ഏറെ സൂക്ഷ്മതയോടെ... ചന്ദ്രയാന്‍ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനില്‍ തുടങ്ങിയതോടെ അത്ഭുതത്തോടെ ശാസ്ത്രലോകം; വിക്രമിനെയും പ്രഗ്യാനെയും ഉണര്‍ത്താന്‍ ശ്രമം തുടരും; ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും പ്രതിക്ഷ നല്‍കുന്നത് അതാണ്

ചന്ദ്രയാന്‍ പ്രതീക്ഷിച്ചതിനേക്കാളും വിജയം നേടിയിരുന്നു. എങ്കിലും അധികമായി വീണ്ടും ചന്ദ്രയാന്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനില്‍ തുടങ്ങിയതോടെയാണ് പ്രതീക്ഷ വര്‍ധിച്ചത്.
ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകല്‍ മുഴുവന്‍ ഗവേഷണവിവരങ്ങള്‍ ശേഖരിച്ച ശേഷം വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചന്ദ്രനില്‍ സൂര്യോദയമാകുമ്പോള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) വിക്രമിനെയും പ്രഗ്യാനെയും ഉണര്‍ത്താന്‍ ശ്രമം തുടരും.
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കഴിഞ്ഞ മാസം 4നു മുന്‍പു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14 ദിവസങ്ങള്‍ക്കു തുല്യം) കഴിഞ്ഞ് പ്രഗ്യാനും വിക്രമും ഉണര്‍ന്നിരുന്നെങ്കില്‍ അത് ചന്ദ്രയാന്‍ ദൗത്യത്തിനു 'ബോണസ്' ആകുമായിരുന്നു.
ഉണരാനുള്ള സാധ്യത കുറവാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ഇനിയുള്ള ചാന്ദ്ര ദൗത്യങ്ങളില്‍ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്ന ശാസ്ത്രീയ പഠനോപകരണങ്ങളും ചന്ദ്രനിലെ സാംപിളുകള്‍ ശേഖരിച്ചു മടങ്ങിയെത്താവുന്ന സ്‌പേസ്‌ക്രാഫ്റ്റുമാണ്.
ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായിറക്കാന്‍ സാധിച്ചത് ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ നാഴികക്കല്ലാകുന്ന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ലാത്ത ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുകയെന്ന നേട്ടവും ചന്ദ്രയാന്‍ 3യിലൂടെ ഇന്ത്യ കൈവരിച്ചു.
അതിനിടെ ചൈന രംഗത്തെത്തി. ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ഇതില്‍ പ്രധാനിയാണ് ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍. ഇന്ത്യ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് സിയുവാന്‍ അവകാശപ്പെടുന്നു.
ചൈനീസ് മാധ്യമമായ സയന്‍സ് ടൈമിനോടാണ് സിയുവാന്‍ ഇത് പറയുന്നത്. 69 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കുന്നതെന്നും സിയുവാന്‍ പറയുന്നു.
ഇന്ത്യന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണ ധ്രുവത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ദക്ഷിണധ്രുവത്തിനടുത്ത പ്രദേശം എന്ന് തന്നെയാണ് ഐഎസ്ആര്‍ഒയും ഔദ്യോഗികമായി പറയുന്നത്.
'ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലോ അതിനടുത്തോ അല്ല. ധ്രുവമേഖയില്‍ നിന്ന് 619 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം.' എന്നാണ് സിയുവാന്‍ പറയുന്നത്.
ബഹിരാകാശ രംഗത്തുള്‍പ്പടെ വിവിധ മേഖലയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയാണ് ചൈന എല്ലാവര്‍ക്കം അറിയുന്ന കാര്യമാണ്. ചന്ദ്രയാന്‍ 3 ന്റെ നേട്ടങ്ങളെ ഇകഴ്ത്തി സംസാരിക്കുന്ന ആദ്യ ചൈനീസ് ശാസ്ത്രജ്ഞനല്ല സിയുവാന്‍. മുമ്പ് ബെയ്ജിങില്‍ നിന്നുള്ള ബഹിരാകാശ വിദഗ്ദനായ പാങ് ഷിഹാവോ എന്നയാളും ഇന്ത്യയേക്കാള്‍ മുന്നില്‍ ചൈനയാണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. പല മേഖലയിലും ചൈനയാണ് മുന്നിട്ടുനില്‍ക്കുന്നത്. 2010 ലെ ചാങ് ഇ-2 ന് ശേഷം ഭൂമിയില്‍ നിന്ന് നേരിട്ട് മൂണ്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ഓര്‍ബിറ്ററുകളും ലാന്‍ഡറുകളും അയക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ പിരിമിതി മൂലം ഇന്ത്യക്ക് അതിന് കഴിയില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം ചൈനീസ് ശാസ്ത്രജ്ഞന്റെ ഈ അഭിപ്രായം ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha
























