പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്... പരിപൂര്‍ണമായി നടപ്പാക്കാന്‍ ഇടത് വലത് മുന്നണികള്‍ക്കായില്ല... കേരളത്തിലെ ചില ക്രൈസ്തവ സഭകളും കര്‍ഷകസംഘടനകളും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി....
വയനാട് നടുക്കുന്ന ദുരന്തത്തിന് ഉത്തരവാദി മാറി മാറി കേരളം ഭരിച്ച സര്‍ക്കാരുകളും ചില ക്രൈസ്തവ സഭകളുമെന്ന ആക്ഷേപം ശക്തമാകുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണമായി നടപ്പാക്കാന്‍ ഇടത് വലത് മുന്നണികള്‍ക്കായില്ല. കേരളത്തിലെ ചില ക്രൈസ്തവ സഭകളും കര്‍ഷകസംഘടനകളും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി. റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് കേരളത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് പറഞ്ഞ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ശവഘോഷയാത്രയാണ് ചില ക്രൈസ്തവ സഭകള്‍ നടത്തിയത്. ഇത്തരത്തിലുള്ള അനാസ്ഥകള്‍ക്ക് പ്രകൃതി നല്‍കിയ മറുപടിയാണ് വയനാട് ദുരന്തം. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ട് വയ്ക്കുന്നത്. പശ്ചിമഘട്ടത്തിന്റെ വികസനവും പരിസ്ഥിതിപരിപാലനവും പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നടത്താവുന്ന സംരക്ഷണം, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് രൂപപ്പെടുന്നത്. തെക്കേയിന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ട മലനിരകള്‍. അറബിക്കടലില്‍ നിന്ന് ഉയരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണ് പശ്ചിമഘട്ടം.സംസ്ഥാനത്തെ പ്രകൃതി ചൂഷണത്തെക്കുറിച്ചും, വേട്ടയെക്കുറിച്ചും ഗാഡ്ഗില്‍ പറഞ്ഞത് നമ്മള്‍ ബോധപൂര്‍വ്വം അവഗണിച്ചതിന്റെ ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി അനുഭവിക്കുന്നത്. ഒരു പാഠവും മലയാളി പഠിക്കുന്നില്ലെന്നാണ് ഓരോ ദുരന്തവും ഓര്‍മ്മിപ്പിക്കുന്നത്. മലനിരകളും മണ്ണും നദികള്‍ ഉള്‍പ്പെടെയുള്ള ജലശ്രോതസ്സുകളും വികസനത്തിന്റെ പേരില്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. തടയേണ്ട സര്‍ക്കാരുകള്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. പശ്ചിമഘട്ട മലനിരകളില്‍ ക്വാറികളുണ്ടാക്കി. സര്‍ക്കാരുകളുടെ ഒത്താശയോടെയായിരുന്നു ഇത്. പരിസ്ഥിതി സംരക്ഷിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്. യുഡിഎഫ് സര്‍ക്കാരികളുടെ കാലത്താണ് ഏറ്റവും കൂടുതല്‍ പ്രകൃതി നശീകരണം നടന്നിട്ടുള്ളത്. മതമേലധ്യക്ഷന്മാരം രാഷ്ട്രീയ നേതാക്കളും കുടിയേറ്റ കര്‍ഷകരും വളരെ നിന്ദ്യമായാണ് ഗാഡ്ഗിലിനെ കുറിച്ച് അന്ന് സംസാരിച്ചത്. അവരുടെയൊക്കെ കണ്ണ് തുറപ്പിക്കാന്‍ വയനാട് ദുരന്തത്തിനും കഴിയുമെന്ന് തോന്നുന്നില്ല.രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാനായി കമ്മറ്റിയെ നിയമിച്ചത്. 2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.2018, 2019, 2021 വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രളയങ്ങള്‍ ഗാഡ്ഗില്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിന്റെ പരിണിതഫലമായിരുന്നു. മാധവ് ഗാഡ്ഗില്‍ ഈ ദുരന്തങ്ങളെ കുറിച്ച് 10 കൊല്ലം മുന്‍പേ സൂചന നല്‍കിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തില്‍ കടുത്ത ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു. സംസ്ഥാനത്തെ 2018ലെ പ്രളയത്തിന് വളരെ മുമ്പ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.പശ്ചിമഘട്ടം നശിപ്പിച്ചിരിക്കുന്നു. ത്വരിതമായ നടപടികള്‍ ഇനിയും ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് യുഗങ്ങള്‍ വേണ്ട. നാലോ അഞ്ചോ വര്‍ഷം മതി; ഞാനും നിങ്ങളും അന്ന് ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങള്‍ക്കു തന്നെ മനസ്സിലാകും' -അന്ന് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. ആരാണ് കളവ് പറഞ്ഞതെന്നും ഭയന്നിരുന്നതെന്നും വ്യക്തമായെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷവും ഇപ്പോഴും യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കണം ക്വാറികളും ഖനനവും നിയന്ത്രിക്കണം പരിസ്ഥിതി അനുകൂല നിലപാടുകള്‍ ഉണ്ടാകണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന യുഡിഎഫും അതിനെതിരെ രംഗത്തെത്തി. ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കലാപങ്ങളാണ് അഴിച്ചുവിട്ടത്. ജനങ്ങള്‍ തെരുവിലിറങ്ങി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാക്കി. അവരൊക്കെ ഇതല്ല ഇതിനപ്പുറം സംഭവിച്ചാലും നിലപാട് മാറ്റുമെന്ന് തോന്നുന്നില്ല. ഇവരുടെയൊക്കെ ആര്‍ത്തി അത്രയ്ക്കാണ്. പരിസ്ഥിതിയുണ്ടെങ്കിലേ മനുഷ്യജീവിതം സാധ്യമാകൂ എന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല.പശ്ചിമഘട്ട മലനിരകളുടെ രൂപീകരണം എത്രയോ കോടി വര്‍ങ്ങള്‍ക്ക് മുമ്പാണെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. മെഡഗാസ്‌കര്‍ വേര്‍ഷന്‍ തിരിഞ്ഞ് രണ്ട് കോടി വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയുള്‍പ്പെട്ട ഭൂപ്രദേശം വടക്കോട്ട് നീങ്ങുന്നതിനിടെ, വലിയ അഗ്നിപര്‍വത സ്‌ഫോടനം നടന്നെന്നും പറയുന്നു. തുടര്‍ന്ന് ഒരു കോടി കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഖണ്ഡം ഏഷ്യാ വന്‍കരയുമായി കൂട്ടിയിടിച്ചെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇവിടെ ജനവാസം ആരംഭിച്ചിട്ട് ഏകദേശം 3000 വര്‍ഷങ്ങളേ ആയിട്ടുള്ളെന്നും കണക്കാക്കുന്നു. ഭൂമിശാസ്ത്രപരമായി ഉത്തര അക്ഷാംശം 7ഡിഗ്രിക്കും 23ഡിഗ്രിക്കും ഇടയിലാണ് പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ മാത്രം കാണുന്ന ചില സസ്യ, ജന്തു വിഭാഗങ്ങളുണ്ട്. അതില്‍ ചിലത് വംശനാശഭീഷണി നേരിടുന്നതാണ്. ലോകത്തെവിടെയുമില്ലാത്ത സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ധാരാളം ശുദ്ധജല ചതുപ്പുകള്‍ ഇവിടുണ്ട്. ധാരാളം തണ്ണീര്‍തടങ്ങളുണ്ട്. 1920-1990 വരെ പ്രദേശത്തെ 40 ശതമാനത്തോളം വനസമ്പത്ത് നശിപ്പിച്ചതായി പഠനങ്ങള്‍ പറയുന്നു. കാണിക്കുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന കൈയേറ്റങ്ങളാണ് പ്രധാന വിഷയം. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങള്‍, വിനോദസഞ്ചാരം എന്നിവയുടെ പേരിലുള്ള അതിരുവിട്ട കൈയേറ്റങ്ങള്‍ ഈ മലനിരകളെ കാര്‍ന്നുതിന്നുകയാണ്. അതിന്റെ തിരിച്ചടിയാണ് ദുരന്തങ്ങള്‍. അത് മനസിലായിട്ടും കൃത്യമായി ഇടപെടാന്‍ ആരും ഇച്ഛാശക്തികാണിക്കുന്നില്ല.