ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സാബുവിന് ഗുരുതരമായി പൊള്ളലേറ്റു; കോട്ടയം വാകത്താനത്ത് കാർ കത്തി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; മരിച്ചത് മുണ്ടക്കയത്ത് നിന്നും വാകത്താനത്ത് എത്തി താമസിച്ചിരുന്നയാൾ

കോട്ടയം വാകത്താനത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശിയും മൂന്നു വർഷത്തോളമായി വാകത്താനത്ത് താമസിക്കുന്ന ആളുമായ വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സാബൂ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയോടെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് പൊങ്ങന്താനം റോഡിൽ പിആർഡിഎസ് മന്ദിരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സാബുവിന് ഗുരുതരമായി പൊള്ളലേറ്റത്. .ഇദ്ദേഹം സഞ്ചരിച്ച ഐടെൻ കാറിനാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ നാട്ടുകാരുടെ സഹായത്തോടെ വളരെ ശ്രമഫലമായി പുറത്തെടുക്കുകയായിരുന്നു. 80.% ത്തോളം പൊള്ളൽ ഏറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാകത്താനം പൊലീസ് സ്റ്റേഷനിലെ പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ തോമസ് ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവർ ഉടൻ തന്നെ എത്തി. അപകടത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് കാറിലെ തീ അണച്ചത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
https://www.facebook.com/Malayalivartha

























