വെടിയേറ്റ യുവതിയുടെ ഭർത്താവുമായി പിടിയിലായ ഡോക്ടർക്ക് അടുപ്പം:- ഷിനി സൗഹൃദത്തിന് തടസമാണെന്ന് കണ്ടതോടെ വകവരുത്താൻ ശ്രമം...

തലസ്ഥാനത്തെ നടുക്കിയ വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതി പിടിയിലായതിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ....
ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജീത്തും തമ്മിൽ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിനു പദ്ധതിയിട്ടത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിന്റെ നമ്പർ ഉപയോഗിച്ചു വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്തു നിന്നു വെടിയുതിർത്താൽ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയർ നൽകാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു.
ഞായറാഴ്ച രാവിലെ ഒറ്റയ്ക്കു കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്നിൽ എത്തി കൃത്യം നടത്തി അതേ കാറിൽ ചാക്ക ബൈപാസ് വഴി കടന്നുകളഞ്ഞു. സംഭവം കഴിഞ്ഞ്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന മാധ്യമവാർത്ത മനസ്സിലാക്കിയ ദീപ്തി പിടിയിലാകില്ലെന്നു കരുതി വീട്ടിലേക്കു പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
പൾമനോളജിയിൽ എംഡി എടുത്ത ശേഷം ക്രിട്ടിക്കൽ കെയർ സ്പെഷ്യൽറ്റിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. 5 മാസത്തിലേറെ മുൻപാണ് ആശുപത്രിയിൽ ചേർന്നതെന്നും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം.
ഷിനിയുടെ വീടും പരിസരവും നിരീക്ഷിച്ചു കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറയുന്നു. ഷിനിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം എന്നും പോലീസ് നേരത്തെ പ്രതികരിച്ചിരുന്നു. ഒരു മീറ്റർ അകലത്തിൽ 2 തവണ ഉന്നം പിഴച്ചതിനാൽ തോക്ക് ഉപയോഗിച്ചു പരിചയമില്ലാത്ത ആളാണ് പ്രതിയെന്നു പോലീസ് പറഞ്ഞിരുന്നു. മൂന്നാമത്തെ വെടിയിൽ ഷിനിയുടെ കൈക്ക് പരുക്കേറ്റു രക്തം തെറിച്ചതോടെ ആക്രമിക്കാൻ എത്തിയ ദീപ്തി പിൻവാങ്ങി. ദേശീയ ആരോഗ്യ ദൗത്യത്തിൽ ജോലി ചെയ്യുന്ന ഷിനിക്ക് ഔദ്യോഗിക കത്തുകളും മറ്റും വരാറുണ്ടായിരുന്നു. ഓൺലൈൻ വഴി ഷിനിയും കുടുംബാംഗങ്ങളും സാധനങ്ങൾ വാങ്ങുന്നതും പതിവാണ്.
ശനിയാഴ്ച രാവിലെ ടീഷർട്ടും വൈകിട്ട് അലങ്കാരവസ്തുക്കളും ഓൺലൈൻ കമ്പനിയുടെ വിതരണക്കാർ വീട്ടിൽ എത്തിച്ചിരുന്നു. ഷിനിയുടെ വീട്ടിൽ പതിവായി പാഴ്സൽ വരുന്നത് കണ്ടതു കൊണ്ടാകാം കുറിയർ നൽകാനെന്ന വ്യാജേന ദീപ്തി ഇവിടേയ്ക്ക് എത്തിയത്. കൂടാതെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് വാഹനം കയറ്റാതെ, വേഗത്തിൽ തിരിച്ചു പോകാൻ 50 മീറ്റർ മാറിയുള്ള വളവിലാണ് കാർ നിർത്തിയിട്ടിരുന്നത്.
ഷിനിയുടെ യാത്രകൾ നിരീക്ഷിച്ച് വഴി കൃത്യമായി മനസ്സിലാക്കിയാണ് ദീപ്തി ആക്രമണത്തിന് പദ്ധതി ഇട്ടത്. കണ്ണടച്ചു തുറക്കും മുൻപേ 3 തവണയാണ് ഷൈനിക്ക് നേരെ വെടിയുതിർത്തത്. രണ്ടെണ്ണം ഉന്നം പിഴച്ചു വീടിനകത്തേക്കു പോയി. മൂന്നാമത്തേത് മുഖത്തു കൊള്ളേണ്ടതായിരുന്നു. പേടിച്ച് തടയാൻ ശ്രമിച്ചതിനാൽ കൈവെള്ളയിൽ തുളഞ്ഞുകയറിയതായാണ് സംഭവം നേരിൽ കണ്ട ർതൃപിതാവ് ഭാസ്കരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























