തുമരക്കാവില്‍ തീവണ്ടി തട്ടി മരിച്ചയാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.... മരിച്ചത് പത്തനംതിട്ട സ്വദേശി, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടു പോയി

തുമരക്കാവില്‍ തീവണ്ടി തട്ടി മരിച്ചയാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.... മരിച്ചത് പത്തനംതിട്ട സ്വദേശി, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കോയമ്പത്തൂര്‍ കണ്ണൂര്‍ എക്സ്പ്രസ് തട്ടി പത്തനംതിട്ട നാരങ്ങാനം, കണമുക്ക് സ്വദേശി മാവുങ്കമണ്ണില്‍ മുഹമ്മദ് നാസര്‍ (58) മരിച്ചത്. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.
വിദേശത്ത് ജോലി നിര്‍ത്തി നാട്ടിലെത്തി വെണ്ണിക്കുളത്ത് തുണിക്കട നടത്തിവന്ന മുഹമ്മദ് നാസറിനെ കോഴഞ്ചേരി കാട്ടൂരില്‍നിന്ന് കഴിഞ്ഞ 28നാണ് കാണാതായത്. ബന്ധുവായ പോലീസുകാരന് തിരൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തിരുവല്ല ബസ് സ്റ്റാന്‍ഡില്‍നിന്ന് അദ്ദേഹം ബസില്‍ കയറുന്ന സി.സി.ടി.വി.ദൃശ്യം ലഭിച്ചിരുന്നു. തിരൂരില്‍ ഇദ്ദേഹം എന്തിനെത്തിയെന്നും തീവണ്ടി തട്ടിയതെങ്ങിനെയെന്നും അറിവായിട്ടില്ല .
തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ഫ്രീസറില്‍ നിന്ന് പുറത്തേക്കെടുത്തപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം മോര്ച്ചറിയ്ക്കുള്ളിലും പരിസരത്തും വ്യാപിക്കുകയായിരുന്നു. ഫ്രീസര്‍ പ്രവര്‍ത്തിക്കാത്തത് കാരണമാണ് മൃതദേഹം ചീഞ്ഞളിഞ്ഞതെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും കാണിച്ച് സഹോദരന് ഷാജഹാന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.
പരേതരായ മാവുങ്കമണ്ണില്‍ അബ്ദു റഹിമാന്റെയും ജമീലയുടെയും മകനാണ് മരണപ്പെട്ട മുഹമ്മദ് നാസര്‍. ഭാര്യ: നസീറ രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























