സ്കൂള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില് ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു
സ്കൂള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില് ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു.
ചന്ദനത്തോപ്പ് നവകൈരളി നഗര്‍ സൗത്ത് ഡെയ്ലില്‍ സാജന് ലത്തീഫ് മുഹമ്മദിന്റെയും ഹാംലത്തിന്റെയും മകന് എം.എസ്.അര്ഫാന് (15) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം നടന്നത്.
കേരളപുരം സെന്റ് വിന്‍സന്റ് സ്കൂള്‍ മൈതാനിയില്‍ കൂട്ടുകാരുമൊത്ത് പന്തു കളിച്ചു കൊണ്ടിരിക്കെയായിരുന്നു. കളിക്കിടെ മതിലിനു പുറത്ത് ഇടവഴിയിലേക്കു പന്ത് തെറിച്ചു വീണു. ഇത് എടുക്കാനായി ഒരു കുട്ടി മതില് ചാടി ഇറങ്ങി.
ബോള്‍ കണ്ടെത്താനായി കഴിയാത്തതിനാല്‍ അര്ഫാന് മതിലിനോട് ചേര്‍ന്നു നിന്ന വൈദ്യുതി പോസ്റ്റ് വഴി ഊര്‍ന്ന് ഇറങ്ങുമ്പോഴായിരുന്നു ഷോക്കേറ്റത്. തെരുവുവിളക്ക് കത്തിക്കുന്നതിനായി ക്രമീകരിച്ചിരുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
അപകടം കണ്ട സമീപവാസി അടിയന്തര പ്രഥമശുശ്രൂഷ നല്കിയ ശേഷം കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് നഷ്ടമായി. ഇതേ സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അര്ഫാന്. സംസ്കാരം ഇന്ന് 12ന് തൃക്കരുവ മുസ്ലിം ജുമാ അത്തില് നടക്കും. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha