കൊച്ചി മെട്രോയുടെ പ്രാരംഭ പരീക്ഷണ ഓട്ടം 23-ന്

ആദ്യഘട്ട പരീക്ഷണ ഓട്ടം ജനുവരി 23-ന് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോ റയില്‍ നിര്‍മാണം പുതിയ ട്രാക്കിലേക്ക്. മെട്രോ ട്രെയിനിന്റെ കൊച്ചിയിലെ അവതരണവും നിലത്തു കൂടിയുള്ള പരീക്ഷണ ഓട്ടത്തിന്റെ തുടക്കവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. മെട്രോ ട്രെയിനിന്റെ ആദ്യ ഓട്ടം ആലുവ മുട്ടം യാഡില്‍ തയാറാക്കുന്ന ഒരു കിലോ മീറ്റര്‍ ട്രാക്കിലാണ് .
കൊച്ചിയില്‍ സര്‍വീസ് നടത്താന്‍ പോകുന്ന മെട്രോ ട്രെയിന്‍ ആദ്യമായി കാണാനുള്ള അവസരവും 23-നാണ്. ആദ്യഘട്ടത്തില്‍ തറയിലൂടെയുള്ള പരീക്ഷണ ഓട്ടത്തിനു ശേഷം പാളത്തിലേക്കെത്തിച്ചു പരീക്ഷണ ഓട്ടം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. കൊച്ചിയിലേക്കുള്ള മെട്രോ കോച്ചുകളുടെ കൈമാറ്റം ജനുവരി രണ്ടിനു നടക്കും.
ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ കോച്ച് നിര്‍മാതാക്കളായ അല്‍സ്‌റ്റോമിന്റെ ഫാക്ടറിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മന്ത്രി ആര്യാടന്‍ മുഹമ്മദിനു കോച്ചുകള്‍ കൈമാറും. അവിടെ നിന്നു മുട്ടത്തേക്കു വന്‍ ട്രെയിലറുകളില്‍ കോച്ചുകളെത്തിക്കാന്‍ 10 ദിവസമെടുക്കുമെന്നാണു കരുതുന്നത്.
ഇതിന്റെ തയാറെടുപ്പിനായി കേരളത്തിലേക്കുള്ള റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിലറുകള്‍ ഓടിച്ചിരുന്നു. മുട്ടം യാഡില്‍ കോച്ചുകള്‍ സൂക്ഷിക്കാനും മറ്റ് അനുബന്ധ ജോലികള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നു. യാഡില്‍ എത്തിച്ച ശേഷമാണു കോച്ചുകള്‍ ഒന്നിച്ചു ചേര്‍ക്കാനുള്ള നടപടി തുടങ്ങുക.
മൂന്നു കോച്ചുകള്‍ അടങ്ങുന്നതാണ് മെട്രോ ട്രെയിന്‍. ഓരോ കോച്ചിനും 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമാണുള്ളത്. 250 യാത്രക്കാര്‍ക്ക് ഇതില്‍ സഞ്ചരിക്കാനാകും. സംസ്ഥാനത്തെ ആദ്യ മെട്രോ ഓട്ടം വര്‍ണാഭമാക്കാനുള്ള തയാറെടുപ്പിലാണു സര്‍ക്കാരും കൊച്ചി മെട്രോ റയില്‍ ലിമിറ്റഡും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























