കോഴിക്കോട്ട് വീണ്ടും ചുംബനസമരം സംഘടിപ്പിക്കുന്നു, ഇക്കുറി സവര്‍ണ ഫാസിസത്തിനെതിരേ

സദാചാരവിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ്, സവര്‍ണ ഫാസിസത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് നഗരം വീണ്ടും ചുംബനസമരത്തിനു വേദിയാകുന്നു.ആദ്യതവണത്തെ ചുംബനസമരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചാണു ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘം പുതുവത്സരദിനത്തില്‍ വേറിട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്. സവര്‍ണഫാസിസത്തിനെതിരേ ചുംബനത്തെരുവ് എന്ന പ്രഖ്യാപനവുമായി നാളെ രാവിലെ ഒമ്പതുമുതല്‍ പബ്ലിക് ലൈബ്രറി പരിസരത്താണു സമരം.
കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം കെട്ടുതാലി പൊട്ടിക്കല്‍ സമരത്തിനു നേതൃത്വം നല്‍കിയവരാണു ഞാറ്റുവേല പ്രവര്‍ത്തകര്‍. ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങുകളുടെ ഭാഗമായാണു നാളത്തെ പരിപാടിയെന്നു സെക്രട്ടറി സ്വപ്‌നേഷ് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഒമ്പതിനു ഞാറ്റുവേല പ്രവര്‍ത്തകര്‍ ചിത്രം വരച്ചും കൊളാഷ് ചെയ്തും പ്രതിരോധമതില്‍ തീര്‍ക്കും. തുടര്‍ന്ന് ഫാസിസത്തിനും സവര്‍ണ/പുരുഷമേധാവിത്വത്തിനുമെതിരേ സന്ദേശമുള്‍ക്കൊള്ളുന്ന നാടകവും പാട്ടും നൃത്തവും. പിന്നീടു പങ്കാളിത്തപ്രഖ്യാപനവും കെട്ടുതാലിപൊട്ടിക്കലും. ഇതിനെല്ലാമിടയില്‍ ചുംബനവുമുണ്ടാകുമെന്നാണു ഭാരവാഹികളുടെ വിശദീകരണം.
കൊച്ചിയില്‍ പ്രതീകാത്മകമായി നടത്തിയ കെട്ടുതാലി ചുട്ടരിക്കല്‍ സമരത്തിന്റെ തുടര്‍ച്ചയായി കെട്ടുതാലി അറുത്തെറിഞ്ഞാണു നാളത്തെ സമരം. പരിപാടി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതുമുതല്‍ വ്യാപക എതിര്‍പ്പുകളുയരുന്നുണ്ട്. പരിപാടിക്കുനേരേ ബോംബെറിയുമെന്നു ഹിന്ദുത്വശക്തികളും ഹനുമാന്‍സേനക്കാരും ഭീഷണിപ്പെടുത്തിയതായി സ്വപ്‌നേഷ് ബാബു ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























