ഷാരോണ്‍ വധക്കേസ്... പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര ജയിലില്‍ നിന്ന് രാത്രിയോടെയാണ് ഗ്രീഷ്മ പുറത്തിറങ്ങിയത്. പിന്നാലെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പൂര്‍ണമായി പ്രതികരിക്കാതെ അഭിഭാഷകരോടൊപ്പം വാഹനത്തില്‍ മടങ്ങി. ഇതേ കേസില്‍ പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് ആണ് ഗ്രീഷ്മ അറസ്റ്റിലാവുന്നത്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കേസില്‍ വാദം പൂര്‍ത്തായായത്. പിന്നാലെ കേസില്‍ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ജനവികാരം എതിരാണെന്ന് ചൂണ്ടിക്കാട്ടി അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തോട് പ്രതി സഹകരിച്ചിട്ടുണ്ട് കൂടാതെ ക്രിമിനല്‍ പശ്ചാത്തലവുമില്ല. അതിനാല്‍ കുറ്റപത്രം നല്‍കിയിട്ടും ജാമ്യം നിഷേധിക്കണമെങ്കില്‍ മതിയായ കാരണമുണ്ടാകണമെന്ന് കോടതി പറഞ്ഞു. ഗ്രീഷ്മ ഒളിവില്‍ പോകുമെന്ന ആശങ്ക പ്രോസിക്യൂഷന് ഇല്ലെന്നും കോടതി അറിയിച്ചിരുന്നു.
2022 ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരികാസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒക്‌ടോബര്‍ 25ന് ആണ് ഷാരോണ്‍ മരിക്കുന്നത്.
കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയില്‍ പോലും ഷാരോണ്‍ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവില്‍ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമ്മയെയും അമ്മാവനെനും കേസില്‍ പ്രതി ചേര്‍ത്തത്.
https://www.facebook.com/Malayalivartha