എല്ലാം എല്ലാം അഭിമാനം... ചന്ദ്രനില്‍ പ്രതീക്ഷകള്‍ മങ്ങുന്നു; ഉണരാതെ ലാന്‍ഡറും റോവറും; ചന്ദ്രയാന്‍ അരമണിക്കൂറിനകം വാജ്പേയി അംഗീകരിച്ചതായി ജി മാധവന്‍ നായര്‍; ദേശീയ പതാക സ്ഥാപിക്കാന്‍ കലാം നിര്‍ബന്ധിച്ചു

ചരിത്രം സൃഷ്ടിച്ച ചന്ദ്രയാന്‍ ഉണരാത്തത്. സന്തോഷത്തിനിടയിലും നിരാശയായി. പ്രതീക്ഷകള്‍ മങ്ങി. ചന്ദ്രനില്‍ ലാന്‍ഡറും റോവറും ഇനി ഉണര്‍ന്നേക്കില്ല. ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയ ലാന്‍ഡറും റോവറും സെപ്തംബര്‍ രണ്ടിന് കാലാവധി പൂര്‍ത്തിയാക്കി.
എങ്കിലും 22ന് വീണ്ടും ഉണര്‍ന്നാല്‍ വലിയ നേട്ടമാകുമായിരുന്നു. ആ പ്രതീക്ഷയിലായിരുന്നു രാജ്യം. സ്ലീപ് മോഡിലുള്ള വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുന്നില്ല. ഓരോ മണിക്കൂര്‍ കഴിയുന്തോറും അതിനുള്ള സാധ്യത മങ്ങുന്നു.
ഭൂമിയിലെ ഒരു ചാന്ദ്രപക്ഷമായ 14 ദിവസം പ്രവര്‍ത്തിക്കാനാണ് ദൗത്യം രൂപകല്‍പ്പന ചെയ്തത്. ലാന്‍ഡറും റോവറും ഇരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ ഉണര്‍ന്നേക്കാം എന്നായിരുന്നു ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ചന്ദ്രയാന്‍ 3 അതിന്റെ ശാസ്ത്രലക്ഷ്യം പൂര്‍ത്തിയാക്കിയതോടെ ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ഉപകരണങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തി സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ് നീട്ടാനായിരുന്നു ഇത്.
വിക്രം, പ്രജ്ഞാന്‍ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാന്ദ്ര രാത്രിയിലെ ശൈത്യത്തെ അതിജീവിക്കും വിധം രൂപകല്‍പ്പന ചെയ്തതല്ല. താപനില മൈനസ് 200 ഡിഗ്രിയില്‍ താഴെയായി. ഈ കൊടും തണുപ്പില്‍ ഇലക്ട്രോണിക് ഉകരണങ്ങള്‍ മരവിച്ച് നശിപ്പിക്കാം. എങ്കിലും പേടകം അതിജീവിച്ചേക്കുമെന്നും സെപ്തംബര്‍ 22ന് സൂര്യനുദിക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്നും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചു. സൂര്യപ്രകാശം ലഭിക്കുന്നതോടെ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാമെന്നും കരുതി.
വീണ്ടും ഉണര്‍ന്നില്ലെങ്കിലും, ചന്ദ്രയാന്‍ 3 വലിയ വിജയമാണ്. ചന്ദ്രനില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം.അത് നേടി. റോവര്‍ 100 മീറ്റര്‍ സഞ്ചരിച്ച് നിരവധി മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. മറ്റൊരു അന്താരാഷ്ട്രദൗത്യത്തിനും കഴിയാത്ത, സള്‍ഫര്‍ സാന്നിധ്യത്തിന്റെ തെളിവുകള്‍ റോവര്‍ ശേഖരിച്ചതാണ് ഏറ്റവും വലിയ നേട്ടം.
ചന്ദ്രയാന്‍ ദൗത്യത്തിന് അനുമതി നല്‍കാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അരമണിക്കൂര്‍ മാത്രമാണെടുത്തതെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ചന്ദ്രനിലേക്ക് റോക്കറ്റ് അയയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രിയെ കണ്ടു. വിശദീകരിച്ച് അരമണിക്കൂറിനുളളില്‍ തന്നെ വാജ്പേയി പദ്ധതിക്ക് അംഗീകാരം നല്‍കി. ചന്ദ്രയാന്‍ എന്ന പേരു നല്‍കിയതും അദ്ദേഹമാണ്.
സോമയാന്‍ എന്നായിരുന്നു നേരത്തെ നല്‍കിയിരുന്നത്. അടുത്തറിയുമ്പോള്‍ ചന്ദ്രനെക്കുറിച്ചുള്ള സങ്കല്പം മാറില്ലേ, ഭാര്യമാരെ ചന്ദ്രമുഖി എന്നൊക്കെ പിന്നീട് വിളിക്കുമോ എന്നു വാജ്പേയി ചോദിച്ചു. ചന്ദ്രയാന്‍ 1 ദൗത്യത്തിന് നേതൃത്വം നല്‍കിയ മാധവന്‍ നായര്‍ പറഞ്ഞു. 'നേതി നേതി ' ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ' മിഷന്‍ ചന്ദ്രയാന്‍: സിനര്‍ജി, സ്‌കോപ്പ് & സ്ട്രാറ്റജി' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രനിലേക്ക് റോക്കറ്റ് അയയ്ക്കുമ്പോള്‍ ദേശീയ പതാക അവിടെ സ്ഥാപിക്കണമെന്ന നിര്‍ബന്ധം കാണിച്ചത് അന്ന് രാഷ്ടപതിയായിരുന്ന അബ്ദുല്‍ കലാമാണ്. ചന്ദ്രയാന്‍ ഒന്ന്, ചന്ദ്രനെ ചുറ്റി ചിത്രങ്ങളെടുക്കുന്ന ദൗത്യമായതിനാല്‍ പതാക എങ്ങനെ സ്ഥാപിക്കും എന്ന സംശയം ഉണ്ടായി. കലാം തന്നെ അതിനു പോംവഴി നിര്‍ദ്ദേശിച്ചു. കല്ലെറിയുന്ന തരത്തില്‍ ചന്ദ്രോപരിതലത്തിലേക്ക് പതാക പതിപ്പിക്കുക. അതിനായി പ്രത്യേക ഉപകരണം കൂടി അയച്ചു. പതാക കൃത്യമായി പിതിപ്പിക്കാനായി. ഇന്നും ആ ദേശീയപതാക ചന്ദ്രനില്‍ ഉണ്ട്. മാധവന്‍ നായര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha