മുഖ്യമന്ത്രി കസേര തുലാസില്‍... ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയത്തിന് തീപിടിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പിണറായി വിജയനെതിരെ പുതിയ കുരുക്ക്. എസ്എന്‍സി ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് നീക്കുകയാണ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.
തെളിവുകള്‍ പലതും കീഴ്‌ക്കോടതി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കേസില്‍ ഉപഹര്‍ജി നല്‍കുക. ഒരു വിദേശകമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്‍ക്കുക വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയത് നിസാരസംഭവമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമക്കും. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയാണ് ഉപഹര്‍ജി നല്‍കുന്നത്. റിവിഷന്‍ ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നും ആവശ്യപ്പെടും. സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും കോടതിയില്‍ ഉന്നയിക്കും. പിണറായിയെ വെറുതെ വിട്ടതിനെതിരെ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. നേരത്തെ ഈ കേസില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ളവ നടന്നിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് സിപിഐ(എം) കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ലാവ്‌ലിന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാറെന്നും സിപിഐ(എം) നേതാവ് എം വി ജയരാജന്‍ വിമര്‍ശിച്ചു. പിണറായിയുടെ ഇമേജ് തകര്‍ക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമമാണ് ഇതെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.
കേസില്‍ നിന്നു പിണറായി വിജയനെ ഒഴിവാക്കി സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉപഹര്‍ജി നല്‍കുന്നത്. കേസില്‍ നേരത്തെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടായിരുന്നു കോടതി പിണറായി വിജയന്റെ വിടുതല്‍ ഹരജി അംഗീകരിച്ചത്. ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഏഴ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇവര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കണമെന്ന കാര്യം വ്യക്തമാണ്. ലാവലിന്‍ കേസ് തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയം ആക്കാനാണ് ഉദ്ദേശിക്കുന്നത്. യുഡിഎഫില്‍ നിന്നും ജനതാദള്‍ അടക്കമുള്ള കക്ഷികള്‍ പുറത്തേക്ക് പോകാനുള്ള സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നവകേരളാ മാര്‍ച്ചുമായി പിണറായി രംഗത്തെത്തിയ സമയത്താണ് സര്‍ക്കാര്‍ പിണറായിക്കെതിരെ രംഗത്തെത്തിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















