ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് സംശയം: നവവധു ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ...

തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിമൂന്നുകാരിയായ ആറ്റിങ്ങൽ സ്വദേശിയായ രേഷ്മയെയാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജൂൺ പന്ത്രണ്ടിനാണ് അരുവിക്കര സ്വദേശിയായ അക്ഷയ് രാജുമായി രേഷ്മയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിലാണ് ഭർതൃ വീട്ടിൽ രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് പുറത്ത് പോയ സമയത്താണ് രേഷ്മ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്ന വിവരം. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു,
ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ മാറ്റും.
അക്ഷയ് രാജ് മറ്റൊരു പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായുള്ള സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഈ മനോവിഷമത്തെ തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് വിവരം. ആത്മഹത്യയ്ക്ക് അപ്പുറമുള്ള ദുരൂഹത പോലീസ് ഈ ഘട്ടത്തിൽ പറയുന്നില്ല.
ഇതുവരെ പോലീസിന് ഇത് സംബന്ധിച്ച് പരാതികൾ കിട്ടിയിട്ടില്ല. എന്നാൽ ബന്ധുക്കൾ ഉടൻ പരാതി നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അതിനു ശേഷമാണ് തുടർ നടപടികൾ അരുവിക്കര പോലീസ് സ്വീകരിക്കുന്നത്. നിലവിൽ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha


























