സംസ്ഥാന സ്‌കൂള്‍ കലോല്‍സവഫലം എസ്എംഎസിലൂടെ അറിയാം

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ചരിത്രത്തിലാദ്യമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മല്‍സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ എസ്എംഎസ് സംവിധാനം. ഓരോ മല്‍സരവും പൂര്‍ത്തിയായി അഞ്ചു മിനിറ്റിനുള്ളില്‍ ഫലം വെബ്‌സൈറ്റിലൂടെയും എസ്എംഎസ് വഴിയും അറിയിക്കും. വേദികള്‍ കണ്ടെത്താനും മല്‍സരസമയവും ഫലവും അറിയാനും നെട്ടോട്ടമോടുന്ന പതിവ് ഇതോടെ ഇല്ലാതാകും. ഐടി അറ്റ് സ്‌കൂള്‍ സംഘമാണ് അധിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.
മല്‍സരത്തിനു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്കു മല്‍സരവേദി, മല്‍സരം തുടങ്ങുന്ന സമയം, മല്‍സരാര്‍ഥിയുടെ ഊഴം, ഫലം എന്നിവ അപ്പപ്പോള്‍ എസ്എംഎസ് നല്‍കും. ഇതിനു പുറമേ ഐടി അറ്റ് സ്‌കൂളിന്റെ പോര്‍ട്ടലില്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യുന്ന കാല്‍ലക്ഷം പേര്‍ക്കാണു ഫലമടക്കമുള്ള വിവരങ്ങള്‍ കൈമാറുക. വേദിമാറ്റവും മല്‍സരം മാറ്റിവയ്ക്കലും എസ്എംഎസിലൂടെ അറിയാം.
പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് എല്ലാ വേദികളുടെയും തല്‍സമയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓള്‍ ഇന്‍ വണ്‍ വീഡിയോ മതിലും സ്ഥാപിക്കും. ഐടി അറ്റ് സ്‌കൂളിന്റെ 80 അംഗസംഘം ഡയറക്ടര്‍ കെ.പി. നൗഫലിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തിക്കുന്നത്.
ഓണ്‍ലൈനായി അപ്പീല്‍ സമര്‍പ്പിക്കാനും ഇത്തവണ അവസരമുണ്ടാക്കും. എല്ലാ വേദികളിലും സൗജന്യ വൈഫൈ സൗകര്യവുമുണ്ട്. മല്‍സരാര്‍ഥി വേദി വിട്ട് അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ മല്‍സരദൃശ്യങ്ങള്‍ വിഡിയോ ഓണ്‍ ഡിമാന്‍ഡ് സൗകര്യം മുഖേന കാണാം. എല്ലാ വേദികളിലും ടച്ച് സ്‌ക്രീന്‍ കിയോസ്‌ക്, കലോല്‍സവത്തിന്റെ സമഗ്ര ചിത്രം നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയും ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha