പാനൂർ വിഷ്ണുപ്രിയ വധക്കേസ് വിചാരണ സെപ്റ്റംബര്‍ 21മുതല്‍ തലശേരി കോടതിയില്‍ ആരംഭിക്കും...

കേരള മനസാക്ഷിയെ പിടിച്ചുലച്ച പാനൂരിലെ വിഷ്ണുപ്രിയ വധക്കേസ് വിചാരണ സെപ്റ്റംബര്‍ 21മുതല്‍ തലശേരി കോടതിയില്‍ ആരംഭിക്കും. വിചാരണയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന ജില്ലാ ഗവ പ്ലീഡര്‍ അഡ്വ : കെ അജിത്ത്കുമാര്‍ കൊലപാതകം നടന്ന വീടും, പ്രതി കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റു വസ്തുക്കളും ഉപേക്ഷിച്ച സ്ഥലവും നേരിട്ടത്തി പരിശോധന നടത്തി. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുല മുമ്പാകെയാണ് വിചാരണ നടക്കുന്നത്.
സെപ്റ്റംബര്‍ 21മുതല്‍ അടുത്ത മാസം 11വരെ തുടര്‍ച്ചയായി ഈ കേസിന്റെ വിചാരണ നടക്കും. കൊല നടന്ന് 90 ദിവസത്തിനുള്ളില്‍ തന്നെ പൊലിസ് തലശേരി കോടതിയില്‍ കുറ്റപാത്രം സമര്‍പ്പിച്ചിരുന്നു. സംഭവ ദിവസം രാവിലെ വിഷ്ണു പ്രിയയും കുടുംബവും പിതാവിന്റെ അമ്മ മരണപെട്ടതിനാല്‍ തൊട്ട് അടുത്തുള്ള തറവാട് വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു കഴിഞ്ഞു വിഷ്ണു പ്രിയ മാത്രം തിരികെ വീട്ടിലെത്തിയ സമയത്ത് ബൈക്കിലെത്തിയ ശ്യാംജിത്ത് മറ്റാരും കാണാതെ വീട്ടില്‍ അതിക്രമിച്ചു കയറി വിഷ്ണു പ്രിയയെ കൊലപെടുത്തി എന്നാണ് പോലീസ് കേസ്.
ബന്ധുവായ ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട് തുറന്ന് കിടക്കുന്നത് കണ്ട്, അകത്ത് കടന്നപ്പോഴാണ് വിഷ്ണു പ്രിയയെ കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസിലെ മുഖ്യ സാക്ഷി സംഭവ സമയത്ത് വിഷ്ണു പ്രിയ വീഡിയോ കോള്‍ ചെയ്ത പനമ്പാടി വിപിന്‍ രാജാണ്. കേസന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് പാനൂര്‍ സി.ഐ എം.പി. ആസാദും സംഘവുമാണ്.
വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് വിഷ്ണുപ്രിയയെ പ്രതി കൊന്നത്. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇവർ പിന്നീട് പിണക്കത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു.
തുടർന്ന് പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണു പ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു. ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു. സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് വിളിച്ച് അറിയിക്കുകയും ചെയ്തു.
വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുക്കുകയായിരുന്നു. ആദ്യം പ്രതി പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു. പിന്നീട് ഏതുവിധേനയും വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്നായി. തല അറുത്തെടുത്ത് ആൺ സുഹൃത്തിന് മുന്നിൽ എത്തണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു.
കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്.
തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു. ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ച് വിടാനുമായിരുന്നു ഇത്.
https://www.facebook.com/Malayalivartha