വെഹിക്കിൾ ലോൺ തിരിച്ചടവ് പൂർത്തിയായാൽ ... രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം

വെഹിക്കിൾ ലോൺ തിരിച്ചടവ് പൂർത്തിയായാൽ ഓട്ടമാറ്റിക്കായി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ലഭിക്കുന്നതിനുള്ള നടപടികൾ വാഹന ഉടമകൾക്കുതന്നെ പൂർത്തിയാക്കാൻ സാധിക്കും. രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി) സംവിധാനമൊരുക്കിയത്.
സാധാരണനിലയിൽ വായ്പാതിരിച്ചടവ് പൂർത്തിയായാൽ വാഹന ഉടമ ബാങ്കിൽ പോകണം. അവിടെനിന്ന് ഫോം 35 വാങ്ങിയശേഷം ആർടി ഓഫീസിൽപോയി ഫീസടച്ച് പരിവാഹൻ വെബ്സൈറ്റിൽ ഫോം 35 അപ്‌ലോഡ് ചെയ്യണം. തുടർന്ന്, ദിവസങ്ങൾ കഴിഞ്ഞാണ് ബാധ്യത (ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ) ഒഴിവാക്കിയശേഷം പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുക.
എന്നാൽ, പുതിയസംവിധാനം വരുന്നതോടുകൂടി വാഹന ഉടമകൾ ബാങ്കിലോ, ആർടിഓഫീസിലോ പോകേണ്ടതില്ല. വായ്പ പൂർത്തിയായി കഴിഞ്ഞാൽ വാഹന ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശവും ലിങ്കും ഓട്ടമാറ്റിക്കായി അയക്കും.
ആ ലിങ്ക് തുറന്ന് ലഭിച്ച ഒടിപി ഉപയോഗിച്ച് മോട്ടോർവാഹനവകുപ്പിന്റെ ആർസി മാറ്റത്തിനുള്ള സർവീസ് ചാർജായ 85 രൂപ അടച്ചാൽ രണ്ടുമണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം. വാഹന ഉടമകൾക്ക് ഈ നടപടിക്രമങ്ങൾ രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും പൂർത്തിയാക്കാവുന്നതാണ്
"
https://www.facebook.com/Malayalivartha


























