കേന്ദ്രത്തിനെതിരെ കേസ്കൊടുത്ത് ബാലഗോപാൽ പിണറായിയോട് പകരം വീട്ടുന്നു! മകളിലൂടെ പിതാവിനെ പിടിക്കുക ലക്ഷ്യം...

കേരളത്തിന് അനുവദിക്കുന്ന കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരല്ല ധനകാര്യ കമ്മീഷനാണ് അനുവദിക്കുന്നത്. കേരളം പിരിക്കേണ്ട പണം പിരിക്കാതെ കേന്ദ്രത്തിന് മുന്നിൽ കൈ നീട്ടി നിൽക്കുകയാണ് കേരളം. പണം ധൂർത്തടിക്കുകയാണ് സംസ്ഥാനം.. ഓണത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ആദ്യമായാണ് ശമ്പളം മുൻകൂറായി നൽകാത്തത്. ക്ഷേമ പെൻഷനുകളും പൂർണമായി നൽകിയിട്ടില്ല. ഓണം പട്ടിണിയിലേക്ക് നീങ്ങുമ്പോഴും കേന്ദ്രത്തിനെതിരെ കേസു കൊടുക്കാനാണ് ബാലഗോപാലിൻ്റെ നീക്കം. പിണറായി നിസഹായനാണ്. കേന്ദ്രത്തെ അദ്ദേഹം സഹായിക്കുന്നു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. താൻ പ്രതിയായ കേസുകളിൽ നിന്നും ഊരുകയാണത്രേ പിണറായിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ശക്തമായി ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. ഇതിലെല്ലാം സി പി എം പ്രവർത്തകർക്ക് കടുത്ത നിരാശയും പരിഭവവുമുണ്ട്. ബാലഗോപാൽ ഉൾപ്പെടെയുള്ള വിശ്വസ്തർ ഇപ്പോൾ പിണറായിക്കെതിരെ നീങ്ങാൻ കാരണമിതാണ്. കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുമ്പോൾ, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വിൽക്കാനുള്ളൂ എന്നാണോ കോൺഗ്രസ് നേതാക്കൾ പറയേണ്ടെന്നും മന്ത്രി ചോദിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞാൽ പിൻവലിക്കാനാകുമെന്നും ധനമന്ത്രി അറിയിച്ചു. ഓണക്കാലത്ത് ബില്ലുകൾ അധികം എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രഷറിയിൽ നിന്ന് നിത്യചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ചുരുക്കിയിരുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ തുക ഇത്തവണ ഓണത്തിന് നിയന്ത്രണങ്ങളോടെയെങ്കിലും ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും കമ്പനിക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതിയിൽ ജിഎസ്ടി കമ്മീഷണറേറ്റ് അന്വേഷണം നടത്തുന്നുണ്ടെന്ന് കെ എൻ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു. റിപ്പോർട്ട് കിട്ടിയാൽ അറിയിക്കാം. കർണാടകത്തിൽ പരിശോധന വേണമോയെന്ന് ജിഎസ്ടി കമ്മീഷണറേറ്റാണ് തീരുമാനിക്കുക എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ താൻ അന്വേഷണം നടത്തുന്നുവെന്ന് ബാലഗോപാൽ ഇതിലൂടെ സമ്മതിക്കുകയായിരുന്നു.മുഖ്യമന്ത്രിക്ക് ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ജൂനിയർ മന്ത്രി തൻ്റെ മകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് അദ്ദേഹം എങ്ങനെ സഹിക്കുമെന്നറിയില്ല. കേന്ദ്രത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിൻ്റെ ഭാഗമായി മന്ത്രി ബാലഗോപാൽ ബന്ധപ്പെട്ടവരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതില്ല എന്നതാണ് ധനമന്ത്രിയുടെ നിലപാട്. കഴിഞ്ഞ കുറെ നാളുകളായി താൻ ഇത്തരത്തിൽ സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ് ബാലഗോപാലിൻ്റെ നിലപാട്. തോമസ് ഐസക് പോലും ഇത്രയും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുകയില്ല. ധനവകുപ്പിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തുടങ്ങിയെങ്കിലും അത് പകുതി വഴിയിൽ നിലച്ചു. . ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊമ്പു മുറിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിൻ്റെ ധനവിനിയോഗം വരുന്ന ഫയലുകൾ ധനവകുപ്പിന് അയക്കുന്നത് നിർത്താനായിരുന്നു ആലോചന. അതാത് വകുപ്പുകളിലുള്ള ധനവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ പറയുന്നത്.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ധനവകുപ്പിന് വൻ സമ്മർദ്ദമുണ്ട്. ആരും ചെലവ് കുറയ്ക്കാൻ തയ്യാറാവുന്നില്ല. സർക്കാർ ധൂർത്തടിക്കുകയാണെന്ന ചിന്തയാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ സംസ്ഥാന സർക്കാരിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ തരമില്ല. കേരളത്തിലെ ഭരണാധികാരികൾക്ക് സാമൂഹിക ഉത്തരവാദിത്വമില്ലെന്ന്
കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രം കാണിക്കുന്നത്.
കേരള ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് 50000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ കാട്ടുന്ന തന്ത്രമാണ് പദ്ധതി വെട്ടിക്കുറയ്ക്കൽ. അതിനുള്ള കത്തി ധനവകുപ്പ് ഇപ്പോഴേ മൂർച്ചകൂട്ടി വച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് അതു പ്രയോഗിക്കും. ഇതിനു പുറമേ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു ഫയലുകളാണ് ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത്. സമയത്തിനു സർക്കാർ ഗ്രാന്റ് ലഭിക്കാതെ ശമ്പളം മുടങ്ങിയ കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഉണ്ട്.
ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി.
കഴിഞ്ഞ ഏപ്രിൽ മുതലുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്.
ശമ്പളവും പെൻഷനും മുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.
ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി. ഇതൊക്കെയാണ് അവസ്ഥയെങ്കിലും സർക്കാർ ചെലവിൽ ഒരു കുറവും വരുത്തില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തോമസ് ഐസക്കുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ ബാലഗോപാലിന് താൽപ്പര്യമില്ല. ഐസക്കിൻ്റെ കാലത്ത് ഇത്രയും സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ഇതിൽ ബാലഗോപാലിന് ഈർഷ്യയുണ്ട്. താൻ ഈ മോശം ധനമന്ത്രിയാണെന്ന് നാട്ടുകാർ പറയുന്നതിൽ ബാലഗോപാലിന് വലിയ പ്രതിഷേധമുണ്ട്.
പിണറായി കാരണമാണ് തൻ്റെ ഇമേജ് മോശമാകുന്നതെന്നാണ് ബാലഗോപാൽ കരുതുന്നത്. കേന്ദ്ര സർക്കാരിനെ തലോടി കൊണ്ട് ഇനി മുന്നോട്ടു പോകുന്നതിൽ ഒരു അർത്ഥവുമില്ലെന്നാണ് ബാലഗോപാൽ കരുതുന്നത്. കേന്ദ്ര സർക്കാരുമായി തുറന്ന പോര് നടത്താത്തതു കൊണ്ടാണ് സംസ്ഥാനം ഇങ്ങനെയായതെന്ന് ബാലഗോപാൽ കരുതുന്നു.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രത്തിൻ്റെ തലയിൽ ചാരാനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. ഇതിനോട് പിണറായിക്ക് താൽപ്പര്യമില്ല. പകരം ക്ഷമയോടെ കേന്ദ്രത്തെ സമീപിക്കാനാണ് പിണറായി പറയുന്നത്. ഇതിനോട് പാർട്ടിക്കും ധനമന്ത്രിക്കും യോജിപ്പില്ല. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറികൾക്ക് കാരണം.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ അർത്ഥശാസ്ത്രം കേന്ദ്രം ഇല്ലാതാക്കി എന്നായിരിക്കും ബാലഗോപാലിൻ്റെ കേസ്. എന്നാൽ ചെയ്യേണ്ടത് ചെയ്യാതെ കേന്ദ്രത്തെ പഴിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ഇത് ഏത് കോടതിയിൽ പോയാലും നിലനിൽക്കുന്ന കാര്യമില്ല. ഇക്കാര്യം ബാലഗോപാലിനുമറിയാം.എന്നാൽ സ്വന്തം വീഴ്ച മറയ്ക്കാനാണ് ബാലഗോപാലിൻ്റെ ശ്രമം.ഒപ്പം കേന്ദ്രാനുകൂല നിലപാട് സ്വീകരിക്കുന്ന പിണറായിയെ ഒതുക്കുകയും ചെയ്യാം. കപ്പലിന് ഉള്ളിലിരുന്ന് മറിക്കാൻ എളുപ്പമാണ്. അതാണ് പിണറായി ഓടിക്കുന്ന കപ്പലിലെ യാത്രക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. പാർട്ടി പിണറായിക്ക് ഒപ്പമില്ല എന്ന സത്യം കേരളം മുമ്പേ തിരിച്ചറിഞ്ഞു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























