യൂത്ത്‌കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

കായംകുളത്ത് യൂത്ത് കോൺഗ്രസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം എംഎൽഎ യു. പ്രതിഭ പങ്കെടുത്തത് വിവാദത്തിൽ. വിഷയത്തിൽ ജില്ലയിലെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് യു പ്രതിഭ എത്തിയത്. കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ എംഎൽഎയെ യൂത്ത് പ്രവർത്തകർ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ ഗെയിമുകളിലടക്കം പങ്കെടുത്താണ് പ്രതിഭ മടങ്ങിയത്. ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് പങ്കെടുത്തതെന്നുമാണഅ എംഎൽഎയുടെ വാദം. രാഷ്ട്രീയവൈരം മറന്ന് എംഎൽഎ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളുമെത്തിയിരുന്നു.
ഇപ്പോൾ ഇതാ യു. പ്രതിഭ എംഎൽഎയെ പങ്കെടുപ്പിച്ചതിനെതിരേ കോൺഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തി. കെപിസിസി പ്രസിഡന്റിനും കെ.സി. വേണുഗോപാൽ എംപിക്കും പരാതി നൽകിയിട്ടുണ്ടെന്ന് ചില നേതാക്കൾ പറഞ്ഞു. പരിപാടിയിൽ പങ്കെടുപ്പിച്ചതുകൊണ്ട് എംഎൽഎക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആഘോഷത്തിൽ എംഎൽഎയെ പങ്കെടുപ്പിച്ചത് പക്വതയില്ലായ്മയാണെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയെ പരിച്ചുവിടണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha