കിട്ടുമെങ്കില്‍ സന്തോഷം എന്ന് പറഞ്ഞു. അതോടെ രാഹുല്‍ ഇടയ്ക്ക് കയറി, നിങ്ങള്‍ മല്ലേരിയെയോ സരിതയെയോ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറഞ്ഞു. പിണറായി വിജയന്‍ ഏഴ് കൊല്ലമായല്ലോ സോളാര്‍ കേസ് അട്ടത്ത് വെച്ചിട്ട്. എന്നിട്ട് എന്തെങ്കിലും നടന്നോ. നിങ്ങള്‍ പുതുപ്പള്ളിയിലെന്തൊക്കെയോ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പറഞ്ഞല്ലോ എന്നിട്ടെന്താ അവിടുത്തെ ജനം നിങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത്. അതിനുള്ള മറുപടികൂടി പറയണം- രാഹുല്‍ ശബ്ദം ഉയര്‍ത്തി ചോദിച്ചു.
ഇതിനിടെ ഒരു ബ്രേക്കിംഗ് ന്യൂസ് ഒപ്പിക്കാനായി നൈസായിട്ട് അഭിലാഷ് മോഹനും നോക്കി. ശ്രീ അനില്‍കുമാര്‍ മല്ലേരി ശ്രീധരന്‍ നായര്‍ക്ക് രണ്ട് കോടി കൊടുക്കാനുള്ളത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രചരണ വിജയമാക്കുമോന്ന് ചോദിച്ചു. അതിന് മറുപടിയായി ഞങ്ങള്‍ ഉമ്മന്‍ചാണ്ടിയെ അപമാനിച്ചിട്ടില്ലെന്നും വി.ഡി സതീശനും കെ.മുരളീധരനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കാമെന്ന് അനില്‍കുമാര്‍ പറഞ്ഞു. രാഹുലിന്റെയും അനില്‍കുമാറിന്റെയും തീ പാറുന്ന വാചകക്കസര്‍ത്തുകള്‍ക്കിടെ ബി.ജെ.പി നേതാവ് ജയസൂര്യന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തരംഗം ഇപ്പോഴും ശക്തമാണ്. അതിനെ മറികടക്കുക സി.പി.എമ്മിന് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് യോദ്ധ സിനിമയില്‍ ജഗതിയുടെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ മോഹന്‍ലാലിന്റെ അശോകനെ പല മത്സരങ്ങളിലും തോല്‍പ്പിക്കുമെന്ന് മുറപ്പെണ്ണായ ഉര്‍വശിയോട് വീമ്പിളക്കുമ്പോള്‍ അവള്‍ പറയുന്നൊരു ഡയലോഗുണ്ട് ' ചുമ്മാതങ്ങ് ചെന്ന് തോറ്റുകൊടുത്താപ്പോരേ...' സി.പി.എമ്മിപ്പോള്‍ ഏതാണ്ട് അപ്പുക്കുട്ടന്റെ അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha

























