തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ...

തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.
ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകി.
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഇന്നലെ അതിശക്തമായ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ജയിൽ വകുപ്പിലെ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ പിഎസ്‌സി മാറ്റി ച്ചു. മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഞായറാഴ്ച്ച വരെ സംസ്ഥാനത്തെ മഴ പൊതുവെ ദുർബലമാകും എന്നാണ് വിലയിരുത്തൽ. ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.
കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിൻ്റെ സൂചനയായി അടുത്ത ആഴ്ച്ചയോടെ മലയോര മേഖലയിൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴക്ക് ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകർന്നിരുന്നു. ഔദ്യോഗിക കണക്കുകള്‍. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.ചിറയിന്‍കീഴ്,വര്‍ക്കല,കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ (58) കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ലഭിച്ച ശക്തമായ മഴയില്‍ ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 133 കര്‍ഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്. ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ആര്യന്‍കോട് ആറ് ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശാലയില്‍ 10 ലക്ഷം രൂപയുടെയും പുളിമാത്ത് 2.40 രൂപയുടെയും വാമനാപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























