സോണിയ ഗാന്ധി പറഞ്ഞതിന് പുല്ലുവില... തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഗ്രൂപ്പുകള്‍ സജീവം; മുല്ലപ്പള്ളി, സുധീരന്‍ വിഷയം തുറന്ന പോരിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടുത്തിടെ കേരളത്തില്‍ വന്ന സമയത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കിനെതിരെ ശക്തമായ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രതിഷേധങ്ങള്‍ പരസ്യമായി കോണ്‍ഗ്രസില്‍ തലപൊക്കിത്തുടര്‍ന്നു.
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. വിട്ടുനിന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് ആരോപണം.
യാത്രയുടെ കോഴിക്കോട് ജില്ലയിലെ ആദ്യദിവസ പര്യടന സമാപനം മുല്ലപ്പള്ളിയുടെ വീടിനു സമീപമായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ചൊടിപ്പിച്ചു. സുധീരനോടുള്ള അമര്‍ഷമാണു മുല്ലപ്പള്ളിയുടെ നടപടികളിലുള്ളതെന്നാണ് അനുയായികളുടെ നിരീക്ഷണം. പരസ്യ പ്രതികരണത്തിനു മുതിര്‍ന്നിട്ടില്ലെങ്കിലും പാര്‍ട്ടി പുന:സംഘടനയില്‍ തനിക്കൊപ്പംനിന്നവരെ തഴഞ്ഞു എന്ന പരാതിയാണു മുല്ലപ്പള്ളിക്കുള്ളത്. മുക്കാളിയിലെ വീട്ടിലുണ്ടായിരിക്കെയാണു വിളിപ്പാടകലെ നടന്ന വി.എം സുധീരന്റെ ജനരക്ഷായാത്രയുടെ മേഖലാ സമാപന സമ്മേളനം നടന്നത്.
കഴിഞ്ഞ ദിവസം ജില്ലയില്‍ നടന്ന യാത്രയുടെ മറ്റ് സ്വീകരണസ്ഥലങ്ങളിലും എം.പി. പങ്കെടുത്തിരുന്നില്ല. അതേസമയം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വടകരയിലെ സുധീരന്റെ പരിപാടിയിലേക്കു മുല്ലപ്പള്ളിയെ ക്ഷണിച്ചിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
മുല്ലപ്പള്ളിയുടെ അസാന്നിധ്യം മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സുധീരന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ മുല്ലപ്പള്ളിയുടെ അസാന്നിധ്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ മണ്ഡലത്തില്‍ പരിപാടിയുള്ളതുകൊണ്ടാകാം പങ്കെടുക്കാത്തതെന്നായിരുന്നു വിശദീകരണം. മുല്ലപ്പള്ളി ജനരക്ഷായാത്രക്കെതിരേ നിലപാടെടുക്കുമെന്നു കരുതുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
ജനരക്ഷായാത്ര വടകരയില്‍ എത്തുന്നതിനു മുന്‍പുതന്നെ സുധീരനും മുല്ലപ്പള്ളിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഔദ്യോഗിക നേതൃത്വത്തോടു മുല്ലപ്പള്ളി വിഭാഗം ഇടഞ്ഞു നില്‍ക്കുന്നത് വടകര മേഖലയില്‍ കോണ്‍ഗ്രസിനു തലവേദനയാകുമെന്നാണു വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























