ഫേസ്ബുക്കില്‍ തുടങ്ങിയ ബന്ധം അതിരുവിട്ടു; ആദ്യം അറിയാതെയും പിന്നെ അറിഞ്ഞും ചാരപ്പണി; ഹണി ട്രാപ്പില്‍ വീണ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ കഥ

മലയാളി സൈനിക ഉദ്യോഗസ്ഥനായ മലപ്പുറം ചെറുകാവ് പുളിക്കല്‍ വീട്ടില്‍ കെ.കെ. രഞ്ജിത്ത് പാക്കിസ്ഥാന്‍ രഹസ്യസേനയുടെ ഹണി ട്രാപ്പില്‍ വീണത് തികച്ചും അവിചാരിതമായിരുന്നു. രഞ്ജിത്തിന് ബ്രിട്ടനില്‍നിന്നുള്ള ഒരു സുന്ദരിയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത് മൂന്നുവര്‍ഷം മുമ്പാണ്. ഫേസ്ബുക്കില്‍ തുടങ്ങിയ സൗഹൃദത്തിന് ചാറ്റിങ്ങിലൂടെ പതുക്കെ എരിവുകൂടാന്‍ തുടങ്ങി. രാത്രി വൈകിയും സുന്ദരിയും രഞ്ജിത്തും ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തു. അപ്പോഴൊന്നും അതിനു പിന്നില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഒരുക്കിയ ഹണി ട്രാപ്പാണെന്ന് രഞ്ജിത്ത് മനസ്സിലാക്കിയിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ ദിവസം മുഴുവന്‍ കറങ്ങി നടന്നിരുന്ന രഞ്ജിത്തിന് ദാമിനി മക്‌നോട്ട് എന്ന സുന്ദരി പകര്‍ന്നുകൊടുത്തത് സെക്‌സ് ചാറ്റിന്റെ പുതിയൊരു ലോകമായിരുന്നു. ദാമിനിയുടെ വാക്കുകളില്‍ കുടുങ്ങിയ രഞ്ജിത്ത് അവര്‍ പറയുന്നതെന്തും നിര്‍വഹിക്കാനും തയ്യാറാവുകയായിരുന്നു.
ലീഡ്‌സിലെ ബീസ്റ്റണില്‍ താമസിക്കുന്നുവെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലില്‍ ദാമിനി രേഖപ്പെടുത്തിയിരുന്നത്. അവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന അന്വേഷണാത്മക മാസികയില്‍ ജോലി ചെയ്യുന്നുവെന്നും പ്രൊഫൈലില്‍ അവര്‍ അവകാശപ്പെട്ടിരുന്നു. ബ്രിട്ടീഷ് ചുവയുള്ള ഇംഗ്ലീഷില്‍ ദാമിനി രഞ്ജിത്തിന് ലൈംഗിക സുഖം പകര്‍ന്നുകൊണ്ടിരുന്നു.
പതുക്കെ ചാറ്റില്‍നിന്ന് വാട്‌സാപ്പിലൂടെ ഓഡിയോ ചാറ്റിലേക്കും പിന്നീട് ഫോട്ടോ ഷെയര്‍ ചെയ്യുന്നതിലേക്കും ഈ ബന്ധം വളര്‍ന്നു. ഇത്തരമൊരു ചാറ്റിങ്ങിനിടെ സ്വാഭാവികമെന്നോണമാണ് ദാമിനി വ്യോമസേനയെക്കുറിച്ചുള്ള വിവരം രഞ്ജിത്തിനോട് ചോദിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന മാസികയില്‍ ഒരു ലേഖനം എഴുതാനെന്ന വ്യാജേന രഞ്ജിത്തില്‍നിന്ന് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. അപ്പോഴൊന്നും ദാമിനിയെ യാതൊരു സംശയവുമില്ലായിരുന്നു.
മാസികയ്ക്കുവേണ്ടിയെന്നോണം ഇതിന് മുമ്പ് രഞ്ജിത്തിനെ അവര്‍ ഇന്റര്‍വ്യൂവും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും വിവരങ്ങള്‍ ദാമിനിക്ക് കൊടുക്കുന്നതില്‍ അപകടമുണ്ടെന്ന് രഞ്ജിത്ത് കരുതിയില്ല. മാത്രമല്ല, അത്തരം വിവരങ്ങള്‍ എന്തെങ്കിലും നല്‍കിയാല്‍ അതിന് പ്രതിഫലം കൂടി നല്‍കാമെന്ന് ദാമിനി വാഗ്ദാനം ചെയ്തതോടെ, രഞ്ജിത്ത് അവര്‍ക്ക് കൂടുതല്‍ വഴങ്ങി.
ഒരു ദിവസം പെട്ടെന്ന് ദാമിനി ഗ്വാളിയറിലെ കോംബാറ്റ് ഡവലപ്‌മെന്റ് ഡിപ്ലോയ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിനെക്കുറിച്ച് രഞ്ജിത്തിനോട് ചോദിച്ചു. എന്നാല്‍, തന്ത്രപ്രധാനമായ ഈ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത് അപകടമാകുമെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് അത് വിസമ്മതിച്ചു. അതോടെ, അതുവരെ മധുരമാര്‍ന്ന ഭാഷയില്‍ സംസാരിച്ചിരുന്ന ദാമിനിയുടെ മട്ടുമാറി. അതുവരെ അയച്ച സന്ദേശങ്ങളും ചിത്രങ്ങളും പരസ്യമാക്കുമെന്ന ഭീഷണിയായി.
ഇതോടെയാണ് താന്‍ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന് രഞ്ജിത്തിന് ബോധ്യമാകുന്നത്. ഏതോ ഒരു സുന്ദരിയുടെ ഫോട്ടോയും ചിത്രങ്ങളുമുപയോഗിച്ച് പാക് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും സ്‌കൈപ്പിലുടെയും കൈമാറുകയല്ലാതെ രഞ്ജിത്തിന് മുന്നില്‍ വേറെ വഴികളുണ്ടായിരുന്നില്ല.
രഞ്ജിത്ത് എവിടെ പരിശീലനത്തിന് പോയാലും ഐഎസ്‌ഐ ബന്ധപ്പെട്ടുകൊണ്ടിരുന്നു. മൂന്നുവട്ടം ബെല്‍ഗാമില്‍നിന്നും ആറുതവണ ചെന്നൈയില്‍നന്നും ഡല്‍ഹിയില്‍നിന്നും രഞ്ജിത്ത് വ്യോമസേന സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്‌ഐയ്ക് കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജമ്മു കാശ്മീരുകാരനായ ഒരാള്‍ വഴി 30,000 രൂപയും രഞ്ജിത്തിന് ലഭിച്ചു. രഞ്ജിത്ത്അപ്പോഴേക്കും പൂര്‍ണമായും ഒരു ചാരനായി മാറിക്കഴിഞ്ഞിരുന്നു.
ഇതോടെയാണ് രഞ്ജിത്തിന് മേല്‍ വ്യോമസേനയുടെ കണ്ണുപതിഞ്ഞത്. രഞ്ജിത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച സേന, തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് മുമ്പുതന്നെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























