പത്തനാപുരം എംഎൽഎ രണ്ടും കൽപ്പിച്ചുള്ള നീക്കത്തിലാണ്...., മുന്നണിയിലെ നേതാക്കളെ തന്നെ വിമർശിക്കുന്ന, ഗണേശിന് മന്ത്രിസ്ഥാനം കൊടുക്കാൻ പിണറായി തയ്യാറാകുമോ...? ഗണേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്..... ഇപ്പോഴുള്ള യുഡിഎഫ് നേതാക്കൾക്ക് ഗണേശിനോട് വലിയ എതിർപ്പില്ല....ഈ സാഹചര്യത്തിൽ മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.....

പത്തനാപുരം എംഎൽഎ രണ്ടും കൽപ്പിച്ചുള്ള നീക്കത്തിലാണ്. പ്രതിപക്ഷത്തെ നേതാക്കളേക്കാൾ ഭംഗിയായി കുറിക്കു കൊള്ളുന്ന വാക്കുകളുമായാണ് ഗണേശ് മന്ത്രിമാർക്കതെിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി പിണറാിയ വിജയന്റെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ഗണേശ് വിമർശിച്ചു. ഇതോടെ ഗണേശിന്റെ നീക്കങ്ങളെ കുറിച്ച് മുന്നണിക്കുള്ളിൽ തന്നെ ചർച്ചയാകുകയാണ്. മുൻധാരണ അനുസരിച്ചാണെങ്കിൽ നവംബർ മാസത്തിൽ ഗണേശിന് മന്ത്രിസ്ഥാനം നൽകണം. എന്നാൽ, മുന്നണിയിലെ നേതാക്കളെ തന്നെ വിമർശിക്കുന്ന ഗണേശിന് മന്ത്രിസ്ഥാനം കൊടുക്കാൻ പിണറായി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗണേശിന്റെ വാക്കുകളിൽ ഇടതു മുന്നണി നേതാക്കൾക്ക് തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ.എൽ.ഡി.എഫ് മന്ത്രിമാർക്കെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ നടത്തുന്ന പരസ്യ വിമർശനങ്ങളിൽ മുന്നണിക്കുള്ളിൽ കടുത്ത അമർഷം.
ഇടതുപക്ഷത്തു നിൽക്കുകയും യു.ഡി.എഫിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ഗണേഷ് കുമാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് പ്രധാന വിമർശനം.ഇക്കാര്യത്തിലുള്ള അതൃപ്തി നേതാക്കൾ മുന്നണിക്കുള്ളിൽ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.തത്ക്കാലം മുന്നണി നേതാക്കൾ മറുപടി പറയുന്നില്ലെങ്കിലും ഗണേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്.പിണറായി മന്ത്രിസഭ രണ്ടരവർഷക്കാലാവധി കഴിയുമ്പോൾ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജുവിന് പകരം കെ.ബി.ഗണേഷ് മന്ത്രിയായി വരുമെന്ന സൂചനകൾ നിലനിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ചില പരസ്യ വിമർശനങ്ങൾ മുന്നണിക്കാകെ തലവേദനയാകുന്നത്.അതിനിടെ യു.ഡി.എഫിലെ ചില നേതാക്കളുമായി ഗണേഷ് കുമാർ ചർച്ച നടത്തിയെന്നും യു.ഡി.എഫിലേക്ക് മടങ്ങിയേക്കുമെന്നുമൊക്കെ ചില വാർത്തകൾ പ്രചരിച്ചിരുന്നു.മന്ത്രി ആന്റണി രാജു കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിനു നേരെയായിരുന്നു ഗണേഷിന്റെ ആദ്യ വിമർശനം.മന്ത്രിയായാൽ ഒരു കാരണവശാലും ഗതാഗത വകുപ്പ് ഏറ്റെടുക്കില്ലെന്നായിരുന്നു പരസ്യമായി പറഞ്ഞത്.
ഗതാഗത വകുപ്പിൽ നടക്കുന്നത് കെടുകാര്യസ്ഥതയാണെന്ന വിമർശനം മന്ത്രിസഭയയെത്തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം.പിന്നീട് ഒരു പരിപാടിയിൽ വ്യവസായം ഉൾപ്പെടെയുള്ള വകുപ്പുകൾക്കെതിരെ വിമർശനമുണ്ടായി.എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗണേഷ് കുമാർ സമീപ കാലത്തുണ്ടായ മിത്ത് വിവാദത്തിൽ സമുദായ നേതൃത്വത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.സ്പീക്കർക്കെതിരെ കടുത്ത നിലപാടിലേക്ക് പോകാതെ എൻ.എസ്.എസ് നേതൃത്വത്തെ തണുപ്പിച്ചത് ഗണേഷ് കുമാറാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.അതേ സമയം ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ആന്റണി രാജു പുലർത്തുന്ന മികവ് പൊതുവെ മുന്നണിയിലാകെ ചർച്ചയാണ്.
ഇത്രയും നല്ല രീതിയിൽ പെർഫോം ചെയ്യുന്ന മന്ത്രിയെ മാറ്റുന്നത് ഗുണം ചെയ്യുമെോയെന്ന അഭിപ്രായവും പൊതുവേയുണ്ട്.ആന്റണി രാജുവിനു പകരം ഗണേഷ്കുമാറും അഹമ്മദ് ദേവർകോവിലിനു പകരം കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് സൂചനകൾ .എന്നാൽ പുതുപ്പളി തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന വേളയിലും ഗണേഷ് വിമർശനം തുടരുന്നത് അദ്ദേഹത്തിനെതിരെ പൊതുവെ രോഷം വർദ്ധിപ്പിച്ചിട്ടുണ്ട്. .പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെയും കഴിഞ്ഞ ദിവസം ഗണേഷ് പരിഹാസ പൂർണമായ വിമർശനം നടത്തിയിരുന്നു.പത്തനാപുരത്ത് റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാറിന്റെ വിമർശനം. തന്നെപോലുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്ന് ഗണേഷ് കുമാർ ആരോപിച്ചു. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പഡബ്ല്യുഡി അനുവദിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരൻ പരിഗണന നൽകിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടന പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. പോസ്റ്ററിൽ വെക്കേണ്ടിയിരുന്നത് ജി സുധാകരൻ്റെ ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുധാകരൻ മന്ത്രിയായിരിക്കെ ആറ് കോടിയോളം രൂപ റോഡ് വികസനത്തിന് അനുവദിച്ച് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ പണം അനുവദിക്കുന്നില്ല.ഇക്കാര്യങ്ങൾ താൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇതുകൂടാതെ ഇവരേക്കാളെല്ലാം മുമ്പ് 20 വർഷം താൻ മന്ത്രിയായിരുന്നുവെന്നും നിയമസഭയിൽ സീനിയോരിറ്റിയുണ്ടെന്നും കൂടി ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ സഹോദരി ഉഷയും ഭർത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മോഹൻദാസും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതിപ്പെട്ടിരുന്നു.അന്ന് മന്ത്രിയാകാൻ തടസ്സമായതിന്റെ ഒരു കാരണം അതായിരുന്നു.യുഡിഎഫിലേക്ക് തിരിച്ചു പോകുന്നതിന് ഗണേശിന് തടസ്സം ഉമ്മൻ ചാണ്ടിയായിരുന്നു. ഇപ്പോഴുള്ള യുഡിഎഫ് നേതാക്കൾക്ക് ഗണേശിനോട് വലിയ എതിർപ്പില്ല. ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനം കിട്ടാത്ത പക്ഷം ഗണേശ് മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
https://www.facebook.com/Malayalivartha


























