ജെയ്ക്ക് പുതുപ്പള്ളി സ്വപ്നം കാണേണ്ട..! തെരഞ്ഞടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ഓണത്തിന് ശേഷം ഖജനാവ് പൂട്ടുമെന്ന് ധനമന്ത്രിയുടെ പത്രസമ്മേളനം, സപ്ലെകോയിൽ സാധനങ്ങൾ ഇല്ലാത്തതിന് കാരണവും സാമ്പത്തിക പ്രതിസന്ധിയെന്ന് പറയാതെ പറഞ്ഞ് ഭക്ഷ്യമന്ത്രി, തെരഞ്ഞടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പടിക്കൽകൊണ്ട് കലമുടച്ച് മന്ത്രിമാർ....

പിണറായി സർക്കാരിലെ മന്ത്രിമാർ ഇടതു മുന്നണിയെ പുതുപ്പള്ളിയിൽ തോൽപ്പിക്കാൻ ശ്രമിക്കുകയാണോ? വൈദ്യുതി ചാർജ് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പ്രഖ്യാപിച്ചു. മൊത്തം സർക്കാർ വിരുദ്ധ തരംഗം ആളിക്കത്തിക്കുകയാണ് മന്ത്രിമാർ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും സന്ദർശിച്ച് ഓണത്തിന് ശേഷം ഖജനാവ് പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്. മുന്നോട്ടു പോകാനാവാത്ത വിധം സംസ്ഥാനം പ്രതിസന്ധിയിലാണെന്നാണ് വിശദീകരണം.
എം.വി.ഗോവിന്ദനും പിണറായിയും അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.ഇതിനെ തുടർന്നാണ് ധനമന്ത്രി പത്ര സമ്മേളനം നടത്തിയതെന്നാണ് മനസിലാക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ബാലഗോപാലിന് മുന്നിൽ കൈ മലർത്തി. സത്യം പറഞ്ഞ മന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാർട്ടി. ഉള്ളതു പറഞ്ഞാൽ നോവും എന്നതാണ് അവസ്ഥ.
സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു. ഓണകിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെങ്കില്ലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്.
സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി വിമർശിച്ചു. കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നം ഉണ്ടെന്നും തുറന്ന് പറയുകയാണ് ധനമന്ത്രി. നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന അരോപണവുമായി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു.
നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണെന്നും എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാൻറ് ഇനത്തിൽ 10000 കോടിയുടെ കുറവ് ഉണ്ടായെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ മുമ്പും രംഗത്ത് എത്തിയിരുന്നു.. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനമെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാൻറുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാൻറ് ഇനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്‍ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകാറുണ്ട്.
32,440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി പക്ഷേ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വർഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സർക്കാരിന്റെ ഈ കടും വെട്ട് എന്നാണ് ബാലഗോപാൽ പറയുന്നത്.
പുതുപള്ളി തെരഞ്ഞടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ധനമന്ത്രി പത്ര സമ്മേളനം നടത്തിയത് പാർട്ടി സെക്രട്ടറിക്ക് ഇഷ്ടമായില്ലെന്ന് ഉന്നത സി പി എം നേതാക്കൾ പറഞ്ഞു. ഇത്തരം വാർത്താ സമ്മേളനങ്ങൾ നടത്തേണ്ട സമയം അല്ല ഇത്. സർക്കാരിൽ നടക്കുന്നത് ധൂർത്താണെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് ഇത്തരം ആക്ഷേപങ്ങൾ മന്ത്രി തന്നെ നടത്തുന്നത്.
മുമ്പും മന്ത്രി ഇത്തരം കാര്യങ്ങൾ പരസ്യമാക്കിയിട്ടുണ്ട് .സർക്കാരിൻ്റെ ഉന്നത തലങ്ങളിൽ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളാണ് മന്ത്രി പറഞ്ഞത്. ഇതിൽ പാർട്ടിക്ക് പ്രതിഷേധമുണ്ട്. എന്നാൽ സത്യം പറഞ്ഞേ തീരു എന്ന നിലപാടാണ് ബാലഗോപാലിനുള്ളത്..
സപ്ലെകോയിൽ സാധനങ്ങൾ ഇല്ലാത്തതിന് കാരണവും സാമ്പത്തിക പ്രതിസന്ധിയാണ്. ഇക്കാര്യം ഭക്ഷ്യമന്ത്രി തുറന്ന് പറയുന്നില്ലെന്നേയുള്ളു.
ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിൽ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. 20 ഓളം പേർ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇതിനിടയിലാണ് അദ്ദേഹം പീപ്പിൾസ് ബസാറിൽ കയറിയത്.
അതിരാവിലെ മുതൽ സാധനം വാങ്ങാൻ ആളുകൾ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കട തുറക്കാൻ വൈകിയതിൽ ജീവനക്കാരോട് മന്ത്രി കുപിതനായി. ഓണമായിട്ടും നേരത്തെ കട തുറന്നുകൂടേയെന്ന് ജീവനക്കാരോട് മന്ത്രി ചോദിച്ചു. അതേസമയം സബ്സിഡി സാധനങ്ങളിൽ ചിലത് സപ്ലൈകോ ഔട്ട്ലെറ്റിൽ ഇല്ലെന്നും വിവരമുണ്ട്. എന്നാൽ സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.തിരുവനന്തപുരത്ത് ഓണം ഫെയർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ളത് ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ്.സപ്ലൈകോ ജനോപകാരപ്രദമായി പ്രവർത്തിക്കുന്നു.എന്നാൽ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യം.ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണ് .അതിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു.അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു.അതിൻറെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് വരുത്തിത്തീർക്കുന്നത്.അപൂർവ ഘട്ടങ്ങളിൽ ചില സാധനങ്ങൾ ചിലയിടങ്ങളിൽ കിട്ടാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു
എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്, എൽഡിഎഫിന് ഇത്തരം കാര്യങ്ങളിൽ പ്രതിജഞാബദ്ധമായ നിലപാടുണ്ട്.ഈ നിലയിലേക്ക് സപ്ലൈകോയെ ഉയർത്താൻ സർക്കാരിനായി.കൂടുതൽ ആളുകളെ സപ്ലൈകോയിലേക്ക് ആകർഷിക്കാനായി.സാധാരണ ജനങ്ങൾ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു.ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സർക്കാരിൻറെ ശ്രമം.ഓണ ഫെയറുകളിൽ ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.250 കോടി രൂപയുടെ ആവശ്യസാധങ്ങൾ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്.ഓണം നല്ലരീതിയിൽ ആഘോഷിക്കാൻ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ പല ഔട്ട് ലെറ്റുകളിലും സാധനങ്ങളില്ല.
മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാസപ്പടിയും മറ്റുമായി ജീവിക്കുമ്പോൾ സർക്കാർ ഈ ഓണക്കാലത്ത് സാധാരണജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഓണക്കാലത്ത് 2000 കോടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ പണം കടം വാങ്ങുകയല്ലാതെ സർക്കാർ എന്താണു ചെയ്യുന്നത്?
സപ്ലൈകോ സ്റ്റോറുകളിൽ എല്ലാ സാധനങ്ങളും സുലഭമാണെന്ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോയുടെ മുന്നിലെത്തിയപ്പോൾ തടിച്ചുകൂടിയ ആൾക്കൂട്ടത്തെയാണു കണ്ടത്. സപ്ലൈക്കോ തുറക്കാൻ ജീവനക്കാർ എത്താറില്ലെന്ന് ജനങ്ങൾ പരാതി പറഞ്ഞു. സപ്ലൈക്കോ തുറന്നാലും സാധനങ്ങളില്ലാത്തതിനാൽ ഒരു കാര്യവുമില്ലെന്ന് ജീവനക്കാർ കരുതിക്കാണും. ഈ സംഭവത്തിൽ എന്ത് ഉത്തരമാണ് ജനങ്ങളോട് മന്ത്രിക്കു പറയാനുള്ളതെന്നും രമേശ് ചോദിച്ചു.
.ധനവകുപ്പ് പണം തരാത്തതിനാലാണ് സാധനങ്ങൾ വാങ്ങാത്തതെങ്കിൽ അക്കാര്യം ജനങ്ങളോട് തുറന്നുപറയാൻ മന്ത്രി തയാറാവണം. ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തിന് സാധാരണജനങ്ങളെ ഇരകളാക്കരുത്. സപ്ലൈക്കോയിൽ ഉണ്ടെന്ന് നിയമസഭയിൽ അവകാശപ്പെട്ട 13 ഇനം സാധനങ്ങളെങ്കിലും ഈ ഓണക്കാലത്ത് ലഭ്യമാണെന്ന് ഉറപ്പാക്കാൻ കഴിയാത്ത മന്ത്രി രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും എം.ടി.രമേശ് പറഞ്ഞു.
ഓണകാലത്ത് അവശ്യസാധനങ്ങളുടെ രൂക്ഷ വിലക്കയറ്റത്തിനും സപ്ലൈകോ സ്തംഭനത്തിനുമെതിരെ ബിജെപി ജില്ലാക്കമ്മിറ്റി മുതലക്കുളത്തെ കൺസ്യൂമർ ഫെഡ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ ‘പട്ടിണിക്കഞ്ഞി’ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.ബാലഗോപാലിനെതിരെ തിരിഞ്ഞിരിക്കുകയാണ് മന്ത്രിമാർ.ബാലഗോപാലിൻ്റെ ഭാഗത്ത് നിന്ന് ഒരു സഹകരണവും ലഭിക്കുന്നില്ലെന്ന് മന്ത്രിമാർ പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. മുഖ്യമന്ത്രി പറഞ്ഞാൽ പോലും ബാലഗോപാൽ കേൾക്കുന്നില്ലെന്നാണ് പരാതി. ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് മന്ത്രി അനുസരിക്കുന്നത്.
മുഖ്യമന്ത്രി നൽകുന്ന നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥരുടെ പരിഗണനക്ക് വിടുന്നു.അവർ സാധ്യമല്ലെന്ന് പറഞ്ഞാൽ മന്ത്രി അതിന് താഴെ ഒപ്പുവയ്ക്കും. മന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനമില്ല. എന്നാൽ സർക്കാർ അതീവ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും സഹകരിക്കുന്നില്ലെന്നാണ് ധനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ബാലഗോപാലിൻ്റെ കർശന നിലപാട് കാരണം പാർട്ടിക്ക് ഫണ്ട് പോലും കിട്ടുന്നില്ല.
പുതുപ്പള്ളി ഇലക്ഷനിടയിൽ മന്ത്രി കൃഷ്ണൻകുട്ടി കറൻറ് ചാർജ് കൂട്ടുമെന്ന് പ്രഖ്യാപിച്ചത് വലിയ വാർത്തയായി. മന്ത്രിമാർ ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നാണ് പാർട്ടി സെക്രട്ടറിയുടെ സംശയം. എന്നാൽ മന്ത്രിമാരെല്ലാം അവരുടെ വഴിക്ക് സ്വതന്ത്രമായാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഘടകകക്ഷി മന്ത്രിമാർ അവരുടെ രീതിക്ക്
സഞ്ചരിക്കുന്നു. ഏതായാലും പുതുപ്പള്ളിയിൽ ഇടതു മുന്നണി തോൽക്കണമെന്ന് സി പി എം മന്ത്രിമാർ കൂടി ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഇല്ലെങ്കിൽ കൃഷ്ണൻകുട്ടിയെയും ബാലഗോപാലിനെയും പോലുള്ള പരിണിതപ്രജ്ഞർ സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിക്കുമോ? കാരണം പിണറായിയെ മന്ത്രിമാർക്ക് പോലും മടുത്തു.
https://www.facebook.com/Malayalivartha


























