ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും....
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്ക് വർദ്ധിച്ചതിനെ തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
നിലവിൽ അടിയൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് നാളെ മുതല്‍ രക്ഷാദൗത്യം വീണ്ടും ആരംഭിക്കുന്നത്. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക.
മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാളെ തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാലാണ് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുന്നത്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം.
അനുബന്ധ വാർത്തകൾ
ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ ഇന്ന് പ്രതികരിച്ചിരുന്നു. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ എംകെ രാഘവൻ എംപി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തെരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന വിവരം ലഭിച്ചത്.
എം കെ രാഘവൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഷിരൂർ ദുരന്തത്തിൽ അകപ്പെട്ട സഹോദരൻ അര്‍ജുനും മറ്റ് രണ്ട് കർണ്ണാടക സഹോദരങ്ങൾക്കുമായുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.
പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അധികൃതരും കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സൈലും അറിയിച്ചു.
പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തിൽ അർജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈൽ പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം..
അതേസമയം അർജുന്‍റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തെരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി. അര്‍ജുന്‍റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, എം വി ആര്‍ കാന്‍സര്‍ സെന്‍റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യകത്മാക്കിയത്. അര്‍ജുന്‍റെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha