ഛത്തീസ്ഗഡ് അനാഥാലയത്തിലെ മൂന്നു വയസ്സുകാരി ഇനി മുതല്‍ ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ വളര്‍ത്തുമകള്‍

വിപ്ലവ നായിക സികെ ജാനുവിന് ഇത് വാത്സല്യത്തിന്റെ നിമിഷങ്ങള്‍. ഛത്തീസ്ഗഡ് അനാഥാലയത്തിലെ മൂന്നു വയസ്സുകാരി ഇനി മുതല്‍ ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ വളര്‍ത്തുമകളാണ്. വാത്സല്യത്തോടെ അവളെ ചേര്‍ത്തുപിടിച്ച് ജാനു പറയുന്നു. ഇവള്‍ സി.കെ. ജാനകി. ഇനിയെന്റെ മകളായി നാടറിയും.
ഏറെക്കാലമായി ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ജാനു ആഗ്രഹിക്കുന്നു. പെണ്‍കുഞ്ഞ് മതിയെന്ന് നേരത്തേ തീരുമാനിച്ചതാണ്. അവള്‍ തന്നെ അമ്മയെന്നു വിളിക്കണമെന്നും സമരമുഖങ്ങളിലും ജീവിതത്തിലും തണലായി ഉണ്ടാകണമെന്നും കൊതിച്ചു. നിയമപരമായി ദത്തെടുക്കുന്നതാണ് നല്ലതെന്ന ഉപദേശത്തെത്തുടര്‍ന്ന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും ഏറെക്കാലം കാത്തിരിക്കണമായിരുന്നു. തുടര്‍ന്നാണ് ദേശീയതലത്തില്‍ റജിസ്റ്റര്‍ ചെയ്തത്. ഛത്തീസ്ഗഡിലെ സേവാഭാരത് എന്ന അനാഥാലയത്തില്‍ ഒരു കുഞ്ഞ് ലഭ്യമാണെന്നു വിവരം കിട്ടിയത് ഏതാനും ആഴ്ചകള്‍ മുന്‍പ്. അവിടെപ്പോയി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കുട്ടിയെ നിയമപരമായി ദത്തെടുത്ത ശേഷം വയനാട്ടിലെ പനവല്ലിയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ.
വീട്ടിലെത്തിയ ഉടന്‍ അവളെ അമ്മയെന്നു വിളിക്കാന്‍ പഠിപ്പിച്ചു. ജാനകിയെന്നു പേരുമിട്ടു. ജാനുവിന്റെ മകള്‍ ജാനകി.
സി.കെ.ജാനുവെന്ന തീപ്പൊരി നേതാവിനെ അറിയുന്നവര്‍ക്ക് ജാനുവെന്ന കുട്ടികളുടെ കൂട്ടുകാരിയെ അറിയില്ല. അരവയര്‍ നിറയ്ക്കാന്‍ വഴിയില്ലാത്ത കാലത്ത് വീടുകളില്‍ പണിക്കു നില്‍ക്കുമ്പോള്‍ അന്നം കിട്ടുമെന്നു മാത്രമല്ല, കുഞ്ഞുങ്ങളെയും താലോലിക്കാമല്ലോ എന്നോര്‍ത്തായിരുന്നു തനിക്ക് ഉന്മേഷമെന്നു ജാനു പറയുന്നു.
പഠിക്കാന്‍ നിവൃത്തിയില്ലാത്ത ഒട്ടേറെ കുട്ടികളെ ജാനു പണം സ്വരൂപിച്ച് പഠിപ്പിക്കുന്നുണ്ട്. ടിടിസി മുതല്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ വരെ. നേതാവായ അമ്മയ്‌ക്കൊപ്പം മകള്‍ക്കുമിപ്പോള്‍ തിരക്കു പിടിച്ച ജീവിതം. ബത്തേരിയില്‍ ആദിവാസി ഗോത്രമഹാസഭയുടെ യോഗത്തിലേക്ക് അമ്മയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് ജാനകിയുമെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























