വല്ലാത്തൊരു ദുരന്തം... മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചില്‍ നിലവിലെ നദീതടത്തില്‍നിന്ന് 20 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിരീക്ഷണം; പരിശോധന നടത്തിയത് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം
ഏറെ നാശം വിതച്ച മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചില്‍ നിലവിലെ നദീതടത്തില്‍നിന്ന് 20 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധനസംഘത്തിന്റെ പ്രാഥമിക നിരീക്ഷണം.
ഇത്രയും ഉയരത്തില്‍ ഉരുള്‍പൊട്ടിയെത്തിയതിന് പിന്നിലുള്ള ചാലകശക്തിയെന്തെന്നതിനെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. 2020-ല്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടിയതിന്റെ പാറയടക്കമുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇതേ നദീതടത്തിലുണ്ട്. ഇതും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് കാരണമായെന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞു.
ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത മേഖലകളില്‍ ചൊവ്വാഴ്ച ഉച്ചവരെ പരിശോധന നടത്തിയത്. 15 വരെ പരിശോധന തുടരും.
20 മീറ്ററിലധികം ഉയരത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായതും പുഴയെക്കാള്‍ കൂടുതല്‍ വിസ്തൃതിയില്‍ ഒഴുകിയതും ദുരന്തമേഖലയില്‍നിന്ന് വ്യക്തമാണ്. മുന്‍പുണ്ടായ ഉരുള്‍പൊട്ടലിലെ അവശിഷ്ടങ്ങള്‍ ആദ്യം മലവെള്ളപ്പാച്ചിലിനെ തടയണപോലെ തടയുകയും പിന്നീട് ഒരുമിച്ചൊഴുകുകയും ചെയ്തിട്ടുണ്ടാകാം. ഇത് വിശദമായി പഠിക്കേണ്ടതുണ്ടെന്നും സംഘം അറിയിച്ചു.
മേഖലയില്‍ സുരക്ഷിതമായ പ്രദേശങ്ങളേതെന്നും സംഘം അടയാളപ്പെടുത്തും. ഇതേത്തുടര്‍ന്നായിരിക്കും ദുരന്തബാധിത പ്രദേശത്ത് താമസം അനുവദിക്കണമോ എന്ന് നിശ്ചയിക്കുന്നത്.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായി പരിശോധിച്ചു. മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ചു. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യതകള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ജലവിഭവ വികസന വിനിയോഗ കേന്ദ്ര (സി.ഡബ്ല്യു.ആര്‍.ഡി.എം.)ത്തിലെ പ്രകൃതിദുരന്ത പഠനകേന്ദ്രത്തിന്റെ മേധാവി ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
അതേസമയം വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിത ക്യാമ്പുകളില്‍നിന്ന് വാടക വീടുകളിലേക്ക് മാറുന്ന കുടുംബത്തിന് മാസം 6000 രൂപവരെ സംസ്ഥാന സര്‍ക്കാര്‍ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്കു മാറുന്ന കുടുംബങ്ങള്‍ക്കും ഇതേ തുക നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക ലഭ്യമാക്കുക.
സര്‍ക്കാര്‍ ഉടമസ്ഥതയിലോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായോ വിട്ടുനല്‍കുന്ന ഇടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് വഴി താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും ഈ സഹായം ഉണ്ടാകില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സംഭവങ്ങളില്‍ ശേഷിക്കുന്ന തുക (പരമാവധി 6000 വരെ) മാസവാടകയായി നല്‍കും.
ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കാന്‍ നേരത്തെ ഉത്തരവായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ദിവസം 300 രൂപ വീതവും കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളില്‍ മൂന്നു പേര്‍ക്കും ദിവസം 300 രൂപ വീതം 30 ദിവസത്തേക്ക് നല്‍കാനും തീരുമാനിച്ചിരുന്നു.
"
https://www.facebook.com/Malayalivartha