മുണ്ടക്കൈയില്‍ ജനങ്ങളെ കൊലയ്ക്ക് കൊടുത്തത് സര്‍ക്കാര്‍ ! കേന്ദ്ര മുന്നറിയിപ്പ് കാറ്റില്‍ പറത്തി പിണറായി രാഷ്ട്രീയം കളിച്ചു ; 2018ല്‍ എന്താണോ സംഭവിച്ചത് അത് തന്നെയാണ് വയനാട്ടില്‍ ആവര്‍ത്തിച്ചിരിക്കുന്നത്...പിണറായിക്കെതിരെ ജനരോഷം ഇളകുന്നു

മുണ്ടക്കൈയില്‍ നടന്നിരിക്കുന്നത് സര്‍ക്കാര്‍ വരുത്തിവെച്ച പിഴവ്. ചതിച്ചത് ചൂരല്‍മലയല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. 2018ല്‍ എന്താണോ സംഭവിച്ചിരിക്കുന്നത് അത് തന്നെയാണ് മുണ്ടക്കൈയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വലിയ പിഴവിന് കുറേ മനുഷ്യര്‍ ഇല്ലാതായി. കേരളത്തിന് പ്രളയ മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കൃത്യമായ ഇടപെടലോ ജനങ്ങള്‍ക്ക് മുന്നറിയിപ്പോ കൊടുത്തില്ല സര്‍ക്കാര്‍. ഈ ദുരന്തം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മുണ്ടക്കൈയിലും പരിസരത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. അപ്പോഴും സര്‍ക്കാര്‍ ഇത് കാര്യമായി എടുത്തില്ല, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. അതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. 2018ലെ പ്രളയവും ഇതുപോലെ തന്നെ ആയിരുന്നു മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ട നടപടി സ്വീകരിക്കാതെ ജനങ്ങളെ കൊലയ്ക്ക് കൊടുത്തു.
കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തില്‍ പങ്കെടുക്കും.
മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതല്‍ കേന്ദ്രം നല്‍കി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു.
അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാര്‍ഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരേക്കാള്‍ എത്രയോ മടങ്ങ് ജീവനുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു
മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.
കാലുവച്ചാല്‍ താഴ്ന്നു പോകും. മേല്‍ക്കൂര നീക്കി കോണ്‍ക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാന്‍. മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ പുറത്തെത്തിക്കും. ജീവന്റെ തുടിപ്പുകളൊന്നും മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായിട്ടില്ല. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക പാലം രക്ഷാപ്രവര്‍ത്തനത്തിന് പുതുവേഗം നല്‍കി. ഇപ്പോള്‍ സൈന്യം അവിടെ ബെയ്‌ലി പാലം നിര്‍മ്മിക്കുകയാണ്. ഇതോടെ വാഹനങ്ങള്‍ക്കും മുണ്ടക്കൈയിലേക്ക് പോകാനാകും. ജെ സി ബിയെ അടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്. അതുകൊണ്ടാണ് ബെയ്‌ലി പാലം അനിവാര്യമാകുന്നത്. വലിയ വാഹനങ്ങള്‍ പോകാന്‍ ഉതകുന്ന തരത്തിലാകും ബെയ്‌ലി പാലം നിര്‍മ്മിക്കുക. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ. അത്യാധുനിക ഉപകരണങ്ങള്‍ അനിവാര്യതയാണ്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. വീടുകളുടെ മേല്‍ക്കൂരയടക്കം ചെളിയില്‍ അമര്‍ന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാന്‍പറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. ചെളിയില്‍ പുതഞ്ഞ വീട്ടിനുള്ളില്‍ ആരെങ്കിലും ജീവനുണ്ടോ എന്ന് ആദ്യം പരിശോധിക്കും. അതിന് ശേഷമാകും തുടര്‍ രക്ഷാപ്രവര്‍ത്തനം.
ഒരു ഗ്രാമം അപ്പാടെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയില്‍ കാണാന്‍ സാധിക്കുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. 18 ലോറികള്‍ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിക്കും. ബെയിലി പാലം നിര്‍മാണം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കും. പാലത്തിന് വേണ്ടിയുള്ള പ്രാഥമിക പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നുണ്ട്.
ചൂരല്‍മല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha


























