കാർ ലോറിയിലിടിച്ച്, അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിൽ അനുജയുടെയും, ഹാഷിമിന്റെയും ഫോൺ കോളുകൾ കൂടാതെ, ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാനൊരുങ്ങി പോലീസ്: ഹരിയാന സ്വദേശിയായ ലോറി ഡ്രൈവറെ, കേസിൽ നിന്ന് ഒഴുവാക്കി:- ലോറിയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടം മകളെ കൊലപ്പെടുത്താൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പിതാവ്: സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യം...

കാർ ലോറിയിലിടിച്ച്, അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിൽ മരിച്ച അധ്യാപിക അനുജയുടെയും സുഹൃത്ത് ഹാഷിമിന്റെയും ഫോൺ കോളുകൾ കൂടാതെ, ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നത്. ലോറിയിലേക്ക് മനഃപൂർവം കാറിടിച്ചു കയറ്റിയതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹരിയാന സ്വദേശിയായ ലോറി ഡ്രൈവറെ ഇതുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കിയതായി പൊലീസ് അറിയിച്ചു.
അപകടം നടന്ന സമയത്ത് ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നു. ഇതിനിടെ യുവതിയുടെ പിതാവ്, ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ലോറിയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടം മകളെ കൊലപ്പെടുത്താൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചതാണെന്നു സംശയമുള്ളതിനാൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് നൂറനാട് പൊലീസിൽ അദ്ദേഹം പരാതി നൽകിയിരിക്കുകയാണ്.
ഹാഷിം മകളെ ഭീഷണിപ്പെടുത്തി ബലമായാണ് കുളക്കടയിൽനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയത്. അമിത വേഗത്തിൽ ലോറിക്ക് മുന്നിലേക്ക് കാർ ഓടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നും അനുജയുടെ പിതാവ് രവീന്ദ്രൻ പരാതിയിൽ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് അടൂർ പൊലീസ് സ്റ്റേഷനിലായതിനാൽ നൂറനാട് പൊലീസിനു ലഭിച്ച പരാതി അടൂർ പൊലീസിനു കൈമാറി.
അപകടത്തെ തുടർന്ന് കാറിന്റെ മുന്‍ സീറ്റിലായിരുന്നു ഹാഷിം കിടന്നിരുന്നത്. അനുജ പുറകിലെ സീറ്റിലായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ മുന്‍ സീറ്റില്‍ നിന്ന് തെറിച്ച് പിന്നിലേക്ക് വീണതാകാമെന്നാണ് റിപ്പോര്‍ട്ടുകൾ. ഹാഷിം കാർ മനഃപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് ഹരിയാന സ്വദേശിയായ ലോറി ഡ്രൈവറും മകനും പറയുന്നത്. കോട്ടയത്തു നിന്നു ശിവകാശിക്ക് പോയതായിരുന്നു ഹരിയാണ സ്വദേശികളായ ഷാരൂഖും പിതാവ് റമ്ജാനും. പിതാവായിരുന്നു വാഹനമോടിച്ചിരുന്നത്.
35-40 കിലോമീറ്റര്‍ വേഗത്തിലാണ് ലോറി ഓടിക്കൊണ്ടിരുന്നതെന്നും വലിയ ശബ്ദത്തിന് ശേഷം ലോറിയില്‍നിന്നു ഇറങ്ങിയപ്പോഴാണ് ഒരു കാര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടതെന്നും ഷാരൂഖ് മൊഴി നൽകിയിട്ടുണ്ട്. അപകട സ്ഥലത്ത് കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കുന്നു. ഇതാണ് ഹാഷിം മനഃപൂർവം ആത്മഹത്യ ചെയ്യാനായി കാർ ഇടിച്ചുകയറ്റിയതാണെന്ന വാദത്തിന് ബലമേകുന്നത്. അപകടത്തിൽപ്പെട്ട ഈ കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും സൂചനകളുണ്ട്. എന്നാൽ കാറിൽ എയർബാഗില്ലായിരുന്നു. പഴയ അടൂർ രജിസ്ട്രേഷനിലാണ് കാർ. ഇതിൽ മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയ അധ്യാപകരുടെ സംഘം സഞ്ചരിച്ച ട്രാവലറിന് കുറുകെ കാർ നിർത്തിയാണ് ഹാഷിം അനുജയെ വിളിച്ചിറക്കിയത്. ഏറ്റവും മുന്‍പില്‍ ഇടതുഭാഗത്തിരുന്ന അനുജയോട് ഇറങ്ങി വരാൻ ഇയാൾ ആക്രോശിക്കുകയായിരുന്നു. ആദ്യം അനുജ ഒന്ന് പകച്ചുവെങ്കിലും പിന്നീട് സമീപമിരുന്ന അധ്യാപികയോട് അനുജന്‍ വിഷ്ണുവാണ് എന്ന് പറഞ്ഞ് ട്രാവലറില്‍ നിന്നിറങ്ങി. അനുജ കേറിയ ഉടൻ ഹാഷിം കാർ അമിതവേഗത്തിൽ മുന്നോട്ട് എടുത്തു. പിന്നീട് വളരെ വേഗം കാർ കണ്‍മുന്‍പില്‍നിന്ന് മറഞ്ഞതായും അധ്യാപകർ പറയുന്നു. ഇതിനിടെ ഇതേ റൂട്ടിൽ സഞ്ചരിച്ച ചിലരും ഇരുവരും സഞ്ചരിച്ച വാഹനം കണ്ടതായി മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു.
മരിച്ച അനുജയുടേയും മുഹമ്മദ് ഹാഷിമിന്റെയും ബന്ധം എത്രനാൾ മുൻപ് തുടങ്ങി എന്നതും ഇവർ തമ്മിൽ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടോയെന്നും ബാങ്ക് രേഖകൾ പരിശോധിച്ചാൽ അറിയാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാൻ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂർ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കിൽ ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകണം. വാട്സ്ആപ്പ് ചാറ്റുകളും ഫോൺ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബർ വിഭാഗം.
സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവലറിൽ ഉണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ സഹപ്രവർത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha