അവസാനം ഉമ്മന്‍ചാണ്ടിയുടെ രാജിയുടെ വക്കത്തെത്തിച്ച കലാശക്കളി ഇങ്ങനെ...

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീഴുന്നു. സരിതബോംബ് പൊട്ടി ദാരുണമായ അന്ത്യം. പി.സി. ജോര്‍ജ്ജും, പിള്ളയും, ഗണേഷനുമൊക്കെച്ചേര്‍ന്ന അച്ചുതണ്ട് ശക്തികളുടെ ശക്തമായ നീക്കം. കൂടെ കോടതിയും രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാകുന്നു. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നു പറഞ്ഞ് കെ.എം. മാണിക്കെതിര ബാര്‍ കേസുണ്ടായപ്പോള്‍ തന്നെ വിവാദമുണ്ടാക്കിയ കെ. ബാബുവിന്റെ വാക്കുകള്‍ അറംപറ്റിയപോലെ തൃശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശവും.
ജനം അന്തം വിട്ടിരിക്കുന്നു. നേരും നുണയും തിരിച്ചറിയാനാവാത്ത അവസ്ഥ. സരിതയെപ്പോലെ ഒരു വിശ്വാസതയുമില്ലാത്ത വിവാദനായികയെ തോളിലേറ്റി നൃത്തം ചവിട്ടിയ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ വിയര്‍ക്കുന്നു. പിതൃതുല്യനെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ ഇതുവരെ രക്ഷപ്പെടുത്തിയത് ഇതുപോലൊരു തീവ്രനീക്കം മുന്നില്‍ക്കണ്ടായിരുന്നു എന്നു സംശയിക്കപ്പെടുന്നു.
ഇന്നുരാവിലെ പി.സി. ജോര്‍ജ്ജിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് പ്രതിരോധത്തിലേക്ക് തിരിഞ്ഞ ഉമ്മന്‍ചാണ്ടിയെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ജോര്‍ജ്ജും കൂട്ടരും തറപറ്റിച്ചത്.
രാവിലെ മുതല്‍ കേരളത്തിലുടനീളം അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്താനാണ് ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തത്. ഇതിലും എ ഗ്രൂപ്പ് രാഷ്ട്രീയം കാണുന്നു. പ്രതിഷേധ കൊടുങ്കാറ്റില്‍ നേതൃമാറ്റമെന്ന അവസാന ആയുധം പ്രയോഗിക്കാന്‍ തീരുമാനമെടുത്ത ഐ ഗ്രൂപ്പ് തന്ത്രങ്ങളും നിലംപൊത്തുന്നു.
ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചിരുന്ന കെ.എം. മാണിയെ വീഴ്ത്തിയുള്ള രമേശ് ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടായിരുന്നു. പിന്നീട് ബാബുവിലേക്കും തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയിലേക്കും എ ഗ്രൂപ്പ് പ്രമുഖനായ ആര്യാടനിലേക്കും നീങ്ങിയ രമേശ് ചെന്നിത്തലയുടെ തന്ത്രങ്ങള്‍ക്ക് എ ഗ്രൂപ്പ് വിരുദ്ധരാണ് നേതൃത്വം നല്കിയത്. ഇവരില്‍ പിള്ളയും, ഗണേഷും, പി.സി. ജോര്‍ജ്ജുമൊക്കെയുണ്ടായി എന്നത് വിധിവൈപരീധ്യം.
ചാരക്കേസില്‍ കെ. കരുണാകരന്റെ വീഴ്ചയുടെ സമാനമായ പതനമാണ് ഉമ്മന്‍ചാണ്ടിക്കുമുണ്ടായത്. സരിതയെ വിശ്വസിക്കാന്‍ ജനം തയ്യാറല്ലെങ്കിലും യു.ഡി.എഫ്. ചീഞ്ഞുനാറുന്ന അവസ്ഥ. വളരെ കരുതലോടെയാണ് ഈ രാഷ്ട്രീയാവസ്ഥയെ ബി.ജെ.പി. നോക്കിക്കാണുന്നത്.
സരിത എക്കാലവും പിള്ളയുടെയും, ഗണേഷ്‌കുമാറിന്റെയും ഏറ്റവുമടുത്ത ചങ്ങാതിയായിരുന്നു. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്കുമാര്‍ ജയിലില്‍ സരിതയെ സന്ദര്‍ശിച്ചതും വിവാദക്കത്തു കൈവശപ്പെടുത്തിയതും ജയില്‍ മോചിതയായ സരിതയ്ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തതും ഏറെ വിവാദമായിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഗണേഷ്‌കുമാറിന് ഉമ്മന്‍ചാണ്ടിയോടുള്ള വിരോധം ചെറുതല്ലായിരുന്നു. ചുരുക്കത്തില്‍ ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ യു.ഡി.എഫി. ന്റെ കെട്ടുറപ്പില്ലായ്മ കൊണ്ടു കഴിഞ്ഞില്ല.
എന്നും സംരക്ഷകനായിരുന്ന കെ.എം. മാണിയെ രക്ഷപ്പെടുത്താന്‍ പോലും കഴിയാതിരുന്ന ഉമ്മന്‍ചാണ്ടി ഏറ്റവും ദുര്‍ബലനായി മാറുന്ന ദാരുണമായ കാഴ്ചയാണ് രാഷ്ട്രീയ കേരളത്തിനു മുന്നില്‍. ബാബുവിനെ രക്ഷിക്കാന്‍ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. അജയ്യതയുടെ രാഷ്ട്രീയ പര്യായമായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന ഭീഷ്മാചാര്യര്‍ ഒടുവില്‍ അപമാനിതനായി പടിയിറങ്ങുന്നു.
ഈ സര്‍ക്കാരിനെ മറിച്ചിട്ട് എല്‍.ഡി.എഫി. നെ അധികാരത്തിലെത്തിക്കാന്‍ എറണാകുളത്തുള്ള ഒരു ബാര്‍ മുതലാളിയായിരുന്നു കലാശക്കളിക്കിറങ്ങിയത്. സരിതയുമായുള്ള ഫോണ്‍ സംഭാഷണം ഈ ബാറുടമ തന്റെ സുഹൃത്തുക്കളായ ബാറുടമകളെ രണ്ട് ദിവസം മുന്‍പുതന്നെ കേള്‍പ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശത്രുക്കളെ ഒരുമിച്ചു നിര്‍ത്തിയുള്ള നീക്കങ്ങളാണ് ശത്രുവിഭാഗം നടത്തിയത്. ലാവ്‌ലിന്‍ കേസ് വീണ്ടും പൊക്കിക്കൊണ്ടുവന്നത് എല്‍.ഡി.എഫി നും കടുത്ത പകയ്ക്കു കാരണമായി.
കലാശക്കളിയുടെ ആവേശം ചാനലുകാര്‍ ആഘോഷിക്കുന്നു. ഏഷ്യാനെറ്റും, റിപ്പോര്‍ട്ടറും കൃത്യമായ അജണ്ടയില്‍ വാര്‍ത്തകള്‍ കൊഴുപ്പിക്കുമ്പോള്‍ മനോരമയും, മാതൃഭൂമിയും എന്തു പറയണമെന്നറിയാതെ വിയര്‍ക്കുന്നു. ജനം ചോദിക്കുന്നു.
മന്ത്രിസഭയുടെ 'രാജി എപ്പോള്‍'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























