ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസ് ... പ്രതി റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായ റവന്യൂ ഇന്‍സ്‌പെക്ടറെ തലസ്ഥാന വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
തിരുവനന്തപുരം കോര്‍പറേഷന്‍ ആറ്റിപ്ര സോണല്‍ ഓഫിസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറിനെ 2000 രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് അറസ്റ്റ് ചെയ്ത കേസിലാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി കെ. എ. രാജകുമാരയുടെ ഉത്തരവ്. 2023 ഒക്ടോബര്‍ 4 നാണ് ഫിനോഫ്തലിന്‍ പൊടി വിതറിയ കറന്‍സി നോട്ടുകളുപയോഗിച്ച് വിജിലന്‍സ് ട്രാപ്പ് കേസില്‍ കെണിയൊരുക്കി റവന്യൂ ഇന്‍സ്‌പെപെക്ടറെ അറസ്റ്റ് ചെയ്തത്.
ആറ്റിപ്ര കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി സംഭവത്തിന് രണ്ടാഴ്ച മുമ്പ് പരാതിക്കാരന്‍ ആറ്റിപ്ര സോണല്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനക്കെത്തിയ റവന്യൂ ഇന്‍സ്‌പെക്ടറായ അരുണ്‍കുമാര്‍ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോള്‍ നടപടികള്‍ ത്വരിതഗതിയിലാക്കുന്നതിന് കൈക്കൂലിയുമായി ബുധനാഴ്ച ഓഫിസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ വിവരം വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ബുധനാഴ്ച വൈകുന്നേരം മുന്നരയോടെ ഓഫിസില്‍വെച്ച് പരാതിക്കാരനില്‍നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയില്‍നിന്ന് കണക്കില്‍പെടാത്ത 7000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
ഫിനോഫ്തിലിന്‍ പുരട്ടിയ 500 ന്റെ 4 നോട്ടുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നോട്ടു നമ്പരുകള്‍ രേഖപ്പെടുത്തിയ എന്‍ട്രസ്റ്റ്‌മെന്റ് മഹസര്‍ തയ്യാറാക്കി വിജിലന്‍സ് പരാതിക്കാരന്റെ കൈവശം കൊടുത്തുവിട്ടു. ഓഫീസിലെത്തി പണം കൈമാറി. വിജിലന്‍സ് കൊണ്ടു വന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ റവന്യൂ ഇന്‍സ്‌പെക്‌റെുടെ കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി പണമായ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രണ്ടു ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് ട്രാപ്പും അറസ്റ്റും നടത്തിയത്. ഇവര്‍ സാധാരണക്കാരെപ്പോലെ പെരുമാറിയതിനാല്‍ പ്രതിക്ക് സംശയം തോന്നിയില്ല. വിജിലന്‍സ് ഏതു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും എപ്പോള്‍ ആവശ്യപ്പെട്ടാലും രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരെ വിട്ടു നല്‍കണമെന്ന് വിജിലന്‍സ് സര്‍ക്കുലര്‍ നിലവിലുണ്ട്.
വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍.എസ്.എല്‍, സനില്‍കുമാര്‍.റ്റി.എസ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അജിത് കുമാര്‍.കെ.വി, അനില്‍കുമാര്‍.ബി.എം, സഞ്ജയ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, അരുണ്‍, ഹാഷിം, അനീഷ്, അനൂപ്, കിരണ്‍ശങ്കര്‍, ജാസിം, ആനന്ദ് എന്നിവരും ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























