വിവാദങ്ങളുടെ കുത്തൊഴുക്കാണ് ഈ സർക്കാരിന്റെ കാലത്ത്, ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കി; പ്രതിപക്ഷ നേതാവ്

വിവാദങ്ങളുടെ കുത്തൊഴുക്കാണ് ഈ സർക്കാരിന്റെ കാലത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വടകരയിൽ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താനാണ് സി.പി.എം കാഫിർ വിവാദമുണ്ടാക്കിയത്. യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു വ്യാജ സ്‌ക്രീൻ ഷോട്ട്. കാസിമും പാറയ്ക്കൽ അബ്ദുള്ളയും സ്വീകരിച്ച ധീരമായ നിലപാടുകളെ തുടർന്നാണ് സി.പി.എം നേതാക്കൾ തന്നെയാണ് കാഫിർ വിവാദം ഉണ്ടാക്കിയതെന്ന് വ്യക്തമായത്.
ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കി ഭൂരിപക്ഷ സമൂദായത്തിന്റെ വോട്ട് നോടിയെടുക്കാനുള്ള ഹീനമായ ശ്രമമാണ് സി.പി.എം വടകരയിൽ നടത്തിയത്. വർഗീയ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘപരിവാർ പോലും സി.പി.എമ്മിന് മുന്നിൽ നാണിച്ച് തലതാഴ്ത്തി നിൽക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. കാഫിർ വിവാദം മാർക്‌സിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ കറുത്ത ഏടായി മാറുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത നേതാക്കളുടെ പാർട്ടിയായി സി.പി.എം അധപതിച്ചിരിക്കുന്നു.
ഇരകൾ നൽകിയ മൊഴികളും തെളിവുകളും അടിസ്ഥാനമാക്കി ജസ്റ്റിസ് ഹേമ തയാറാക്കിയ റിപ്പോർട്ടാണ് നലര വർഷം ഈ സർക്കാർ പൂഴ്ത്തിവച്ചത്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പരമ്പര നടന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നടപടി എടുക്കാതെ ഒളിപ്പിച്ചു വച്ച മുഖ്യമന്ത്രിയും രണ്ട് സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും പോക്‌സോ ആക്ടും ഭാരതീയ ന്യായ സംഹിത അനുസരിച്ച് ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്. പുറത്തു വിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും വിവരാവകാശ കമ്മിഷൻ ആവശ്യപ്പെടാത്ത പേജുകൾ കൂടി സർക്കാർ വെട്ടിമാറ്റിയത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
റിപ്പോർട്ട് പുറത്തു വിടുമ്പോൾ ഇരകളുടെ വിവരങ്ങൾ പുറത്തു വിടരുതെന്നത് ഉൾപ്പെടെയുള്ള സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ സർക്കാരിന് നൽകിയ കത്തിനെയും മുഖ്യമന്ത്രി ദുർവ്യാഖ്യാനം ചെയ്തു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്.
റിപ്പോർട്ട് പുറത്തു വിട്ടപ്പോൾ ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പകരം വേട്ടക്കാരുടെ സ്വകാര്യതയാണ് പിണറായി വിജയൻ സംരക്ഷിച്ചത്. ലൈംഗികാരോപണ വിധേയനായ സി.പി.എം എം.എൽ.എയ്‌ക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ് ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടും വേട്ടക്കാരനെ സർക്കാർ കുടപിടിച്ച് സംരക്ഷിക്കുകയാണ്. പിണറായി സർക്കാർ സമം സ്ത്രീവിരുദ്ധ സർക്കാർ എന്നാണ് ഇവർ തെളിയിച്ചത്. സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ അവർക്കൊപ്പം നിൽക്കുന്നതിന് പകരം വേട്ടക്കാർക്കൊപ്പമാണ് ഈ സർക്കാർ നിൽക്കുന്നത്.
പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഉപജാപകസംഘത്തിലെ രണ്ടു പേരുടെ പേരുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇനിയും കൂടുതൽ പേരുകൾ പുറത്തുവരും. സാമൂഹിക വിരുദ്ധരുടെ സങ്കേതമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സ്വർണക്കടത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ജയിലിലിലായി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിത ബന്ധമാണ് അന്ന് മുഖ്യമന്ത്രിയെയും കൂട്ടരെയും സ്വർണക്കടത്തിൽ നിന്നും രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സ്വർണക്കടത്തിനും സ്വർണം പൊട്ടിക്കലിനും ഒത്താശ ചെയ്യുന്ന ഗൂഡസംഘത്തിന് നേതൃത്വം നൽകുന്നെന്നാണ് ഭരണകക്ഷി എം.എൽ.എയാണ് ആരോപിക്കുന്നത്.
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കൊലപാതകം നടത്തിയിട്ടുണ്ടെന്നു വരെയാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്ക് ആ കസേരയിൽ തുടരാൻ നാണമുണ്ടോ? മന്ത്രിമാരുടെ ഫോൺ പോലും എ.ഡി.ജി.പി ചോർത്തുകയാണ്. എന്നിട്ടും അത് ചോദിക്കാൻ തന്റേടമുള്ള ഒരു മന്ത്രിയും ഈ മന്ത്രിസഭയിൽ ഇല്ലാതെ പോയി. സ്‌കോട്‌ലൻഡ് യാർഡിനെ വെല്ലുന്ന കേരള പൊലീസിനെയാണ് പിണറായി വിജയന്റെ കാലത്ത് ഏറാൻമൂളികളുടെ സംഘമാക്കി മാറ്റിയത്.
https://www.facebook.com/Malayalivartha
























