വിഴിഞ്ഞത്ത് ക്രെയിനുകൾ ഇറക്കാൻ അനുമതി.... ചൈനീസ് ക്രൂവിലെ രണ്ട് ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസാണ് അനുമതി നൽകിയത്...

വിഴിഞ്ഞത്ത് ക്രെയിനുകൾ ഇറക്കാൻ അനുമതി. ചൈനീസ് ക്രൂവിലെ രണ്ട് ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസാണ് അനുമതി നൽകിയത്. കഴിഞ്ഞ 12-ാം തിയതിയാണ് ചൈനീസ് കപ്പൽ ഷെൻഹുവ 15 മുന്ന് ക്രെയിനുകളുമായി വിഴിഞ്ഞത്ത് എത്തിയത്. 15 -ാം തിയതി സർക്കാർ കപ്പലിന് ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു.
ഇത് കഴിഞ്ഞ് ഇത്രദിവസം പിന്നിട്ടിട്ടും ക്രെയിനുകൾ ഇറക്കാൻ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ കാലാവസ്ഥാ പ്രശ്‌നമാണ് ക്രെയിനുകൾ ഇറക്കാൻ താമസിക്കുന്നതെന്നായിരുന്നു വിശദീകരണം. പിന്നീടാണ് ചൈനീസ് ക്രൂവിനുള്ള അനുമതിയില്ലായെന്ന് മനസിലാക്കിയത്. അനുമതി ലഭിച്ചെങ്കിലും കടൽ ശാന്തമാകാതെ ക്രെയിനുകൾ ഇറക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ക്രെയിനുകൾ ബെർത്തിൽ ഇറക്കാനാകാത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ വിസാ നിഷേധമല്ല. സർക്കാരിന്റെ സ്വീകരണ പരിപാടി മൂലമാണു നാലു ദിവസം വൈകിയതെങ്കിൽ, മൂന്നു ദിവസമായി തടസ്സം ഫോറിനേഴ്‌സ് റീജനൽ റജിസ്‌ട്രേഷൻ ഓഫിസി(എഫ്ആർആർഒ)ന്റെ എതിർപ്പാണെന്നാണു പ്രചരിച്ച വിവരം. എന്നാൽ ക്രെയിൻ ഇറക്കേണ്ടത് കപ്പലിലുള്ളവർ അല്ലെന്നും മുംബൈയിൽ നിന്ന് എത്തേണ്ട വിദഗ്ധരാണെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മറുനാടനോട് പറഞ്ഞു. താനിപ്പോൾ ഡൽഹിയിലാണെന്നും വൈകാതെ തന്നെ വിദഗ്ധ ജീവനക്കാർ വിഴിഞ്ഞത്ത് എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കപ്പലിലെ ചൈനക്കാരായ ജീവനക്കാർക്ക് ബെർത്തിൽ ഇറങ്ങാൻ അനുമതി നൽകേണ്ടത് എഫ്ആർആർഒയാണ്. ക്രെയിൻ ബെർത്തിൽ ഇറക്കുമ്പോൾ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ക്രൂവിനാണുള്ളതെന്നും അതിന് ഇവർ ബെർത്തിൽ ഇറങ്ങിയേ മതിയാകൂ എന്നുമായിരുന്നു വാർത്തകൾ. എന്നാൽ മുദ്രയിൽ ഇറങ്ങാനും ഈ ജീവനക്കാർക്ക് അനുമതിയുണ്ടായില്ല. നിർമ്മാണഘട്ടത്തിലുള്ള വിഴിഞ്ഞം തുറമുഖത്തിനു തുറമുഖ പദവിയില്ല. ഈ തുറമുഖം വഴി വിദേശരാജ്യത്തു നിന്ന് ഇന്ത്യൻ കരയിൽ ഇറങ്ങാനാകില്ല. ഈ തടസ്സം അവിടെയുണ്ട്.
ഷെൻഹുവാ 15 കപ്പലിലെ സാങ്കേതികവിദഗ്ദ്ധർക്ക് കപ്പലിൽനിന്ന് ബെർത്തിലേക്കിറങ്ങാനുള്ള എമിഗ്രേഷൻ അനുമതി ലഭിക്കാത്തതാണ് ക്രെയിൻ ഇറക്കാനാകാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്നായിരുന്നു വാർത്തകൾ. കഴിഞ്ഞ ദിവസം കടൽ പ്രക്ഷുബ്ധമായതിനാൽ ക്രെയിൻ ഇറക്കുന്നത് അടുത്തദിവസത്തേക്കു മാറ്റിവെച്ചിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമായിട്ടും ബുധനാഴ്ചയും ക്രെയിൻ ഇറക്കുന്നത് ആരംഭിക്കാനായില്ല. ക്രെയിനുകൾ ഇറക്കിവെച്ചശേഷം 21-ാം തീയതി കപ്പൽ ഇവിടെനിന്നു മടങ്ങണമെന്നാണ് കരാർ. അധികമായി ബെർത്തിൽ തുടരേണ്ടി വന്നാൽ ഒരോ ദിവസവും ഉയർന്ന വാടക നൽകേണ്ടിവരുമെന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha


























