കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...

എറണാകുളം വടുതലയിൽ വാടകവീട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. അശ്വതിയുടെ ഭർത്താവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് സ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. രണ്ട് മാസം മുൻപാണ് കുട്ടിയുടെ ചികിത്സയ്ക്കെന്ന പേരിൽ ഇവർ വടുതലയിൽ വീട് വാടകയ്ക്കെടുത്തത്.
14-ഉം 5-ഉം വയസ്സുള്ള ആൺകുട്ടികളും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ച കുട്ടികൾ. രണ്ട് ദിവസമായി വീട്ടുകാരെക്കുറിച്ച് വിവരമില്ലാതായതോടെ വിദേശത്തുള്ള വീട്ടുടമസ്ഥൻ അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മുതിർന്നവർ രണ്ടുപേരും തൂങ്ങിയ നിലയിലും കുട്ടികൾ വിഷം കഴിച്ച് കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു.
മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























