തുടർച്ചയായ കനത്ത മഴ....ഒരു പകൽ മുഴുവൻ നാടും നഗരം സ്തംഭിച്ചു....ടകളിൽ വെള്ളം നിറഞ്ഞതോടെ വർഷങ്ങൾക്കു ശേഷം തമ്പാനൂർ വെള്ളത്തിൽ മുങ്ങി..... കെഎസ്ആർടിസി ബസ് ടെർമിലനിൽ നിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗം പൂർണമായി വെള്ളത്തിൽ....

തുടർച്ചയായ കനത്ത മഴയിൽ ഒരു പകൽ മുഴുവൻ നാടും നഗരം സ്തംഭിച്ചു. ഓടകളിൽ വെള്ളം നിറഞ്ഞതോടെ വർഷങ്ങൾക്കു ശേഷം തമ്പാനൂർ വെള്ളത്തിൽ മുങ്ങി. സമീപത്തെ എസ്എസ് കോവിൽ റോഡിന്റെ മധ്യത്ത് വൻ കുഴി രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. തമ്പാനൂർ മസ്ജിദ് റോഡിലും മുട്ടളവ് വെള്ളം പൊങ്ങി. തിരുമല കുന്നപ്പുഴ ജംക്ഷനു സമീപം അയണിവിള– കുരുമണി റോഡ് ഇടഞ്ഞു താണു. മുട്ടത്തറ തരംഗിണി നഗറിലും പേരൂർക്കടയിലും വീടുകൾ തകർന്നു.വലിയതുറ ഉൾപ്പെടെ തീരദേശ റോഡുകൾ മിക്കതും വെള്ളത്തിലാണ്. കിള്ളിപ്പാലം കല്യാണി ആശുപത്രി റോഡിലും അട്ടക്കുളങ്ങര ബൈപാസ് റോഡിലും വെള്ളക്കെട്ട്. മണ്ണ് ഇടിഞ്ഞും മരങ്ങൾ കടപുഴകിയും വൻ നാശനഷ്ടമുണ്ട്. മിനിയാന്ന് രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ പകൽ കൂടുതൽ ശക്തിയായി പെയ്തതോടെയാണ് നഗരം വെള്ളത്തിൽ മുങ്ങിയത്.
പൊന്നറ ജി. ശ്രീധർ പാർക്കിന് ചുറ്റുമുള്ള ഓട വീതി കൂട്ടിയ ശേഷം ആദ്യമായാണ് തമ്പാനൂരിൽ വെള്ളം പൊങ്ങുന്നത്. സുവിജ് ലൈൻ നിറഞ്ഞു കവിഞ്ഞതായിരുന്നു കാരണം. കെഎസ്ആർടിസി ബസ് ടെർമിലനിൽ നിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗം പൂർണമായി വെള്ളത്തിൽ മുങ്ങി. മലിനജലത്തിൽ ചവിട്ടി യാത്ര ചെയ്യേണ്ടി വന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മസ്ജിദ് റോഡ് പൂർണമായി വെള്ളത്തിൽ മുങ്ങിയതു കാരണം സപ്ലൈക്കോയുടെ ഔട്ട്ലറ്റിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.റോഡ് പകുതി വീണു..തൃക്കണ്ണാപുരം വാർഡിലെ അയണിവിള– കുരുമണി റോഡ് മിനിയാന്ന് പുലർച്ചെ നാലിനാണ് നിലം പൊത്തിയത്. റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു താണു. റോഡിന്റെ മധ്യത്തിൽ നേരത്തെ വിള്ളൽ കണ്ടെത്തിയിരുന്നതിനാൽ നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു. വാഹന ഗതാഗതവും തടഞ്ഞിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തിരുമല– മങ്കാട്ട് കടവ് റോഡിൽ വിശ്വപ്രകാശ് സ്കൂളിന് സമീപം ഇറിഗേഷൻ വകുപ്പിന്റെ വശഭിത്തി കരമനയാറിലേക്ക് തകർന്നു വീണു. മഴ തുടർന്നാൽ ബാക്കി ഭാഗവും അപകട ഭീഷണിയിലാണെന്ന് തിരുമല വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിൽ കുഴി..ഇന്നലെ ഉച്ചയോടെയാണ് റോഡിന്റെ മധ്യ ഭാഗത്ത് കുഴി രൂപപ്പെട്ടത്. സുവിജ് മാൻഹോൾ ഇടിഞ്ഞു താണതാണ് കാരണമെന്നാണ് സൂചന. വൻ ഗർത്തമുണ്ടായതിനാൽ അപകട സാധ്യത മുന്നിൽക്കണ്ട് ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. അറ്റകുറ്റപ്പണി ആരംഭിക്കാത്തതിനാൽ റോഡ് ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. കഴക്കൂട്ടം– കാരോട് ബൈപാസ് റോഡിലെ സർവീസ് റോഡുകൾ ഉൾപ്പെടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. മുട്ടത്തറ, കല്ലുംമൂട് ഭാഗത്ത് സർവീസ് റോഡുകളോട് ചേർന്നുള്ള ഓടയിലെ മാലിന്യം റോഡിലേക്ക് ഒഴുകിയെത്തി. കോഴി മാലിന്യമാണ് കൂടുതലായി ഒഴുകിപ്പരന്നത്. കോർപറേഷന്റെ നേതൃത്വത്തിൽ അടുത്തിടെയാണ് ഹൈവേ ശുചീകരിച്ചത്.
അട്ടക്കുളങ്ങര ബൈപാസ് റോഡിലാണ് രൂക്ഷമായ വെള്ളക്കെട്ട്. വലിയതുറ, വള്ളക്കടവ്– പൂന്തുറ ഉൾപ്പെടെ തീരദേശ റോഡുകളിലെല്ലാം മുട്ടളവ് വെള്ളത്തിൽ.തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി. ഉള്ളൂർ തോട് കരകവിഞ്ഞ് ഒഴുകിയതാണ് കാരണം. മഴ തുടർന്നാൽ താമസക്കാരെ മാറ്റിപാർപ്പിക്കേണ്ട അവസ്ഥയിലാണ്. വെള്ളം കയറിയ പൊന്നപ്പന്റെ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണിട്ടുണ്ട്. സമീപത്തെ മറ്റു താമസക്കാരും ഭീതിയിലാണ്. ശക്തമായ മഴയിൽ ഗ്രാമീണ മേഖലകളിൽ വ്യാപക നാശം. വിളവൂർക്കൽ പഞ്ചായത്ത് കുണ്ടമൺകടവ് വാർഡിൽ സമീപ വീടിന്റെ മതിൽ ഇടിച്ചു വീണു പശു തൊഴുത്തും ആടുകളെ കെട്ടുന്ന ഷെഡും തകർന്നു. പെരുകാവ് വയ്ക്കൽവിള വീട്ടിൽ ക്ഷീര കർഷകനായ എസ്.സജിക്കുട്ടന് ആണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് രാവിലെയാണ് സംഭവം. ഈ സമയത്ത് പശുക്കളെയും ആടുകളെയും മറ്റൊരു സ്ഥലത്ത് മാറ്റി കെട്ടിയിരുന്നതിനാൽ ഇവ രക്ഷപ്പെട്ടു.സമീപത്തെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ കരിങ്കല്ല് കെട്ടും മതിലും ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. 6 പശുക്കളെയും 10 ആടുകളെയും പാർപ്പിച്ചിരുന്ന ഷെഡുകളാണ് തകർന്നത്. മലയിൻകീഴ് പഞ്ചായത്ത് കുന്നുംപാറ വാർഡിൽ പൂവന്നൂർമൂലയിൽ ജയന്റെ വീടിന്റെ മതിൽ ഇടിച്ചു സമീപത്തെ വീടിനു സമീപം പതിച്ചു. ആളപായമില്ല. വിളവൂർക്കൽ പഞ്ചായത്ത് പെരുകാവ് ഗോപകുമാറിന്റെ വീടിനോട് ചേർന്നുള്ള കരിങ്കല്ല് ഭിത്തിയും ഇടിഞ്ഞു വീണു.
https://www.facebook.com/Malayalivartha
























