ആലപ്പുഴയില്‍ പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ മകന്‍ പോലീസ് പിടിയില്‍....

ആലപ്പുഴയില്‍ പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ മകന്‍ പോലീസ് പിടിയിലായി. കാളാത്ത് തടിക്കല്‍ നിഖിലിനെയാണ് (24) ആലപ്പുഴ നോര്‍ത്ത് പോലീസ് ബംഗളൂരില്‍ നിന്നും പിടികൂടിയത്. ആലപ്പുഴ കാളാത്ത് തടിക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ്‌കുമാര്‍ (55) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം നിഖില്‍ രക്ഷപ്പെടുകയായിരുന്നു. പണമിടപാടിനെച്ചൊല്ലിയുള്ള ബഹളത്തിനിടടെ നിഖിലിന്റെ അടിയേറ്റ് സുരേഷ്‌കുമാര്‍ മരിച്ചതാണെന്നാണ് പോലീസ് നിഗമനത്തിലുള്ളത്.
അച്ഛനും മകനും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിന്റെ മാതാവ് മിനിമോള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ടായിരുന്നു. വീടിന്റെ ചവിട്ടുപടിയില്‍ വീണതിനെത്തുടര്‍ന്നു കാലില്‍ പ്ലാസ്റ്ററിട്ട് കിടപ്പിലായതിനാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ മിനിമോള്‍ക്ക് ഇടപെടാനായില്ല.
ബുധനാഴ്ച രാവിലെ ഏഴരയായിട്ടും ഭര്‍ത്താവ് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ ചെന്നു നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.തുടര്‍ന്നു ബഹളം വച്ച് അയല്‍വാസികളെ വരുത്തുകയായിരുന്നു. ഈ മാസം 28 ന് നിഖിലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ ആവശ്യത്തിനായി കരുതിയ പണം എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന സൂചനകള്‍.
https://www.facebook.com/Malayalivartha


























