4 പേർക്കും സസ്പെന്ഷൻ ; വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവ് ; നടപടി കടുക്കും; ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു. സുജിത്തിന് നേരിടേണ്ടിവന്ന പൈശാചിക മർദ്ദനം ജനവികാരത്തെ മാറ്റി മറിക്കുന്ന നിലയാലായപ്പോഴാണ് സർക്കാരും പൊലീസ് നേതൃത്വവും ഉണർന്ന് പ്രവർത്തിച്ചത്. എല്ലാ പ്രതികളെയും സർവ്വീസിൽ നിന്ന് പിച്ചുവിടുംവരെ സമരം തുടരുമെന്നാണ് കോൺഗ്രസിന്റെയുടം ഇരയുടെയും നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ വ്ക്തമാക്കിയിരുന്നു.അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. ഇയാൾ കുറ്റാരോപിതനാണെങ്കിലും പൊലീസിൽ നിന്ന് മാറി വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായി പഴയന്നൂരിൽ ജോലി നോക്കുകയാണ്.
അതിക്രൂരമായ മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഇര നടത്തിയ നിയമപോരാട്ടംവഴി പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതായ പൊലീസും സർക്കാരും ശിക്ഷാനടപടി സ്വീകരിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് ആഭ്യന്തരവകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചു. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാൻ പൊലീസ് നിരത്തിയതു വിചിത്ര വാദങ്ങൾ ആയിരുന്നു. സുജിത്തിനെ എത്തിക്കുന്ന സമയത്തു സ്റ്റേഷനിൽ പോക്സോ കേസിലെ ഇര ഉണ്ടായിരുന്നെന്നും ഇവരുടെ വിവരങ്ങൾ പുറത്തുവരുമെന്നതിനാൽ ദൃശ്യങ്ങൾ നൽകാനാകില്ലെന്നുമായിരുന്നു പൊലീസ് വാദം. ഇതു സ്ഥിരീകരിക്കാനുള്ള തെളിവുകൾ പൊലീസിന്റെ കൈവശമില്ലാതെ വന്നതോടെ വാദം പൊളിഞ്ഞു. സിസിടിവി ദൃശ്യം ലഭിക്കാതെ പിന്നോട്ടില്ലെന്നു സുജിത്തും തീരുമാനിച്ചു. 6 മാസത്തിനു ശേഷം ദൃശ്യം ഡിവിആറിൽനിന്നു മാഞ്ഞുപോകുന്നത് ഒഴിവാക്കാൻ കോടതിയെ സമീപിച്ചു. ദൃശ്യം കൈമാറിയില്ലെങ്കിലും സൂക്ഷിച്ചുവയ്ക്കണമെന്ന വിധി നേടിയെടുത്തു. സമാന്തരമായി ദൃശ്യത്തിനു വേണ്ടി പോരാട്ടം തുടരുകയും ചെയ്തു.
ഇതോടെ അച്ചട്ടായതു സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനം ആവശ്യപ്പെട്ടാൽ കൊടുക്കേണ്ടിവരുമെന്നും പൊലീസ് ജാഗ്രത പാലിക്കണമെന്നും ഒരുവർഷം മുൻപു ഡിജിപി നൽകിയ മുന്നറിയിപ്പ് . വിവരാവകാശ നിയമപ്രകാരം ദൃശ്യം നൽകാൻ ബാധ്യസ്ഥരാണെന്നതിനാൽ ജാഗ്രത പാലിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കാണു ഡിജിപി നിർദേശം നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമെന്നു മാത്രമല്ല, കോടതിയിൽ പൊലീസിനെതിരെ തെളിവായി ഉപയോഗിക്കപ്പെടാം എന്നുമായിരുന്നു ഡിജിപിയുടെ മുന്നറിയിപ്പ്.
2023 ഏപ്രിൽ അഞ്ചിനായിരുന്നു കൊടിയ മർദ്ദനം. വഴിരികിൽ നിന്ന യുവാക്കളെ പൊലീസ് ഭീഷണപ്പെടുത്തുന്നതു കണ്ട സുജിത് അത് ചോദ്യം ചെയ്തതാണ് കാരണം. കുറ്റക്കാരായ പൊലീസുകാരുടെ രണ്ട് ഇൻക്രിമെന്റ് തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി വിഷയം ലഘൂകരിക്കാനാണ് അന്നുമുതൽ പൊലീസ് ശ്രമിച്ചത്. കുറ്റാരോപിതരിൽ ഒരാളായ സി.പി.ഒ ശശിധരനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. സുജിത്ത് സ്വകാര്യഅന്യായം ഫയൽ ചെയ്തതോടെ, പൊലീസുകാർക്കെതിരെ കേസെടുക്കാൻ കുന്നംകുളം മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. മർദ്ദനത്തിൽ ചെവിക്ക് കാര്യമായ തകരാർ സംഭവിച്ചെങ്കിലും പൊലീസുകാർ കൈകൊണ്ട് അടിച്ചു എന്ന വളരെ ദുർബലമായ പരാമർശം മാത്രമാണ് എഫ്.ഐ.ആറിൽ ചുമത്തിയത്.
https://www.facebook.com/Malayalivartha