തട്ടത്തിൽ കുടുങ്ങി സി പി എം...അനിൽകുമാറിന്റെ പ്രസ്താവനയിൽ പുലിവാൽപിടിച്ച് പാർട്ടി.... സി.പി.എമ്മിനെതിരായി മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഈ പ്രസ്താവന വലിയചർച്ചയ്ക്ക് വഴിവെക്കുന്നു... പാർട്ടി തള്ളുന്നതിനുമുമ്പേ, പാർട്ടി സഹയാത്രികൻ കെ.ടി. ജലീൽ രംഗത്ത് വന്നു...

മലപ്പുറത്ത് പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഫലമാണെന്ന സി.പി.എം. സംസ്ഥാനസമിതി അംഗം കെ. അനിൽകുമാറിന്റെ പ്രസ്താവനയിൽ പുലിവാൽപിടിച്ച് പാർട്ടി. സി.പി.എമ്മിനെതിരായി മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഈ പ്രസ്താവന വലിയചർച്ചയ്ക്ക് വഴിവെക്കുകയും സംഘടനകൾ പരസ്യ എതിർപ്പുമായി രംഗത്തുവരുകയും ചെയ്തതോടെ അനിൽകുമാറിനെ സി.പി.എം. തള്ളിപ്പറഞ്ഞു. പാർട്ടി തള്ളുന്നതിനുമുമ്പേ, പാർട്ടി സഹയാത്രികൻ കെ.ടി. ജലീൽ സംസ്ഥാനസമിതി അംഗമായ അനിൽകുമാറിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തികസമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. ലീഗിലെ കെ.എം. ഷാജിയായിരുന്നു ഇതിനെതിരേ ആദ്യം രംഗത്തെത്തിയത്.
കമ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസികളേ എന്നായിരുന്നു ഷാജിയുടെ ചോദ്യം.തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കിമാറ്റിയിട്ടില്ലെന്നുമായിരുന്നു സമൂഹികമാധ്യമത്തിലൂടെ ജലീലിന്റെ വിശദീകരണം. ജലീലിന്റെ ഈ കുറിപ്പ് എ.എം. ആരിഫ് എം.പി. പങ്കുവെച്ച് അനിൽകുമാറിനെ തള്ളുന്ന നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഇത്രയൊക്കെയായിട്ടും സി.പി.എം. നേതാക്കളാരും മിണ്ടാത്തതിനെ ചോദ്യംചെയ്തായിരുന്നുലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രതികരണം.അനിൽകുമാറിന്റേത് സ്വന്തം ആശയമല്ല, പാർട്ടിയുടെ ആശയമാണെന്നായിരുന്നു സമസ്ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. മതപരമായ തത്ത്വങ്ങൾക്ക് എതിരാണ് കമ്യൂണിസം. അതൊരു യാഥാർഥ്യമാണെന്നും അദ്ദേഹം കടുപ്പിച്ചു.
തട്ടം കാണുമ്പോൾ അലർജിതോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവികമ്യൂണിസ്റ്റുകൾക്കുകൂടിയാണെന്ന കടുത്ത രാഷ്ട്രീയപ്രസ്താവന നടത്തിയത് എം.എസ്.എഫ്. നേതാവ് ഫാത്തിമ തഹ്‌ലിയയാണ്.ഇതിനുപിന്നാലെ, അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്ന് വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഹിജാബ് പ്രശ്നം ഉയർന്നുവന്നപ്പോൾതന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽതന്നെ അനിൽകുമാറും തന്റെ വാക്കുകൾ തിരുത്തി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലിന്റെ ഭാഗമായി പട്ടിണി ഏറ്റവും കുറഞ്ഞ നാടായി കേരളത്തെ മാറ്റിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ പട്ടിണികിടക്കുന്നില്ലെങ്കിൽ അതിന് നന്ദിപറയേണ്ടത് മാർക്‌സിസ്റ്റ് പാർട്ടിയോടാണ്. മലപ്പുറത്തെ വിദ്യാഭ്യാസം ഏതെങ്കിലും മതസംഘടനകളുണ്ടാക്കിയ വിദ്യാഭ്യാസമാണോ.മലപ്പുറത്തെ പുതിയ പെൺകുട്ടികളെ നോക്കൂ. തട്ടം തലയിലിടാൻവന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇത് വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. -ഇതായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha
























