നേമത്തെ തോൽവിക്ക് മുരളീധരനോട് പകരം വീട്ടാൻ ബിജെപി, വടകരയിൽ കരുത്തരെ ഇറക്കും നേമത്തെ തോൽവിക്ക് കോൺഗ്രസ് നേതാവ് കെ. മുരളീധരനോട് പകരം വീട്ടാൻ ബിജെപി... വടകരയിൽ മുരളീധരൻ വീണ്ടും മത്സരിച്ചാൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ തോൽപിക്കാൻ, കരുത്തരെ രംഗത്തിറക്കാനാണ് നീക്കം...

നേമത്തെ തോൽവിക്ക് മുരളീധരനോട് പകരം വീട്ടാൻ ബിജെപി, വടകരയിൽ കരുത്തരെ ഇറക്കും
നേമത്തെ തോൽവിക്ക് കോൺഗ്രസ് നേതാവ് കെ. മുരളീധരനോട് പകരം വീട്ടാൻ ബിജെപി. വടകരയിൽ മുരളീധരൻ വീണ്ടും മത്സരിച്ചാൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ തോൽപിക്കാൻ, കരുത്തരെ രംഗത്തിറക്കാനാണ് നീക്കം. എംടി രമേശ് അടക്കമുള്ള മുന്‍നിര നേതാക്കളാണ് പരിഗണനയിലുള്ളത്.
നേമത്ത് കുമ്മനത്തെ വീഴ്ത്തി അക്കൗണ്ട് പൂട്ടിച്ചതിൽ ശിവൻകുട്ടിയെക്കാൾ കെ. മുരളീധരനോടാണ് ബിജെപിക്ക് എതിർപ്പ്. മുരളി ഇറങ്ങിയില്ലെങ്കിൽ ത്രികോണപ്പോരില്ലാതെ കോൺഗ്രസ് വോട്ടുകൾ അടക്കം കിട്ടി സീറ്റ് നിലനിർത്താനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടൽ. നേമത്ത് കിട്ടിയതിന് വടകരയിൽ കൊടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ പി. ജയരാജനോടുള്ള പോരിൽ ബിജെപി അനുകൂല വോട്ടുകളും മുരളിക്ക് പോയിരുന്നു. അന്ന് മത്സരിച്ച പാർട്ടി സ്ഥാനാർത്ഥിക്ക് കിട്ടിയത് 80,000 വോട്ട്. മറ്റെല്ലായിടത്തും മുൻ തെരഞ്ഞെടുപ്പിനെക്കാൾ ചുരുങ്ങിയത് ഇരുപതിനായിരം വോട്ടുകൾ ബിജെപിക്ക് കൂടിയിരുന്നു.
വടകരയിൽ പോയ വോട്ടുകളടക്കം പരമാവധി ശേഖരിച്ച് ത്രികോണ മത്സരം ഉയർത്തിയാൽ മുരളീ വീഴുമെന്നാണ് പ്രതീക്ഷ. എംടി രമേശ് അടക്കമുള്ള പ്രമുഖരെയാണ് വടകരയിൽ ഇറക്കാനൊരുക്കുന്നത്. സീറ്റ് ഉറപ്പായവർ മണ്ഡലങ്ങളിൽ ഇതിനോടകം സജീവമാണ്.
ആറ്റിങ്ങലില്‍ വി മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരത്തെ തുടങ്ങി. പത്തനംതിട്ടയില്‍ ഇത്തവണ സാധ്യത കുമ്മനം രാജശേഖരനാണ്. എറണാകുളത്ത് അനില്‍ ആന്‍റണിക്ക് നറുക്ക് വീണേക്കും. പാലക്കാട് സി കഷ്ണകുമാര്‍ തന്നെയാവും. തൃശ്ശൂരില്‍ സുരേഷ് ഗോപി നേരത്തെ തന്നെ സീറ്റുറപ്പിച്ചു. കോഴിക്കോട്ട് ശോഭ സുരേന്ദ്രനും പ്രവര്‍ത്തനം സജീവമാക്കി.
തിരുവനന്തപുരത്ത് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി എത്തുമോ എന്നതിലാണ് ആകാംക്ഷ. സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തില്‍ ഒരു പിടിയും ഇല്ല. കെ സുരേന്ദ്രന്‍ ഇത്തസവണ മത്സരിക്കാനിടയില്ല. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ഇക്കുറി ആലപ്പുഴ ഇറങ്ങണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ ആവശ്യം. തുഷാര്‍ പക്ഷേ ഇക്കാര്യത്തിൽ കൈകൊടുത്തിട്ടില്ല.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റിലും അതിശക്തരെ രംഗത്തിറക്കാൻ സിപിഐ. നാലിൽ മൂന്നിലും ജയിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹിളാസംഘം ജനറൽ സെക്രട്ടറിയുമായ ആനി രാജയുടെ പേരാണ് സജീവ പരിഗണനയിൽ. മന്ത്രി ജി.ആർ. അനിലിനും സാദ്ധ്യതയുണ്ട്. രാജ്യസഭാ എംപിയായ ബിനോയ് വിശ്വവും പരിഗണനയിലാണ്.
സിപിഐ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിനാൽ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാൻ കഴിവുള്ള പൊതുസ്വീകാര്യനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അതിശക്തമായ മത്സരമാണ് സിപിഐ ആഗ്രഹിക്കുന്നത്. ബിജെപിക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം സിപിഐയ്ക്ക് സിപിഎം നൽകിയിട്ടുണ്ട്. ത്രികോണ പോരിന്റെ ചൂടുള്ള തിരുവനന്തപുരം ഏറ്റെടുക്കാൻ പോലും സിപിഎം തയ്യാറാണ്. ഇത് മനസ്സിലാക്കിയാണ് തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെന്ന നിർദ്ദേശം സിപിഐ മുമ്പോട്ട് വയ്ക്കുന്നത്.
മാവേലിക്കരയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എ.ഐ.വൈ.എഫ് നേതാവ് സി.എ.അരുൺകുമാർ, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ എന്നിവരെ പരിഗണിക്കുന്നു. തൃശൂരിൽ മുൻ മന്ത്രി വി എസ്.സുനിൽ കുമാറിനാണ് മുൻഗണന. വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മല്ലിടാൻ കെൽപ്പുള്ള യുവ നേതാവിനായാണ് തെരച്ചിൽ. വയനാട്ടിൽ ജയസാധ്യത തീരെ കുറവാണെന്നും സിപിഐ തിരിച്ചറിയുന്നുണ്ട്. എന്നാൽ മറ്റ് മൂന്നിടത്തും ജയിക്കാമെന്നാണ് പ്രതീക്ഷ. തൃശൂരിൽ ബിജെപിക്കായി മത്സരിക്കുന്ന സുരേഷ് ഗോപി കോൺഗ്രസ് വോട്ടുകൾ പിടിച്ചെടുക്കുമെന്നും അതുകൊണ്ട് തന്നെ ഇടത് വോട്ട് ബാങ്ക് നിലനിർത്തിയാൽ പോലും ജയിക്കാമെന്നുമാണ് വിലയിരുത്തൽ.
മാവേലിക്കരയിൽ വർഷങ്ങളായി കൊടിക്കുന്നിൽ സുരേഷാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. ഇതിൽ കോൺഗ്രസിൽ പോലും എതിർപ്പുകളുണ്ട്. ഇത് മുതലെടുത്താൽ ജയിക്കാമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് ശശി തരൂരിന് ആഗോള പൗരന്റെ പ്രതിച്ഛായയുണ്ട്. ഇതു കൊണ്ട് തന്നെ അതിശക്തനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് നിലപാട്. കഴിഞ്ഞ തവണ സി ദിവാകരൻ മത്സരിച്ചിട്ട് പോലും സിപിഐ മൂന്നാം സ്ഥാനത്ത് പോയി. ഈ സാഹചര്യത്തിലാണ് ആനി രാജയുടെ അടക്കം പേര് പരിശോധിക്കുന്നത്. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് ആനി രാജയുടെ പേരിനോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സിപിഎമ്മുമായി സംസാരിച്ച് പൊതു സ്വതന്ത്രനെ നിർത്താനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























