കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട ജുനൈദ് ലക്ഷ്യമിട്ടത് കൊലപാതകം; പെൺകുട്ടിയുടെ സുഹൃത്തിനെ വിളിച്ച് ഭീഷണി മുഴക്കി:- വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം, പീഡനം...

കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഒളിവിൽ കഴിയവേ പിടിയിലായ കണ്ടുതോട് സ്വദേശി ജുനൈദ് അലി ലക്ഷ്യമിട്ടത് കൊലപാതകം. പെൺകുട്ടിയുടെ സുഹൃത്തിനെ വിളിച്ച് പെൺകുട്ടിയെ കൊല്ലുമെന്ന് ഇയാൾ തന്നെ അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തിന്റെ സമയോചിതമായ ഇടപെടലിൽ ബന്ധുവിനെ വിവരം അറിയിക്കുകയും, ബന്ധു നൽകിയ വിവരത്തെ തുടർന്ന് തൊട്ടിൽപ്പാലം പോലീസ് പെൺകുട്ടിക്ക് രക്ഷകരായി മാറുകയുമായിരുന്നു. ജുനൈദ് ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിരുന്നു.
ഇതിനിടെ വടകരയ്‌ക്ക് സമീപത്ത് നിന്ന് ലഹരിക്ക് അടിമയായ പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. കുണ്ടുതോട്ടിലെ പ്രതിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ഹൈസ്‌കൂളിൽ ഒരുമിച്ച് പഠിച്ച പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു.
പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഇയാൾ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന പേരിൽ പെൺകുട്ടിയെ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെനിന്ന് തട്ടിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
ബന്ധുക്കൾ സഹപാഠികളോട് വിവരം തേടിയതിനെത്തുടർന്ന് ആൺസുഹൃത്തിനൊപ്പം വൈകിട്ട് ബൈക്കിൽ പോയെന്ന വിവരമാണ് ലഭിച്ചത്. രാത്രി വൈകിയിട്ടും പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ വച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും 5.47 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെത്തി. എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. നാട്ടുകാരുടെ സഹായത്തോടെ ജുനൈദിന്റെ വീടിന്റെ പൂട്ടുതകർത്താണ് പോലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് പെൺകുട്ടിയെ പൂട്ടിയിട്ടിരുന്നത്. വിവസ്ത്രയാക്കിയ നിലയിലായിരുന്നു.
ബന്ധുക്കളെത്തി വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ജുനൈദ് അലി മുറി പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. രണ്ടുമാസംമുമ്പാണ് യുവാവിന്റെ മാതാപിതാക്കൾ മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് വിദേശത്തേക്കു പോയത്. തുടർന്ന് യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
https://www.facebook.com/Malayalivartha


























